‘ഇപ്പോള്‍ പ്രതിഷേധിക്കേണ്ടത് പിണറായി വിജയന്റെ സ്ത്രീവിരുദ്ധതയ്ക്കെതിരെ മാത്രം’; ലതിക സുഭാഷിനെതിരെ ദീപ്തി മേരി വര്‍ഗ്ഗീസ്
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതാ പ്രാതിനിത്യം കുറഞ്ഞതില്‍ പ്രതിഷേധിച്ചുള്ള മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന്റെ രാജിക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ്. പരസ്യ പ്രതിഷേധം ശരിയായില്ല. തെരഞ്ഞെടുപ്പ് സമയത്തെ പ്രതിഷേധം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. എന്നാല്‍ ലതികാ സുഭാഷിന് സീറ്റ് ലഭിക്കണമായിരുന്നെന്നും ദീപ്തി പറഞ്ഞതായി ഏഷ്യാനെറ്റ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
‘പാര്‍ട്ടി ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഈ സമയത്ത് എല്ലാ സ്ത്രീകളും ഒറ്റക്കെട്ടായിനിന്ന് പിണറായി വിജയന്റെ സ്ത്രീവിരുദ്ധതയ്ക്ക് എതിരെയാണ് സമരം ചെയ്യേണ്ടത്. ഇതില്‍ വ്യക്തികള്‍ക്ക് പ്രാധാന്യമില്ല, പാര്‍ട്ടിയാണ് പ്രധാനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ എങ്ങനെ ശക്തിപ്പെടുത്തണം എന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നോക്കേണ്ടത്. സീറ്റ് കിട്ടാന്‍ താല്പര്യമുള്ള ഒരുപാട് സ്ത്രീകള്‍ ഇവിടെയുണ്ട്. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ സീറ്റിന് വേണ്ടി ശ്രമിച്ചിട്ടുണ്ടാവാം. പക്ഷേ, സീറ്റ് ലഭിച്ചില്ല എന്നതുകൊണ്ട് പാര്‍ട്ടിയെ മോശമാക്കുന്ന തരത്തില്‍ ഒരു പ്രകടനം വേണമായിരുന്നോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്’, ദീപ്തി മേരി വര്‍ഗ്ഗീസ് പറഞ്ഞു.
ലതികാ സുഭാഷിന്റെ രാജി പ്രഖ്യാപനത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് കിട്ടാത്തതിന് ആരെങ്കിലും തലമുണ്ഡനം ചെയ്യുമോ എന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. ലതികയ്ക്ക് മറ്റെന്തെങ്കിലും കാരണുണ്ടാവാം എന്നും അദ്ദേഹം പ്രതികരിച്ചു. ‘ഒരു സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിന് ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ? ഒരിക്കലും ചെയ്യില്ല. അവര്‍ക്ക് മറ്റെന്തെങ്കിലും പ്രധാനപ്പെട്ട കാരണമുണ്ടായിരിക്കാം. ലതികാ സുഭാഷുമായി കൃത്യമായി സംസാരിച്ചതാണ്. കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിച്ച് കൊടുത്തതാണ്’, മുല്ലപ്പള്ളിയുടെ വിശദീകരണം ഇങ്ങനെ.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ് രാജി പ്രഖ്യാപിച്ച് പ്രതിഷേധിച്ചത്. ’32 വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിച്ച ഒരു പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ഏതെങ്കിലും ഒരു അപ്പക്കഷ്ണത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് ഇത്തരമൊരു നിലപാടാണ്. ഇനിയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടെടുത്ത് സ്ത്രീകളെ അംഗീകരിക്കണം. അതിന് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ആരോടും പരിഭവമില്ല. ആരോടുമുള്ള പോരല്ല. ഞാന്‍ വേറൊരു പാര്‍ട്ടിയിലും പോവില്ല. ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കണമെന്ന് എന്നോട് എല്ലാവരും പറയുന്നുണ്ട്. അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല’, ലതിക സുഭാഷ് രാജി വെച്ചുകൊണ്ട് പറഞ്ഞതിങ്ങനെ.
പാര്‍ട്ടിക്കുവേണ്ടി അലയുന്ന സ്ത്രീകളെ കോണ്‍ഗ്രസ് പരിഗണിച്ചതേ ഇല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു ജില്ലയില്‍ ഒരു വനിതയെ എങ്കിലും പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. ഷാനിമോള്‍ ഉസ്മാന് അടക്കമുള്ളവര്‍ക്ക് സീറ്റ് കിട്ടിയതില്‍ സന്തോഷിക്കുന്നെന്നും അവര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ സീറ്റ് താന്‍ പ്രതീക്ഷിച്ചിരുന്നു. 16 വയസ്സു മുതല്‍ ഈ പ്രസ്ഥാനത്തോടൊപ്പം നില്ക്കുന്ന ആളാണ് താന്‍. ഇപ്പോള്‍ എംഎല്‍എമാരായി ഇരിക്കുന്ന അനിയന്മാരേക്കാളും സീനിയോരിറ്റി തനിക്കുണ്ട് . എല്ലാ തെരഞ്ഞെടുപ്പിലും താന്‍ തഴയപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.