അത്രയ്ക്ക് ചീപ്പല്ല ഞാന്‍, കരുണാകരന് അതല്ല പഠിപ്പിച്ചത്’; വിവാദങ്ങള്‍ക്ക് പിന്നില്‍ സംഘടിത നീക്കമെന്ന് കെ മുരളീധരന്
കോഴിക്കോട്: നേമത്തെ തര്‍ക്കങ്ങള്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമ്പോള്‍ത്തന്നെ തീരേണ്ടതായിരുന്നെന്ന് കെ മുരളീധരന് എംപി. പക്ഷേ, അവിടെ ശക്തന്, ദുര്ബലന് എന്നൊക്കെയുള്ള അനാവശ്യ ചര്‍ച്ചകള്‍ വന്നു. ഇവയ്ക്കെല്ലാം പിന്നില്‍ സംഘടിതമായ നീക്കങ്ങളാണെന്നും മുരളീധരന് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
‘ഉമ്മന്‍ ചാണ്ടിയുടെ പേര് നേമത്തേക്ക് വന്നതിന് പിന്നില്‍ സംഘടിതമായ ശ്രമങ്ങളുണ്ട്. നിങ്ങള്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറാണോ എന്ന് എഐസിസി അംഗങ്ങളോ ഉമ്മന്‍ ചാണ്ടിയോ മുല്ലപ്പള്ളിയോ ചെന്നിത്തലയോ എന്നോട് ചോദിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് നേമത്ത് മത്സരിക്കാന്‍ ഞാന്‍ സന്നദ്ധത അറിയിച്ചു എന്ന തരത്തില്‍ വാര്‍ത്ത വന്നതെന്ന് അറിയില്ല’, മുരളീധരന് വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മത്സരിക്കുമെന്ന് താനൊരിക്കലും പറയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ‘അത്രയ്ക്ക് ചീപ്പല്ല ഞാന്‍. കേന്ദ്രമന്ത്രിയാക്കും എന്ന് മോഹിച്ചിട്ടല്ല വടകരയില്‍നിന്നും മത്സരിച്ചത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കി ഭരിച്ചാല്‍പോലും ആന്റണി, തരൂര്‍, കൊടിക്കുന്നില്‍ എന്നീ മുന്മന്ത്രിമാരും ഘടകകക്ഷി നേതാക്കളുമുള്ളപ്പോള്‍ മന്ത്രിസ്ഥാനം കിട്ടില്ലെന്ന് എനിക്കുറപ്പാണ്’.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്നും പ്രതിഫലത്തിന് വേണ്ടിയല്ല താന്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതല്ല തന്നെ കെ കരുണാകരന് പഠിപ്പിച്ചത്. നേമത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാം. അതൊരു വെല്ലുവിളിയായി പാര്‍ട്ടി കാണുന്നെങ്കില്‍ ഏറ്റെടുക്കാന്‍ ഒരു മടിയുമില്ല. അല്ലാതെ, ഇഴഞ്ഞുകയറിച്ചെന്ന് സീറ്റ് ചോദിക്കുന്ന ആളല്ല താനെന്നും മുരളീധരന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ത്തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹം. അദ്ദേഹം മണ്ഡലം മാറുന്നതിനോട് ആദ്യമേ വിയോജിപ്പ് പ്രകടിപ്പിച്ച ആളാണ് താനെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.