പിസി ചാക്കോ എന്‍ഡിഎയിലേക്കോ?; പ്രചാരണം തള്ളുന്നില്ലെന്ന് പ്രതികരണം
എന്‍ഡിഎ പ്രവേശനം തള്ളാതെ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച മുതിര്‍ന്ന നേതാവ് പിസി ചാക്കോ. എന്‍ഡിഎയുടെ ഭാഗമാവുമെന്ന പ്രചാരണം തള്ളികളയുന്നില്ല, നാളെ എന്ത് എന്ന കാര്യത്തില്‍ തീരുമാനം വൈകില്ലെന്നും പിസി ചാക്കോ പറഞ്ഞു. മാധ്യമം ദിനപത്രത്തോടായിരുന്നു പിസി ചാക്കോയുടെ പ്രതികരണം.
‘എന്‍ഡിഎയുടെ ഭാഗമാവുമെന്ന പ്രചാരണം സ്വാഭാവികമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രമുഖര്‍ ഒരാള്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുമ്പോള്‍ അത്തരം പ്രചാരണങ്ങള്‍ ഉണ്ടാവും. അത് തള്ളുന്നില്ല. നാളെ എന്ത് എന്ന കാര്യത്തില്‍ തീരുമാനം വൈകില്ല. രാഷ്ട്രീയ നിലപാട് സംബന്ധിച്ച തീരുമാനം ഉടനുണ്ടാവും. വിവിധ തലങ്ങളില്‍ ചര്‍ച്ച തുടരുകയാണ്.’ പിസി ചാക്കോ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കുകയെന്ന തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നും മാസങ്ങളായി ഇത് സംബന്ധിച്ച ആലോചനയിലായിരുന്നുവെന്നും പിസി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി തന്നെ ഏറെ വേദനിപ്പിച്ചു, പീന്നീട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ജനാധിപത്യ വിരുദ്ധ നടപടികള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും പിസി ചാക്കാ വ്യക്തമാക്കി.
പിസി ചാക്കോ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള അസംതൃപ്തരെ മുന്നണിയിലേക്ക് എത്തിക്കാന്‍ എന്‍ഡിഎ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ബിജെപിയിലേക്ക് വരാന്‍ താല്പര്യമില്ലാത്തവരെ ഘടകകഷികള്‍ വഴി ഒപ്പം കൂട്ടാനാണ് എന്‍ഡിഎ ശ്രമം.
ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണ് പിസി ചാക്കോയെ തുഷാര്‍ വെള്ളാപ്പള്ളി ബിഡിജെഎസിലേക്ക് ക്ഷണിച്ചതെന്നും ഇത്തരത്തില്‍ വരുന്നവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതുള്‍പ്പെടെ ഉന്നത പദവികളാണ് വാഗ്ദാനം ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് തുഷാര്‍വെള്ളാപ്പള്ളി പിസി ചാക്കോയെ ബിഡിജെഎസിലേക്ക് സ്വാഗതം ചെയ്തത്.
എന്നാല്‍ താന്‍ ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്ന് പിസി ചാക്കോ രാജിക്ക് പിന്നാലെ പ്രതികരിച്ചിരുന്നു. ബിജെപി നേതൃത്വവുമായി താന്‍ ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ നേതാവിന് ആ പാര്‍ട്ടിയേക്കുറിച്ച് അറിയില്ലെന്ന് പി സി ചാക്കോ പരിഹസിച്ചു.