ഇന്ത്യ-പാക് സംഘര്‍ഷം: അടുത്ത ആഴ്ച മുതല്‍ അറബിക്കടലില്‍ നാവികാഭ്യാസം; പടിഞ്ഞാറന്‍ തീരമേഖലകളില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നു;ജവാന്റെ മൃതദേഹം വികൃതമാക്കിയവര്‍ക്ക് തിരിച്ചടി നല്‍കുമെന്ന് സൈന്യം
ന്യൂഡല്‍ഹി: ഇന്ത്യപാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യന്‍ നാവികസേന ശക്തിപ്രകടനത്തിന് ഒരുങ്ങുന്നു. അടുത്ത ആഴ്ച മുതല്‍ അറബിക്കടലില്‍ നാവികാഭ്യാസം ആരംഭിക്കും. ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ശക്തിപ്രകടനത്തിന് ഒരുക്കിയിരിക്കുന്നതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. യുദ്ധവിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും ഡ്രോണുകളും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കും.
അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കരസേനയും വ്യോമസേനയും കൂടുതല്‍ ജാഗ്രത പാലിക്കുന്ന സാഹചര്യത്തിലാണ് നാവികസേനയും സൈനികാഭ്യാസത്തിന് ഒരുങ്ങിയിരിക്കുന്നത്. കിഴക്കന്‍ തീരമായ ബംഗാള്‍ ഉള്‍ക്കടലിലും സൈനിക വിന്യാസം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ വലിയ ഭീകരാക്രമണത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് നാവികസേനയുടെ നീക്കം. അതേസമയം, പാക് സൈനിക മേധാവി റഹീല്‍ ഷെരീഫിന്റെ വിരമിക്കലിനോടടുത്ത് പാകിസ്താന്റെ ഭാഗത്തുനിന്നും പ്രകോപനമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
കഴിഞ്ഞ ദിവസം ചാരവൃത്തിക്ക് ഡല്‍ഹിയില്‍ പിടിയിലായ മെഹ്മൂദ് അഖ്തര്‍ ഇന്ത്യയില്‍ നിന്ന് ചോര്‍ത്താന്‍ ശ്രമിച്ചത് പടിഞ്ഞാറന്‍ തീരമേഖലയിലെ സുരക്ഷ സംബന്ധിച്ച വിവരങ്ങളായിരുന്നു. അതിനാല്‍ പടിഞ്ഞാറന്‍ തീരമേഖലകളില്‍ സുരക്ഷ ശക്തിപ്പെടുത്താനാണ് തീരുമാനം.
മുംബൈ ഭീകരാക്രമണത്തിന് സമാനമായ ഭീകരാക്രമണം നടത്താനാണ് ഐഎസ്ഐ ചാരനായ ഇയാള്‍ തീരമേഖലയിലെ സൈനിക വിന്യാസം ചോര്‍ത്താന്‍ ശ്രമിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മുംബൈ ആക്രമണത്തിനായി പാക് ഭീകരര്‍ എത്തിയത് പടിഞ്ഞാറന്‍ തീരം വഴിയായിരുന്നു.
അതേസമയം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം വികൃതമാക്കി അനാദരവ് കാട്ടിയവര്‍ക്ക് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പ് നല്കി. ഉധംപൂര്‍ കേന്ദ്രമായുള്ള സൈന്യത്തിന്റെ വടക്കന്‍ കമാന്‍ഡാണ് സൈനികന്റെ മൃതദേഹത്തോടുപോലും നിഷ്ഠൂരമായി പെരുമാറിയവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി പ്രസ്താവനയിറക്കിയത്. അതിര്‍ത്തിയിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ പാക് സംഘങ്ങളുടെ പ്രാകൃത സ്വഭാവമാണ് സൈനികന്റെ മൃതദേഹം വികൃതമാക്കിയതിലൂടെ വെളിപ്പെടുന്നതെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സൈനികന്റെ മൃതദേഹം വികൃതമാക്കിയ ഭീകരര്‍, പിന്നീട് പാക് അധീന കശ്മീരിലേക്ക് രക്ഷപ്പെടുകയായിരുന്നു. അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പിന്റെ മറവിലാണ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇതു തടയാനുള്ള ശ്രമത്തിനിടെ വെടിയേറ്റാണ് സൈനികന് വീരമൃത്യു വരിച്ചത്.
അതേസമയം, ജമ്മു കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനം തുടരുകയാണ്. പാകിസ്താന് അതിര്‍ത്തിരക്ഷാ സേനാ വിഭാഗമായ പാക് റേഞ്ചേഴ്സ് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചു. കുപ്വാരയിലെ മാച്ചില്‍ സെക്ടറില്‍ ശനിയാഴ്ച രാവിലെയുണ്ടായ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ ജവാന് കൂടി വീരമൃത്യു വരിച്ചു. രാവിലെ കത്വ ആര്‍എസ് പുര, ഹീരാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കത്വവയില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. രാവിലെ 7.20 നായിരുന്നു ആക്രമണം.
കഴിഞ്ഞ ഏതാനും ദിവസമായി അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങള്‍ ലക്ഷ്യമാക്കിയാണ് പാകിസ്താന് ആക്രമണം നടത്തുന്നത്. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ രണ്ടു ഗ്രാമീണര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. അതിന് മുന്‍പ് ആറു വയസ്സുകാരനടക്കം രണ്ടു പേര്‍ക്ക് പാകിസ്താന് ആക്രമണത്തില്‍ ജീവന് നഷ്ടമായിരുന്നു. പാക് സേനയുടെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനത്തിന് ഇന്ത്യന്‍ സേന ശക്തമായ തിരിച്ചടിയാണു നല്‍കുന്നത്. മുന്‍ നിരയിലുള്ള പാക് റേഞ്ചേഴ്സ് സൈനികരാണ് ഏറെയും കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈനികന് ഗുര്‍നാം സിങ് കൊല്ലപ്പെട്ടതിനു ശേഷമുള്ള തിരിച്ചടിയില്‍ 15 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ബിഎസ്എഫ് അറിയിച്ചു.