സ്ഥാനാര്‍ത്ഥിബന്ധു ചാണ്ടി സാറിന്റെയായാലും ബാലന് സഖാവിന്റെയായാലും!’ ജനം ഊളത്തരമെന്ന് വിളിക്കുമെന്ന് രശ്മിത
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ ഇടംനേടിയതിനെ വിമര്‍ശിച്ച് അഭിഭാഷക രശ്മിത രാമചന്ദ്രന്. അച്ഛനു ശേഷം മക്കള്‍, ഭര്‍ത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവര് എന്നങ്ങു തീരുമാനിച്ചാല്‍ ജനം ഊളത്തരമെന്ന് വിളിക്കുമെന്നും അത് ചാണ്ടി സാറിന്റെയായാലും ബാലന് സഖാവിന്റെയായാലും ശരിയെന്ന് രശ്മിത രാമചന്ദ്രന് പറഞ്ഞു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടുമാണ് എന്ന പറഞ്ഞുകൊണ്ടാണ് രശ്മിതയുടെ വിമര്‍ശനം.
രശ്മിതയുടെ വാക്കുകള്‍: ”രാഷ്ട്രീയപ്പാര്‍ട്ടികളോട് മൊത്തമായാണ്. ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നത്, വംശാധിപത്യത്തിലല്ല. അച്ഛനു ശേഷം മക്കള്‍, ഭര്‍ത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവര് എന്നങ്ങു തീരുമാനിച്ചാല്‍ അതിനെ ജനം ഊളത്തരമെന്നു മാത്രമേ വിളിയ്ക്കൂ – അതിനി സ്ഥാനാര്‍ത്ഥിബന്ധു ചാണ്ടി സാറിന്റെയായാലും ശരി ബാലന് സഖാവിന്റെയായാലും ശരി!”
തരൂരില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ ജമീലയെയാണ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുടയിലേക്ക് സിപിഐഎം നേതാവ് ആര് ബിന്ദുവിന്റെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തി. എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി വഹിക്കുന്ന എ വിജയരാഘവന്റെ ഭാര്യയാണ് ആര് ബിന്ദു. ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെയും നിശ്ചയിച്ചിട്ടുണ്ട്.
തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയാണ് സിപിഐഎം തയ്യാറാക്കിരിക്കുന്നത്. രണ്ടു ടേം നിബന്ധന കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന കമ്മിറ്റിയും തീരുമാനമായതോടെ 5 മന്ത്രിമാര്‍ ഉള്‍പ്പെടെ 23 പേര്‍ക്കാണ് സീറ്റ് നഷ്ടമാവുന്നത്. തോമസ് ഐസക്കിനും, ജി സുധാകരനും ഇളവു വേണമെന്ന ആവശ്യം സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായില്ലെങ്കിലും പി ബി തീരുമാനപ്രകാരം അത് ഒഴിവാക്കുകയായിരുന്നു. ഐസക്കിന് പകരം പിപി ചിത്തരഞ്ജനെയും, ജി സുധാകരന് പകരം എച്ച് സലാമിനെയുമാണ് സിപിഐഎം പരിഗണിക്കുന്നത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും രണ്ട് ടേം നിബന്ധനയില്‍ ഇളവു ലഭിച്ചില്ല. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് ഇളവു നല്കാന് തീരുമാനിച്ചതോടെ കൊട്ടാരക്കരയില്‍ നിന്ന് കെ എന്‍ ബാലഗോപാലും, കളമശ്ശേരിയില്‍ നിന്ന് പി രാജീവും ഏറ്റുമാനൂരില്‍ നിന്ന് വി എന്‍ വാസനും, തൃത്താലയില്‍ എംബി രാജേഷും പട്ടികയില്‍ ഇടം പിടിച്ചു.
അരുവിക്കരയില്‍ ജില്ലാ സെക്രട്ടേറിയേറ്റിന്റെ പട്ടിക വെട്ടിയ സംസ്ഥാന സമിതി സാമുദായിക പരിഗണന പരിഗണിച്ച് ജി സ്റ്റീഫനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. ഷൊര്‍ണ്ണൂരില്‍ പി കെ ശശിയെ മാറ്റിയതോടെ സി.കെ.രാജേന്ദ്രന് സ്ഥാനാര്‍ഥിയാകും. കോഴിക്കോട് നോര്‍ത്തില്‍ നിന്ന് എ പ്രദീപ് കുമാറിന് ഒഴിവാക്കിയപ്പോള്‍ തോട്ടത്തില്‍ രവീന്ദ്രന് സിപിഐഎം സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. പി ജയരാജനും സീറ്റ് ലഭിച്ചില്ല.
സ്ഥാനാര്ത്ഥിപ്പട്ടിയില് എസ്എഫ്ഐ ഡിവൈഎഫ്ഐ നിരയില്‍ നിന്നും 6 പേര് ഇടം പിടിച്ചതാണ് ഏറെ ശ്രദ്ധേയം. കല്യാശ്ശേരി – എം വിജിന്, കോങ്ങോട് – പിപി സുമോദ്, ബാലുശ്ശേരി- സച്ചിന് ദേവ്, ബേപ്പൂര്‍ – മുഹമ്മദ് റിയാസ്, മാവേലിക്ക – എം എസ് അരുണ്‍ കുമാര്‍, പുതുപ്പള്ളി – ജെയ്ക്ക് പി തോമസ് എന്നിവരാണ് പട്ടികയിലെ ഇളമുറക്കാര്‍. വൈപ്പിനില്‍ എസ് ശര്‍മ്മയ്ക്ക് പകരം കെഎന്‍ ഉണ്ണികൃഷ്ണന്, അഴീക്കോട് കെവി സുമേഷ്, പൊന്നാനി പി.നന്ദകുമാറും മലമ്പുഴയില്‍ എ പ്രഭാകരനും സിപിഐഎം സ്ഥാനാര്‍ത്ഥികളാകും.
2016ല്‍ പൊതു സ്വതന്ത്രര്‍ ഉള്‍പ്പെടെ 92 സീറ്റുകളില്‍ മത്സരിച്ച സിപിഐഎമ്മിന് 8 സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് വിട്ടു നല്‍കിയതോടെ 84 സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുക. പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ആയില്ല. ഗുരുവായൂരിലും, പാലക്കാടും തര്‍ക്കം തുടരുകയാണ്. ബേബി ജോണിനെ ഗുരുവായൂരില്‍ മത്സരിപ്പിക്കാനാണ് സാധ്യത. സിപിഐഎം വലിയ സ്വാധീനമുള്ള റാന്നിയും, കുറ്റ്യാടിയും കേരള കോണ്‍ഗ്രസ് എമ്മിന് വിട്ട് നല്കിയതും ശ്രദ്ധേയമാണ്. എല്ലാ മണ്ഡലം ജില്ലാ കമ്മിറ്റികളും നാളെ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന് അഭിപ്രായം രേഖപ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റിന് കൈമാറും. അതിന് ശേഷമാണ് അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കുക.