‘കെടി ജലീല്‍ വഴി മുസ്ലിം പ്രീണനം, ക്രൈസ്തവര്‍ക്ക് അവഗണന; രൂക്ഷ ഭാഷയില്‍ തൃശൂര്‍ അതിരൂപതാ മുഖപത്രം
സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രതിപക്ഷത്തിനെതിരെയും വിമര്‍ശനവുമായി തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭ. സംസ്ഥാനത്ത് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ മുസ്ലിം പ്രീണനമാണ് നടത്തി വരുന്നതെന്നും ക്രൈസ്തവ സമൂഹത്തെ അവഗണിക്കുകയാണെന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് മുസ്ലിം പ്രീണനമാണ് നടത്തുന്നത്, യുഡിഎഫ് തുടര്‍ന്നു വന്ന പ്രീണനം എല്‍ഡിഎഫ് സര്‍ക്കാരും തുടരുന്നു, കെടി ജലീല്‍ വഴിയാണ് മുസ്ലിം പ്രീണനും നടക്കുന്നത്, അര്‍ഹതപ്പെട്ട പല പദവികളും ആനുകൂല്യങ്ങളും ക്രൈസ്തവ സമൂഹത്തിന് നിഷേധിച്ച് മുസ്ലിം വിഭാഗത്തിന് കൊടുക്കുന്നു എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.
ഹാഗിയ സോഫിയ വിഷയം സംബന്ധിച്ചുള്ള ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തിലും മുഖപത്രത്തില്‍ രൂക്ഷ വിമര്‍ശനമുണ്ട്. മതേരതര കേരളം ഒരു തരത്തിലും ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തിന് മാപ്പ് നല്‍കില്ലെന്ന് മുഖപത്രത്തില്‍ പറയുന്നു. ഹാഗിയ സോഫിയ വിഷയത്തില്‍ എന്താണ് നടന്നതെന്ന് കൃത്യമായറിയാം എന്നാല്‍ ഇതിനെതിരെ വഴിവിട്ട ഒരു പരാമര്‍ശവും തങ്ങള്‍ നടത്തിയിട്ടില്ല. ചരിത്രത്തിന് എതിരെ പറയുന്നത് ചാണ്ടി ഉമ്മന്‍ ഗുണം ചെയ്യില്ല. ചാണ്ടി ഉമ്മന്‍ പൊതു സമൂഹത്തിന് മുന്നില്‍ അപഹാസ്യനാവുമെന്നും ഇതില്‍ എടുത്തു പറയുന്നു. ക്രൈസ്തവ സഭയെ ഒപ്പം നിര്‍ത്താന്‍ ബിജെപി പ്രത്യേക കര്‍മ്മ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കെയാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം.
നേരത്തെയും എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കെതിരെ തൃശൂര്‍ അതിരൂപത രംഗത്തു വന്നിരുന്നു. പരമ്പരാഗത വോട്ട് ബാങ്കായി ഇനി ക്രൈസ്തവ സമൂഹത്തെ കാണേണ്ടതില്ലെന്നും തങ്ങളെ പരിഗണിക്കുന്നവരോട് അനുകൂല നിലപാട് സ്വീകരിക്കുമെന്നും തൃശൂര്‍ അതിരൂപതയുടെ മുഖപത്രത്തില്‍ പറഞ്ഞിരുന്നു.
‘സ്ഥിതിഗതികള്‍ മാറി. തങ്ങളുടെ അവസ്ഥയെകുറിച്ച് അവര്‍ക്ക് ഇന്ന് വ്യക്തമായ ധാരണയുണ്ട്. പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കപ്പെടാന്‍ ഇനി അവര്‍ തയ്യാറല്ല. രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാനും സര്‍ക്കാര്‍ സംരംഭങ്ങളില്‍ നീതിപൂര്‍വ്വം പരിഗണിക്കാനും തയ്യാറാവുന്നവരോട് അനുകൂലമായ നിലപാടാണ് സഭാ വൃത്തങ്ങളിലെ ചര്‍ച്ചകളില്‍ ഉരുതിരിയുന്നത്. എന്നാല്‍ മൂന്ന് മുന്നണികളേയും തള്ളികളയുന്നില്ല.’ സഭാ നേതൃത്വത്തെ ഉദ്ധരിച്ച് മുഖപത്രം റിപ്പോര്‍ട്ട് ചെയ്തു.