തെരഞ്ഞെടുപ്പ്; സ്ക്വാഡുകള്‍ നിരീക്ഷണം തുടങ്ങി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായുള്ള സ്ക്വാഡുകള്‍ ജില്ലയിലെ എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും. ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് സ്ക്വാഡ്, ഫ്ളയിംഗ് സ്ക്വാഡ് എന്നിവ സേവനം തുടങ്ങിക്കഴിഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, അനധികൃതമായി സ്ഥാപിച്ചിട്ടുളള പ്രചരണ ബോര്‍ഡുകള്‍ കണ്ടെത്തി നീക്കംചെയ്യല്‍, പണം, മദ്യം എന്നിവ നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനെതിരെ ജാഗ്രത, വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകര്‍ക്കാനും ശ്രമിക്കുന്നവരെ കണ്ടെത്തുക, പണം, ആയുധങ്ങള്‍, ലഹരി വസ്തുക്കള്‍ തുടങ്ങിയവ അനധികൃതമായി കടത്തുന്നത് പിടികൂടുക തുടങ്ങിയവയാണ് സക്വാഡുകളുടെ ചുമതലകള്‍. സംശയകരമായി കാണപ്പെടുന്ന വാഹനങ്ങളും അവയിലെ യാത്രക്കാരെയും ഇവർ പരിശോധിക്കും.
ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ബി. മഞ്ജിത്ത് (പാലാ), കെ.എം. മധുസൂദനന് ( കടുത്തുരുത്തി), എസ്. ധര്മ്മജന് (വൈക്കം), സോമശേഖരന്‍ (കോട്ടയം), പി. ഫ്രാന്‍സിസ് ( പുതുപ്പള്ളി), എം.ടി.രവി (ചങ്ങനാശേരി), പി. ഐ. നൗഷാദ് (കാഞ്ഞിരപ്പള്ളി), പി. ജയന് (പൂഞ്ഞാര്‍) കിഫ്ബി വാല്യുവേഷന് അസിസ്റ്റന്റ് രാജേഷ് ജി. നായര്‍ (ഏറ്റുമാനൂര്‍) എന്നിവരുടെ നേതൃത്വത്തിലാണ് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്.
സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളിലും ഇവര്‍ നടപടി സ്വീകരിക്കും. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് ഷിഫ്റ്റുകളിലായി സ്റ്റാറ്റിക് സര്‍വ്വൈലന്‍സ് സ്ക്വാഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന നിരതമാണ്.
നാല് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് ഫ്ളൈയിംഗ് സ്ക്വാഡുകളുടെ പ്രവര്‍ത്തനം. എല്ലാ സ്ക്വാഡുകളിലും സിവില്‍ പൊലീസ് ഓഫീസര്‍മാരെയും പരിശോധന പകര്‍ത്താന്‍ വീഡിയോഗ്രാഫര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.