പ്രളയസഹായം സര്‍ക്കാര്‍ കേസില്‍ കുടുക്കിയത് മനുഷ്യത്വരഹിതം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പ്രളയദുരിതബാധിതര്‍ക്ക് സമയബന്ധിതവും നിഷ്പക്ഷവുമായി ദുരിതാശ്വാസം വിതരണം ചെയ്യാന്‍ പിഎല്‍എ (പെര്‍മനന്റ് ലോക് അദാലത്ത്)യെ ചുമതലപ്പെടുത്തിയ 2019 ലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുപ്രീംകോടതിയില്‍ കേസുണ്ടെന്ന തൊടുന്യായം പറഞ്ഞും പിഎല്‍എയ്ക്ക് ആവശ്യമായ ജീവനക്കാരെയും മറ്റും നല്‍കാതെയും ദുരിതാശ്വാസ വിതരണം സ്തംഭനത്തിലാക്കി.
ഫയലില്‍ സ്വീകരിച്ച് നമ്പരിട്ട 18,000 അപേക്ഷകളാണ് എറണാകുളം പിഎല്‍എയില്‍ മാത്രം കെട്ടിക്കിടക്കുന്നത്. നമ്പര്‍ നല്‍കാത്ത പതിനായിരക്കണക്കിന് അപേക്ഷകള്‍ വേറെയുണ്ട്. ആകെ 2 ജീവനക്കാരാണ് ഇവിടെയുള്ളത്. കോട്ടയം, ആലപ്പുഴ, ചാലക്കുടി, ഇടുക്കി തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലെ ലീഗല്‍ എയ്ഡ് സെല്ലുകളിലും കെട്ടുകണക്കിന് അപേക്ഷകളുണ്ട്.പരാതികള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്താത്തിനാല്‍ പിന്നീട് അപേക്ഷ വാങ്ങുന്നതു തന്നെ നിര്‍ത്തിവച്ചു.
സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എറണാകുളത്തെ പിഎല്‍എ ചെയര്മാന് രാജിവച്ച സംഭവം വരെയുണ്ട്.പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കോര്‍ട്ട് ഫീ സ്റ്റാമ്പുപോലും ഇല്ലാതെ അപേക്ഷിക്കാനും സാധാരണ കോടതികളിലെ നൂലാമാലകള്‍ ഒഴിവാക്കി അതിവേഗം നഷ്ടപരിഹാരം ലഭിക്കുന്നതിനുമാണ് ഹൈക്കോടതി പിഎല്‍എയെ ചുമതലപ്പെടുത്തിയത്.
ഹൈക്കോടതി നിര്‍ദേശ പ്രകാരം ആദ്യം അപേക്ഷിക്കണ്ടത് ഡെപ്യൂട്ടി കളക്ടര്‍ക്കും (ദുരന്തനിവാരണം) ഒന്നാം അപ്പീല്‍ ജില്ലാ കളക്ടര്‍ക്കും മുമ്പാകെയാണ് നല്‍കേണ്ടത്. ഇതു നിരസിച്ചാല്‍ പിഎല്‍എയെ സമീപിക്കാം. രാഷ്ട്രീയപരിഗണന ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നിരസിക്കപ്പെട്ട അപേക്ഷകളുടെ കൂമ്പാരമാണ് പിഎല്‍എയുടെ മുമ്പിലുള്ളത്.
സുപ്രീംകോടതിയില്‍ നല്കിയ സെപ്ഷല്‍ ലീവ് പെറ്റീഷന് പിന്‍വലിച്ചും പിഎല്‍എയ്ക്ക് കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഏര്‍പ്പെടുത്തിയും പ്രളയ ദുരിതാശ്വാസം നല്കാന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.