കുറഞ്ഞ പലിശയില്‍ നാട്ടില്‍ വായ്പയുണ്ടായിട്ടും ലാവ്ലിന്റെ കമ്പനിയില്‍ നിന്നും കൊള്ളപ്പലിശയ്ക്ക് 2150 കോടി’; കിഫ്ബിക്കെതിരായ ഇഡി കേസ് ബിജെപി- സിപിഐഎം അന്തര്‍ധാരയുടെ തെളിവെന്ന് ചെന്നിത്തല
കേരളത്തില്‍ വളര്‍ന്നു വരുന്ന ബിജെപി സിപിഎം അന്തര്‍ധാരയുടെ തെളിവാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ച ശേഷം കിഫ്ബിയ്ക്കെതിരെ കേസ് എടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിക്ക് ചോദ്യം ചെയ്യലിന് നോട്ടീസയച്ചിരിക്കുന്ന ഇഡി നടപടി നാടകമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മാത്രമല്ല, 9.732 ശതമാനം എന്ന കൊള്ള പലിശയ്ക്കാണ് ലാവ്ലിന്റെ അനുബന്ധ കമ്പനിയായ സിഡിപിക്യു വില്‍ നിന്ന് സര്‍ക്കാര്‍ 2150 കോടി രൂപ വാങ്ങിയതെന്നും ഇതിലെ നിഗൂഢത കോണ്‍ഗ്രസ് അന്നേ ചോദ്യം ചെയ്തതാണെന്നും അദ്ദേഹം ആരോപണം ഉയര്‍ത്തി.
കിഫ്ബി വഴി നടന്നത് കടുത്ത ഭരണഘടന ലംഘനമാണെന്ന് 2019ല്‍ തന്നെ കോണ്‍ഗ്രസ് നിയമസഭയ്ക്കകത്തും പുറത്തും ചൂണ്ടി കാണിച്ചിട്ടുള്ളതാണ്. അന്നൊന്നും അനങ്ങാതിരുന്ന ഇഡി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ പോകുന്നു എന്ന നിലവിളി കൂട്ടാന്‍ ഇടതുപക്ഷത്തിന് അവസരം നല്കാന് വേണ്ടിയാണ്.
ഇടതുമുന്നണിയെ പോലെ ഭരണത്തില്‍ വരുമ്പോള്‍ മാത്രം വികസനത്തെ പറ്റി പറയുന്നതല്ല യുഡിഎഫ് നയം. വികസനം അനിവാര്യമാണ്. വികസനത്തെയല്ല അതിന്റെ മറവില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ കൊള്ളയെയാണ് യുഡിഎഫ് എതിര്‍ക്കുന്നത്. 9.732 ശതമാനം എന്ന കൊള്ള പലിശയ്ക്കാണ് ലാവ്ലിന്റെ അനുബന്ധ കമ്പനിയായ സിഡിപിക്യു വില്‍ നിന്ന് സര്‍ക്കാര്‍ 2150 കോടി രൂപ വാങ്ങിയത്. ഇതിലും കുറഞ്ഞ പലിശയില്‍ നാട്ടില്‍ വായ്പ ലാഭ്യമായിട്ടും നടത്തിയ ഈ നിഗൂഢമായ ഇടപാടിനെ കോണ്‍ഗ്രസ് അന്നേ ചോദ്യം ചെയ്തതാണ്. ലണ്ടന്‍ ഓഹരി വിപണിയില്‍ മുഖ്യമന്ത്രി പോയി വിപണനം ആരംഭിക്കുന്നതിന് മുന്‍പേ ഈ മസാല ബോണ്ടുകളുടെ വില്പന നടന്നിരുന്നു എന്നും പ്രതിപക്ഷം അന്ന് ചൂണ്ടി കാണിച്ചതാണ്.
തോമസ് ഐസക്ക് നടത്തിയ വെല്ലുവിളി ഒരു തമാശ മാത്രമാണ്. സംയുക്തമായി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് സുരക്ഷിതമായി ഇരുന്നു കൊണ്ട് വെല്ലുവിളി നടത്തുന്നത് പരിഹാസ്യമാണ്.
ശ്രീഎമ്മിന് കേരളത്തില്‍ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും നിഗൂഢമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പുറത്തു വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് സിപിഎം ആര്‍എസ്എസ് ബന്ധത്തിന്റെ ഇടനിലക്കാരനാണ് ശ്രീ എം. ഈ വാര്‍ത്തകള്‍ സിപിഎം കേന്ദ്രങ്ങള്‍ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനുള്ള ഉപകാര സ്മരണയാണോ ഈ ഭൂമിദാനം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കാലങ്ങളായി ഇവിടെ പ്രവര്‍ത്തിക്കുന്നതോ സമൂഹത്തിനു കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളതോ അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ഇത്രയും സ്ഥലം നല്‍കുന്നത് കേട്ടു കേള്‍വി പോലും ഇല്ലാത്തതാണ്. ആര് എസ്എസ്സും സിപിഎമ്മുമായി ഇത്തരം ഒരു രഹസ്യ ചര്‍ച്ച നടന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമക്കണം. സിപിഎം ആര്‍എസ്എസ് ബന്ധത്തെപ്പറ്റിയുള്ള ഞങ്ങളുടെ ആരോപണങ്ങള്‍ ഇതുവരെ സിപിഎം നിഷേധിചിട്ടില്ലെന്നും കേരളത്തില്‍ വളര്‍ന്നു വരുന്നത് ഒരു അവിശുദ്ധ കൂട്ടുകെട്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ തിരഞ്ഞെടുപ്പ് കാലത്ത് അപകടകരമായ ഈ കൂട്ടുകെട്ടിനെതിരെ കേരളത്തിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.