‘കേരളത്തില്‍ നിന്നൊരു കാശും കിട്ടിയില്ല’; നേമത്തെ വികസനങ്ങള്‍ കേന്ദ്രസഹായത്തോടെയെന്ന് സുരേന്ദ്രന്
ഒ രാജഗോപാല്‍ നേമം മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മണ്ഡലത്തിന് കേരളത്തില്‍ നിന്നൊരു കാശും കിട്ടിയിട്ടില്ലെന്നും സുരേന്ദ്രന് ആരോപിച്ചു. പുതുപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍.
സുരേന്ദ്രന്റെ വാക്കുകള്‍:
”പുരോഗതിയുണ്ടായെന്ന് പറയുന്ന ഏത് മണ്ഡലമുണ്ട് കേരളത്തില്‍. പിണറായി വിജയന്റെ ധര്‍മടത്ത് ചെന്നാലും ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയില്‍ വന്നാലും രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ചെന്നാലും കാര്യമായ ഒരു വികസനവും നടക്കുന്നില്ല. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന പ്രചരണമുണ്ടായിരുന്നു. ഒ രാജഗോപാല്‍ ഒന്നാന്തരം വികസനങ്ങളാണ് നേമത്ത് നടത്തിയത്. കേരളത്തില്‍ നിന്നൊരു കാശും കിട്ടിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെയും മറ്റു ഏജന്‍സികളുടെയും സഹായത്തോടെ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നേമത്ത് കൊണ്ടുവന്നത്. ഉമ്മന്‍ചാണ്ടിയെ ഞാന്‍ നേമത്തേക്ക് സ്വാഗതം ചെയ്യുന്നു. അവിടെ നല്ലൊരു മത്സരം നടക്കട്ടേ.”
ഉമ്മന്‍ചാണ്ടി ഭരണവും പിണറായി വിജയന് ഭരണവും തമ്മില്‍ ഒരു മാറ്റവുമില്ലെന്നും വഞ്ചകന്മാരുടെ ഭരണമാണ് ഇവിടെ ആവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
”ഉമ്മന്‍ചാണ്ടി ഭരണവും പിണറായി വിജയന് ഭരണവും തമ്മില്‍ ഒരു മാറ്റവുമില്ല. വഞ്ചകന്മാരുടെ ഭരണമാണ് ഇവിടെ ആവര്‍ത്തിക്കുന്നത്. വികസനം സാധ്യമാകുന്നില്ല. മൊത്തം അഴിമതിയാണ്. വര്‍ഗീയശക്തികള്‍ അഴിഞ്ഞാടുകയാണ്. കുറ്റകരമായ മൗനമാണ് ശബരിമലയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. പത്തനംതിട്ടയിലെ ശബരിമല വിഷയത്തിലെ സമരത്തിന് പോയ കോണ്‍ഗ്രസുകാരനെ ഉമ്മന്‍ചാണ്ടി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അന്ന് സമരത്തിന് പോയവരെ ഉമ്മന്‍ചാണ്ടി വിശേഷിപ്പിച്ചത് കലാപകാരികളെന്നാണ്. മുസ്ലീം ഭീകരവാദം കേരളത്തില്‍ ശക്തമായി വളരുകയാണ്. ക്രിസ്ത്യന്‍-ഹിന്ദുപെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം കഴിച്ച് സിറിയയിലേക്ക് അയക്കുകയാണ്. ക്രിസ്ത്യന്‍-ഹിന്ദുപെണ്‍കുട്ടികളെ ലക്ഷ്യംവച്ച് മതംമാറ്റുകയാണ്. ഇതില്‍ എന്താണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. 100 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതതീവ്രവാദികള്‍ ലൗ ജിഹാദ് നടത്തി സിറിയയിലേക്ക് അയക്കാന്‍ നോക്കി.”
ലോകം മുഴുവനുമുള്ള ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുന്നത് മുസ്ലീം ഭീകരരാണെന്നും സുരേന്ദ്രന് പറഞ്ഞു.
”ഹഗിയ സോഫിയ പള്ളി ഭീകരവാദികളാണ് തകര്‍ത്തത്. അതേ ഭീകരവാദികളാണ് കേരളത്തില്‍. ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും എല്ലാം ഒന്നുതന്നെയാണ്. ഹഗിയ സോഫിയ തകര്‍ത്തവര്‍ തന്നെയാണ് കേരളത്തിലും മതതീവ്രവാദം നടത്തുന്നത്. എന്താണ് ഉമ്മന്‍ചാണ്ടിയുടെ മകന് പറഞ്ഞത്, ഹഗിയ സോഫിയ പള്ളി തകര്‍ത്തത് ഭീകരവാദികളല്ല, ബാറുടമകളാണ്. ഇത് എന്ത് ന്യായം. ലോകം മുഴുവനുമുള്ള ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുന്നത് മുസ്ലീം ഭീകരരാണ്. എന്താ നിങ്ങളുടെ നിലപാട്. കോണ്‍ഗ്രസ് യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപെടണം. മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വര്‍ഗീയശക്തികളുടെ തടവറയിലാണ് നിങ്ങള്‍ നില്‍ക്കുന്നത്. അത് കേരളത്തിന് ഗുണകരമല്ല. കേരളം അപകടകരമായ നിലയിലേക്കാണ് പോകുന്നത്.”