‘സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ, ഇത്ര മണ്ടന്മാരുണ്ടോ?’; ആരോഗ്യമന്ത്രിയുടെ വാക്സിനേഷന് ചിത്രത്തില്‍ വിശദീകരണവുമായി വകുപ്പ്
വാക്സിനേഷന് സ്വീകരിച്ചതായി കാണിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി സാമൂഹിക നീതി വകുപ്പ്. ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ ചിത്രം ആവശ്യപ്പെട്ടത് പ്രകാരം പോസ് ചെയ്ത് എടുത്തതാണെന്ന് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. ചിത്രമെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയും മന്ത്രി വസ്ത്രം മാറ്റി വാക്സിനേഷന് കുത്തിവെയ്പ് എടുക്കുകയും ചെയ്തെന്നും മുഹമ്മദ് അഷീല്‍ വ്യക്തമാക്കി.
വസ്ത്രം മാറ്റിയിട്ട് വേണ്ടേ ടീച്ചര്‍ക്ക് വാക്സിനേഷന് എടുക്കാന്‍. ക്യാമറകള്‍ക്ക് മുന്നില്‍ വസ്ത്രം മാറ്റണമായിരുന്നോ? സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ആ ചിത്രത്തിന്റെ പേരില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ബുദ്ധിയില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.
ഡോ. മുഹമ്മദ് അഷീല്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ്-19 വാക്സിനേഷന് കേന്ദ്രത്തില്‍ നിന്നുമാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ കൊവിഡ് വാക്സിനേഷന് സ്വീകരിച്ചത്. ആരോഗ്യമന്ത്രി ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷ പരിഹാസവുമായി ഒരു വിഭാഗം യൂസര്‍മാര്‍ രംഗത്തെത്തി. വാക്സിനെടുക്കുന്നതായി ഭാവിച്ച് മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വസ്ത്രമുള്ള ഭാഗത്ത് ഇഞ്ചക്ഷന് നടത്തുന്നത് എങ്ങനെയാണെന്നും പ്രതികരണങ്ങളുണ്ടായി. ട്രോളുകളും സര്‍ക്കാസം കമന്റുകളും ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലെത്തിയിട്ടുണ്ട്.
ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞത്
“അത് വാക്സിനേഷന് എടുത്തതല്ല. വസ്ത്രം മാറ്റിയിട്ട് വേണ്ടേ ടീച്ചര്‍ക്ക് വാക്സിനേഷന് എടുക്കാന്‍. ക്യാമറകള്‍ക്ക് മുന്നില്‍ വസ്ത്രം മാറ്റണമായിരുന്നോ? മന്ത്രിമാരായ രാമചന്ദ്രന് കടന്നപ്പള്ളിയും ഇ ചന്ദ്രശേഖരനും കുത്തിവെയ്പ് എടുക്കുന്നതിന്റെ വീഡിയോ ഉണ്ടല്ലോ. ശൈലജ ടീച്ചര്‍ക്ക് അതുപോലെ ചെയ്യാന്‍ പറ്റുമോ? അത് പ്രായോഗികമാണോ. മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് പ്രകാരം ഒരു വാര്‍ത്താ ചിത്രത്തിന് വേണ്ടി പോസ് ചെയ്തത് തന്നെയാണ്. അതില്‍ സംശയമില്ല. അതിന് ശേഷം വസ്ത്രം മാറ്റി ടീച്ചര്‍ കുത്തിവെയ്പ് എടുത്തു.
മാധ്യമപ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. അവര്‍ മണ്ടന്മാരാണോ? കുത്തിവെയ്ക്കുന്നില്ലാ എന്നത് കണ്ടു നിന്നവര്‍ക്ക് അറിയാമല്ലോ. മാധ്യമപ്രവര്‍ത്തകര്‍ മാറിയതിന് ശേഷമാണ് കുത്തിവെയ്പ് എടുത്തത്. സ്ത്രീയാണെന്ന പരിഗണന കൊടുക്കണ്ടേ? ആ ചിത്രത്തിന്റെ പേരില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ബുദ്ധിയില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. കുത്തിവെയ്പ് എടുക്കുകയല്ല എന്നത് ചുറ്റും നിക്കുന്ന എല്ലാവര്‍ക്കുമറിയാം. എന്തൊരു അസംബന്ധമാണ് അത്തരം കമന്റുകള്‍.”
ആരോഗ്യമന്ത്രിയുടെ കുറിപ്പ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ്-19 വാക്സിനേഷന് കേന്ദ്രത്തില്‍ നിന്നും കോവിഡ് വാക്സിന് സ്വീകരിച്ചു. ഇതുവരെ നാല് ലക്ഷത്തിലധികം പേര് വാക്സിനെടുത്തു കഴിഞ്ഞു. ആര്‍ക്കും തന്നെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകള്‍ വാക്സിനെടുക്കാന്‍ വിവിധ ജില്ലകളില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മാസ് വാക്സിനേഷന് കേന്ദ്രം സംഘടിപ്പിച്ചിരുന്നു. അതുപോലെ മാസ് വാക്സിനേഷന് കേന്ദ്രങ്ങളുടെ സാധ്യതയും നോക്കുന്നതാണ്. ഇതോടെ കൂടുതല്‍ ആളുകള്‍ക്ക് ഒരേസമയം വാക്സിന് നല്കാന് സാധിക്കും. മുന്‍ഗണനാക്രമം അനുസരിച്ച് എല്ലാവരും വാക്സിന് എടുക്കേണ്ടതാണ്. പേര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവേണം വാക്സിന് എടുക്കാന്‍.
വാക്സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാല്‍ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൊട്ടടുത്ത ദിവസങ്ങളില്‍ വാക്സിന് എടുക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.