പിഎസ്.സി സമരനേതാക്കളായ ലയ രാജേഷും റിജുവും ശോഭാ സുരേന്ദ്രന്റെ വീട്ടില്‍; ചിത്രം പങ്കുവച്ച് ബിജെപി നേതാവ്
യൂത്ത് കോണ്‍ഗ്രസ് നേതാവും പിഎസ്.സി സമരത്തില്‍ സജീവമായുണ്ടായിരുന്ന റിജുവും എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധിയുമായ ലയയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയനിര്‍വാഹകസമിതി അംഗവുമായ ശോഭാ സുരേന്ദ്രനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഇരുവരും വീട്ടിലെത്തിയ ഫോട്ടോ ശോഭാ സുരേന്ദ്രന് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സമരം പിന്‍വലിച്ചതിന് പിന്നാലെയാണ് ഇരുവരും ശോഭയുടെ വീട്ടിലെത്തിയത്.
പാലക്കാട് പെരുവെമ്പ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന കൃഷ്ണന്റെ മകനാണ് റിജു. സെക്രട്ടറിയറ്റിന് മുന്നില്‍ പിഎസ്.സി ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുമ്പോള്‍, മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് റിജു പ്രതിഷേധം നടത്തിയിരുന്നു. ഒരു റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ട ആളല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ റിജുയെന്ന് മന്ത്രി തോമസ് ഐസക്കും ആരോപിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞു കയറി മണ്ണെണ്ണയൊഴിച്ച റിജു തെരുവില്‍ നാട്ടിനിര്‍ത്തിയ കണ്ണാടിയാണന്നും അതില്‍ പ്രതിഫലിക്കുന്നത് രമേശ് ചെന്നിത്തലയുടെ മുഖമാണെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു. മണ്ണെണ്ണക്കുപ്പിയും കൊടുത്ത് റിജു അടക്കമുള്ളവരെ തങ്ങള്‍ക്കിടയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ നിയോഗിക്കുന്നത് രമേശ് ചെന്നിത്തലയെപ്പോലുള്ളവരാണെന്ന് സമരം ചെയ്യുന്നവര്‍ തിരിച്ചറിയണം. ഒരു റാങ്ക് ലിസ്റ്റിലും ഉള്‍പ്പെട്ട ആളല്ല മണ്ണെണ്ണയില്‍ കുളിച്ച് അവതരിച്ചതെന്നും ഒരു തീപ്പൊരിയില്‍ സംസ്ഥാനമാകെ ആളിപ്പടരുന്ന കലാപം ലക്ഷ്യമിട്ടാണ് അവരെത്തിയതെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു.
തൃശൂര്‍ സ്വദേശിയായ ലയ സജീവ കോണ്‍ഗ്രസ് നേതാവായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൃശൂര്‍ കോര്പറേഷന് 54-ാം ഡിവിഷനില്‍ കോണ്‍ഗ്രസിനുവേണ്ടി എഡിഎസ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. ജില്ലയിലെ പിഎസ്സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട കോണ്‍ഗ്രസ് അനുകൂലികള്‍ രൂപീകരിച്ച ഗ്രൂപ്പിലും ഇവര്‍ അംഗമായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. കെപിസിസി സെക്രട്ടറി എ പ്രസാദിനൊപ്പം കോണ്‍ഗ്രസിന്റെ പതാക അണിഞ്ഞു നില്ക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു.
ഇന്നലെ മന്ത്രി എകെ ബാലനുമായി നടത്തി ചര്‍ച്ചയ്ക്കൊടുവില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം പിന്‍വലിച്ചിരുന്നു. മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ വളരെ അനുകൂലമായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സിന്റെ ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുന്നതിനും, ലാസ്റ്റ് ഗ്രേഡില്‍ വരുന്ന ഒഴിവുകളില്‍ നിയമനം നടത്താനുള്ള നടപടി ക്രമങ്ങള്‍ക്കുള്ള ശുപാര്‍ശയും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. നൈറ്റ് വാച്ച്മാന് തസ്തികയില്‍ ജോലി സമയം എട്ട് മണിക്കൂര്‍ അല്ലെങ്കില്‍ ആഴ്ചയില്‍ 48 മണിക്കൂര്‍ എന്ന നിലയില്‍ നിജപ്പെടുത്തല്‍, ഇതിലേക്ക് വരുന്ന ഒഴിവുകളില്‍ എല്‍ജിഎസിന്റെ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുക എന്നിവയ്ക്കാണ് തീരുമാനം ആയിരിക്കുന്നത്.
അതേസമയം, സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുമെന്ന് വ്യക്തമാക്കി. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചിട്ടില്ലെന്നും സമരം ശക്തമായി തുടരുമെന്ന് സിപിഒ റാങ്ക് ഹോള്‍ഡേഴ്സ് പറഞ്ഞു.