എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം മാര്‍ച്ച് പത്തിനുള്ളില്‍; ഘടകകക്ഷികളെ പിണക്കാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ സിപിഐഎം
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം മാര്‍ച്ച് പത്തിനുള്ളില്‍. സീറ്റ് വിഭജനത്തില്‍ സിപിഐഎം കൂടുതല്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് സൂചന. സീറ്റുകളെ പറ്റിയുള്ള ചര്‍ച്ചകള്‍ നീണ്ടുപോകാതിരിക്കാനും നോക്കും. ഘടകകക്ഷികളെ പിണക്കാതെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് സിപിഐഎം തീരുമാനം. സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കാനുള്ള ജില്ലാ കമ്മറ്റി യോഗങ്ങള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. നാല്, അഞ്ച്, തീയതികളില്‍ സംസ്ഥാന സമിതി ചേരാനും തീരുമാനിച്ചു.
സിപിഐഎം ജെഡിഎസുമായി ഇന്നലെ ചര്‍ച്ച നടത്തിയതോടെ ഇടതുമുന്നണിയില്‍ സീറ്റ് വിഭജനത്തിനുള്ള ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഉടന്‍ തന്നെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കമാകും. സിപിഐ-സിപിഐഎം ചര്‍ച്ചയില്‍ ധാരണയായാല്‍ എല്‍ഡിഎഫില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരും. എന്‍സിപി പിളര്‍ന്ന് മാണി സി കാപ്പന് യുഡിഎഫിലെത്തിയതോടെ പാലാ സീറ്റിന് വേണ്ടിയുള്ള തര്‍ക്കം അവസാനിച്ചു. എല്‍ജെഡിയ്ക്കും ജെഡിഎസിനും സീറ്റ് വീതം വെയ്ക്കലാണ് ഒരു പ്രശ്നമായി ബാക്കിയുള്ളത്. പുതിയ ഘടകകക്ഷികള്‍ മുന്നണിയില്‍ എത്തുന്ന സാഹചര്യത്തില്‍ ഓരോ പാര്‍ട്ടിയും വിട്ടുവീഴ്ച്ച ചെയ്യണമെന്ന് എല്‍ഡിഎഫ് നേതൃത്വവും പിണറായി വിജയനും പല തവണ ആവര്‍ത്തിച്ചിരുന്നു. സീറ്റുകളുടെ കാര്യത്തില്‍ മാതൃകാപരമായി വിട്ടുവീഴ്ച്ച ചെയ്യുമെന്ന് സിപിഐഎം ആദ്യം തന്നെ പ്രഖ്യാപിച്ചതും ഘടകകക്ഷികളില്‍ വിശ്വാസം വര്‍ധിപ്പിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും കളത്തിലിറക്കേണ്ടവരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും സ്ഥാനാര്‍ത്ഥികളേക്കുറിച്ചുള്ള ഏകദേശ ധാരണകളും സിപിഐഎമ്മിനും സിപിഐയ്ക്കും ഇപ്പോഴുണ്ട്.
ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മുന്നണിയിലെത്തിയതും തദ്ദേശ തെരഞ്ഞെടുപ്പ് ഫലവുമാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം. ശബരിമല ഇത്തവണ ഫാക്ടറാകില്ലെന്ന പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ‘വിനയാന്വിതരായി ജനങ്ങളെ ബോധ്യപ്പെടുത്തണം’ എന്നാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഭരണനേട്ടങ്ങളിലൂന്നിയുള്ള പോസിറ്റീവ് ക്യാംപെയ്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആഹ്വാനമാണ് മുഖ്യമന്ത്രി നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് സമയം തൊട്ട് സജീവമായിരുന്ന ഇടത് അനുകൂല പ്രൊഫൈലുകളും സൈബര്‍ സിപിഐഎമ്മും സമൂഹമാധ്യമങ്ങളില്‍ ക്യാംപെയ്ന് തുടരുന്നുണ്ട്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ബൂത്തുതല കമ്മിറ്റികള്‍ ഇതിനോടകം തന്നെ സജ്ജമാക്കി കഴിഞ്ഞു.
സംസ്ഥാനത്ത് ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും. മാര്‍ച്ച് 12ന് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19നുള്ളില്‍ പത്രികകള്‍ സമര്‍പ്പിച്ചിരിക്കണം. സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആയിരിക്കും. കേരളത്തില്‍ 40,771 പോളിംഗ് ബൂത്തുകളുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്നലെ പറഞ്ഞിരുന്നു. കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചു. 80 വയസുകഴിഞ്ഞവര്‍ക്ക് തപാലായി വോട്ട് ചെയ്യാമെന്ന സുപ്രധാന പ്രഖ്യാപനവും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തി. അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സേവനം പ്രയോജനപ്പെടുത്താം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടെടുപ്പ് സമയം ഒരുമണിക്കൂര്‍ വരെ നീട്ടാനും അനുവാദമുണ്ട്. രാവിലെ 7 മുതല്‍ വൈകീട്ട് 6 മണി വരെ വോട്ട് ചെയ്യാനാകും.
പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിയ്ക്കൊപ്പം രണ്ട് പേര്‍ക്ക് മാത്രമേ എത്താനാകൂ. ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം. വീട് കയറി പ്രചരണത്തിന് പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് അനുമതി. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രസേനകളെ ആവശ്യാനുസരണം വിന്യസിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഓരോ മണ്ഡലത്തിലും പരമാവധി ചെലവാക്കാനാകുന്നത് 30.8 ലക്ഷം രൂപയായിരിക്കും. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പത്രങ്ങളില്‍ പരസ്യം ചെയ്യണം. ദീപക് മിശ്ര ഐപിഎസ് ആയിരിക്കും കേരളത്തിലെ പൊലീസ് നിരീക്ഷകനെന്നും പ്രത്യേക കേന്ദ്രനിരീക്ഷകനെ രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു.