വരാനിരിക്കുന്നത് പിണറായി വിജയന് vs രാഹുല്‍ ഗാന്ധി ക്യാമ്പയിന്; പതിനഞ്ച് ദിവസത്തെ പ്രചരണത്തിനൊരുങ്ങി രാഹുല്‍
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപനം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നടത്താനൊരുങ്ങവേ രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി പ്രചരണം നടത്താന്‍ തീരുമാനിച്ച് യുഡിഎഫ്. കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധി കേരളത്തിന്റെ വിവിധയിടങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളും പരിപാടികളും ജനശ്രദ്ധയാകര്ഷിച്ചുവെന്ന യുഡിഎഫ് വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്.
വയനാട് എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ സ്വന്തം സംസ്ഥാനം എന്ന നിലയിലാണ് ദേശീയ മാധ്യമങ്ങള്‍ കേരളത്തെ വിശേഷിപ്പിക്കുന്നത്. പുതുച്ചേരിയിലും അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ അധികാരത്തിലെത്തുക എന്നത് രാഹുലിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ഈ വെല്ലുവിളി രാഹുല്‍ ഗാന്ധി ഏറ്റെടുത്തേക്കും എന്നാണ് അവര്‍ പറയുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ പതിനഞ്ച് ദിവസത്തെ പ്രചരണത്തിനാണ് രാഹുല്‍ ഗാന്ധി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്ന ദിവസങ്ങളില്‍ പ്രിയങ്ക ഗാന്ധിയെയും കേരളത്തിലെത്തിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ഇത് പറയുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് എല്‍ഡിഎഫ് തീരുമാനം. മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്താമെന്നാണ് യുഡിഎഫ് ആലോചന. നേരത്തെ ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്താനാണ് ആലോചിച്ചിരുന്നതെങ്കില് ഇപ്പോഴത് രാഹുല്‍ ഗാന്ധിയിലേക്ക് മാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള ഫേസ്ബുക്ക് ഫ്രെയിം പ്രചരണം കോണ്‍ഗ്രസ് ഇപ്പോഴെ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
നേരത്തെ രാഹുല്‍ ഗാന്ധിക്കെതിരെ സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗതെത്തിയിരുന്നു.
സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവും രാഹുല്‍ ഗാന്ധിക്കെതിരെ നടത്തുന്നത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ നീക്കങ്ങളെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി ബിജെപിയുടെ ശബ്ദമാവുന്നു എന്ന തരത്തിലാണ് വിജയരാഘവന് വിമര്‍ശിച്ചത്.
‘പിണറായി വിജയനെ താഴെയിറക്കാന്‍ നരേന്ദ്രമോദിയുടെ സഹായം ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. അവരുടെ പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മാറുന്നു എന്നത് ഖേദകരമാണ്. രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയുടെ ഓഫീസിനെ അവഹേളിച്ചിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ ഇപ്പോള്‍ ന്യായീകരിക്കുന്ന രാഹുല്‍ ഗാന്ധി ആറ് മാസം മുമ്പുവന്നപ്പോള് പ്രസംഗിച്ചത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഇതര സര്‍ക്കാരുകളെ അട്ടിമറിക്കുകയും സമ്മര്ദ്ദത്തിലാക്കുകയുമാണെന്നാണ്’, വിജയരാഘവന് പറഞ്ഞു.
രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വന്നത് തണുത്ത കാറ്റ് കിട്ടാനാണെന്നും എ വിജയരാഘവന് കഴിഞ്ഞ ദിവസം കളിയാക്കിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് പ്രതിപക്ഷ നേതാവാകാനുള്ള അംഗബലം പോലും നേടാനായില്ലെന്നും ഇത് ബിജെപിയുടെ വളര്‍ച്ചയുടെ വേഗത കൂട്ടാന്‍ കാരണമായെന്നും വിജയരാഘവന് കുറ്റപ്പെടുത്തി. ‘അദ്ദേഹം ഇങ്ങോട്ട് പോന്നപ്പോഴാണ് ബിജെപിക്ക് സൈ്വര്യം കിട്ടിയത്. ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള സൗകര്യമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായത്. ആ ഉത്തരേന്ത്യയില്‍ ബിജെപി പടര്‍ന്നു കയറി മുന്നോട്ട് പോകുമ്പോള്‍ രാഹുല്‍ ഗാന്ധി തണുത്ത കാറ്റ് കിട്ടുന്ന സ്ഥലത്തേക്ക് വന്നു. കേരളത്തില്‍ വന്ന നോമിനേഷന് കൊടുത്ത് മത്സരിച്ചത് തന്നെ ബിജെപി വളര്‍ച്ചയുടെ വേഗം കൂട്ടി. അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ടു. പക്ഷെ പ്രതിപക്ഷ നേതാവ് പോലും ആകാന്‍ കഴിഞ്ഞില്ല. അതിനുള്ള സീറ്റ് പോലും കിട്ടിയില്ല. സ്വയം പരാജിതനാവുകയായിരുന്നു.’ വിജയരാഘവന് പറഞ്ഞു.
ബഫര്‍ സോണടക്കമുള്ള വിഷയങ്ങളില്‍ ബിജെപി വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് സുരേന്ദ്രന് സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ‘വയനാട്ടുകാരെ വിഡ്ഢികളാക്കാമെന്ന് രാഹുല്‍ ഗാന്ധിയും കമ്പനിയും കരുതരുത്. രാഹുല്‍ ഗാന്ധിക്ക് ആരെങ്കിലും കാര്യങ്ങള്‍ ഉപദേശിച്ച് കൊടുക്കണം. ബഫര്‍ സോണ്‍ സംബന്ധിച്ചുള്ള ആദ്യപ്രൊപ്പോസല് പോയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. പിന്നീട് കേരളത്തില്‍ വന്ന സര്‍ക്കാര്‍ അതേ നിലപാട് തുടരുകയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. അതുകൊണ്ട് ഈ നാടകം വയനാട്ടുകാര്‍ അവസാനിപ്പിക്കണം. ഇത്തരം നാടകങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ കൂട്ടുനില്‍ക്കരുത്’, സുരേന്ദ്രന് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിതങ്ങനെ.
കഴിഞ്ഞ ദിവസവും രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന പരാമര്‍ശങ്ങളാണ് സുരേന്ദ്രന് നടത്തിയത്. വയനാടിന്റെ പ്രധാനമന്ത്രി വയനാട്ടില്‍ വന്ന് ട്രാക്ടര്‍ ഓടിച്ചു നടക്കുകയാണ്. അങ്കമാലി പ്രധാനമന്ത്രി പോലെയാണ് വയനാട് പ്രധാനമന്ത്രി. ഇതിനേക്കാള്‍ നല്ലത് വയനാട്ടിലെ പഴയ എംപിയായിരുന്നു. വയനാട്ടിലേക്ക് വരുന്ന വഴിയിക്കിറങ്ങി പൊറോട്ടയും ചായയും കുടിക്കാന്‍ എല്ലാവര്ക്കും കഴിയുമെന്നുമായിരുന്നു സുരേന്ദ്രന്റെ പരിഹാസം.