ഐശ്വര്യ യാത്ര ഇന്നു കൂടി, നാളെ വിശ്രമം, ചൊവ്വാഴ്ച മഹാറാലി, രാഹുലെത്തും
തിരുവനന്തപുരം. ആള്‍ബലം കൊണ്ടും ആവേശം കൊണ്ടും കേരളത്തെ ഇളക്കി മറിച്ച ഐശ്വര്യ കേരള യാത്ര തലസ്ഥാന ജില്ലയിലെ ആദ്യ ദിവസം പിന്നിട്ടു. ഓരോ കേന്ദ്രത്തിലും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മുത്തുക്കുടകളും വര്‍ണവിസ്മയങ്ങളും വോളണ്ടിയര്‍ മാര്‍ച്ചുമായി ജാഥയ്ക്ക് ഉത്സവ പ്രതിച്ഛായ പകര്‍ന്നു. എല്ലായിടത്തും വലിയ തോതിലുള്ള യുവസാന്നിധ്യം ജാഥയ്ക്ക് വര്‍ധിത വീര്യം പകര്‍ന്നു. പുഷ്പകിരീടം ചൂടിച്ചും വാളും പരിചയും നല്‍കിയും ഷാളുകളണിയിച്ചും പ്രവര്‍ത്തകര്‍ ജാഥാ ക്യാപ്റ്റന്‍ രമേശ് ചെന്നിത്തലയെ വീര്‍പ്പ് മുട്ടിച്ചു.
വര്‍ക്കലയിലായിരുന്നു ഇന്നലെത്തെ തുടക്കം. പാരിപ്പള്ളിയില്‍ നിന്ന് സേവാദള്‍ പ്രവര്‍ത്തകരുടെ മാര്‍ച്ച് പാസ്റ്റോടെ ഐശ്വര്യ കേരള യാത്രയെ വരവേറ്റു. വര്‍ക്കല മൈതാനം ഹെലിപ്പാഡിലെ ആദ്യ സ്വകീരണത്തില് സ്ത്രീകളും കുട്ടികളും വലിയ തോതില്‍ അണിനിരന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ മാമം, മംഗലപുരം, വാമനപുരം, നെടുമങ്ങാട് എന്നിവിടങ്ങളിലായിരുന്നു വരവേല്പ്. രാത്രി ഒന്‍പതരയോടെ അരുവിക്കരയിലെത്തുമ്പോള്‍ ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരാണ് കാത്തു നിന്നത്.
ഇന്ന് രാവിലെ കാട്ടാക്കടയില്‍ തുടങ്ങും. കോവളം, നെയ്യാറ്റിന്‍കര വഴി പാറശാലയില്‍ സമാപിക്കും. നാളെ വിശ്രമമാണ്. നേമം, കഴക്കൂട്ടം, തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍കാവ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ചൊവ്വാഴ്ച ശംഖുമുഖം കടപ്പുറത്ത് ഉജ്വല റാലി നടത്തും.
പതിനായിരങ്ങള്‍ അണിനിരക്കുന്ന റാലി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, മുല്ലപ്പള്ളി രാമചന്ദ്രന്, ഉമ്മന്‍ ചാണ്ടി, എം.എം. ഹസന്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, ജോണി നെല്ലൂര്‍, സി.പി. ജോണ്‍, ജി. ദേവരാജന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.