കര്‍ഷക സമരത്തില്‍ സജീവമായി കോണ്‍ഗ്രസ്; പടിഞ്ഞാറന്‍ യുപിയില്‍ പ്രിയങ്ക ഗാന്ധിക്കും കോണ്‍ഗ്രസിനും രാഷ്ട്രീയ പ്രതീക്ഷ
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭത്തിന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്, ബിജെപിയുടെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ അണിനിരക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം എല്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിന് പിന്നാലെ പഞ്ചാബ് കേന്ദ്രീകരിച്ച് നടക്കുന്ന ശക്തമായ പ്രക്ഷോഭം രാജസ്ഥാനിലെയും യുപിയിലേയും നേതാക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. യുപിയിലെ റാലി അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്. രാജസ്ഥാനിലെ സമര വേദികള്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും ഏറ്റെടുത്തുകഴിഞ്ഞു.
പ്രക്ഷോഭത്തില്‍ സജീവമായി ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ ‘ജയ് ജവാന് ജയ് കിസാന്‍’ ക്യാമ്പയിനിലൂടെ പ്രിയങ്ക സമരമുഖത്ത് നിരന്തര സാന്നിധ്യമായി കഴിഞ്ഞു. ദിവസംതോറുമുള്ള പരിപാടികളാണ് പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തില്‍ യുപിയില്‍ നടത്തുന്നത്. മുസഫര്‍ നഗറിലെ മഹാപഞ്ചായത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് പ്രിയങ്ക. ഞായറാഴ്ച മതുരയിലും പഞ്ചായത്ത് നടത്തുന്നുണ്ട്.
യുപി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് പാര്‍ട്ടി കര്‍ഷക സമരത്തിലൂന്നി വേരോട്ടം ശക്തമാക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക ഗാന്ധി യുപിയുടെ ചുമതലയേറ്റെടുത്ത് സംസ്ഥാനത്തുണ്ടെങ്കിലും, ബിജെപി ആഭിമുഖ്യം കൂടുതലുള്ള ജാട്ട്, ഗുജ്ജര്‍ സമുദായങ്ങള്‍ക്കിടയിലേക്ക് കടന്നുകയറല്‍ കോണ്‍ഗ്രസിന് ഇപ്പോഴും കീറാമുട്ടിയായി തുടരുകയാണ്. എസ്പിക്കും ബിഎസ്പിക്കും പ്രാതിനിത്യം കൂടുതലുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ എത്രത്തോളം സ്വാധീനം നേടാനായെന്നതില്‍ സംശയവുമുണ്ട്.
മൂന്ന് പതിറ്റാണ്ടിലധികമായി കൈവിട്ടുപോയ യുപി തിരിച്ചുപിടിക്കാന്‍ കര്‍ഷക പ്രക്ഷോഭത്തിലൂടെ തിരിച്ചുപിടിക്കാനാണ് പ്രിയങ്ക അടക്കമുള്ള നേതാക്കളും കഠിന ശ്രമം. ഇതിന് വേണ്ടിയാണ് സംസ്ഥാന തരാഷ്ട്രീയത്തില് വലിയ ഇടപെടലുകളിലേക്ക് നീങ്ങിയിരിക്കുന്നതും. റിപബ്ലിക് ദിനത്തില്‍ നടത്തിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പട്ട സിഖ് കര്‍ഷകന്റെ സംസ്കാര ചടങ്ങില്‍ പ്രിയങ്ക പങ്കെടുത്തിരുന്നു. തുടര്‍ന്നിങ്ങോട്ട് സഹരന്‍പുരിലും ബിജ്നോറിലും പുറകെപ്പുറകെ മഹാപഞ്ചായത്തുകള്‍ നടത്തി.
2013ല്‍ മുസഫര്‍പൂരില്‍ നടന്ന കലാപത്തിന് ശേഷം ജാട്ട്-മുസ്ലിം സമുദായങ്ങള്‍ക്കിടയിലുണ്ടായ ഭിന്നിപ്പ് അവസാനിക്കാന്‍ കര്‍ഷക പ്രക്ഷോഭം കാരണമാവുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഇതിന്റെ കൂടെ ബിജെപിയുടെ കര്‍ഷക വിരുദ്ധ നയങ്ങളെക്കൂടി തുറന്നുകാട്ടി പടിഞ്ഞാറന്‍ യുപിയില്‍ അനുകൂല തരംഗമുണ്ടാക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. കിസാന്‍ പഞ്ചായത്തുകളിലൂടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാവാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മവിശ്വാസമുണ്ടാക്കാനും കഴിയുന്നുണ്ടെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ അവകാശപ്പെടുന്നത്.
ജാട്ട് വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള ഒരു മുഖം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെങ്കില്ക്കൂടിയും, ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത നേടാനും മറ്റ് വിഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകരെ വിശ്വാസമാര്ജ്ജിക്കാനുമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ശ്രമം.
രാജസ്ഥാനിലും കര്‍ഷകര്‍ക്കിടയില്‍ വലിയ സ്വീകര്യതയാണ് കോണ്‍ഗ്രസ് നേടുന്നത്. രാഹുല്‍ ഗാന്ധി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാജസ്ഥാനിലെത്തിയപ്പോള്‍ നാല് കര്‍ഷക കോണ്‍ഫറന്‍സുകള്‍ കോണ്‍ഗ്രസ് നേതൃത്വം സംഘടിപ്പിച്ചിരുന്നു. ഇവയും പൈലറ്റിന്റെ നേതൃത്വത്തിലായിരുന്നു. ദൗസയിലും ഭാരത്പുരിലും രണ്ട് വലിയ കിസാന്‍ മഹാപഞ്ചായത്തുകളും പൈലറ്റ് സംഘടിപ്പിച്ചു. ജെയ്പൂരില്‍ വലിയ റാലിയും നടത്തി.
എന്നാല്‍, മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പൈലറ്റിന്റെ ഇടച്ചില്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലായിരുന്നു മഹാപഞ്ചായത്തും റാലിയുമെല്ലാം. പൈലറ്റ് എത്തിയ വേദികളൊന്നും ഗെലോട്ട് പക്ഷം എത്തിയില്ല. അതേസമയം, പൈലറ്റിന്റെ പരിപാടികളിലെല്ലാം വലിയ ജനപിന്തുണയാണുള്ളത്. റാലിയിലടക്കം വലിയ ആള്‍ക്കൂട്ടം ഒഴുകിയെത്തി. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും പൈലറ്റ് എന്ന കരുത്തുറ്റ യുവ നേതാവിന്റെ ജനസമ്മതി വര്‍ധിച്ചതിന്റെ തെളിവാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.