‘ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യയിലൂടെ വീഴ്ത്തുന്ന ലവ് ജിഹാദ് കേരളത്തിലുണ്ട്’; വിവാദ പ്രസ്താവനയുമായി ഇ ശ്രീധരന്, ‘ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല’
ന്യൂഡല്‍ഹി: കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യയിലൂടെ വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്ന് കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ചേക്കേറിയ ഇ ശ്രീധരന്. അതുകൊണ്ടുതന്നെ ലവ് ജിഹാദെന്ന സങ്കല്പത്തെ താന്‍ വെറുക്കുന്നെന്നും ശ്രീധരന് പറഞ്ഞു. എന്‍ഡി ടിവിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘ലവ് ജിഹാദ്…. ശരിയാണ് കേരളത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഞാന്‍ കാണുന്നതാണ്. എങ്ങനെയാണ് ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യകള്‍ കാട്ടി വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്നതും തുടര്‍ന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും മാത്രമല്ല, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെപ്പോലും വശീകരിച്ച് വിവാഹം ചെയ്യുന്നുണ്ട്. അതിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്’, ലവ് ജിഹാദ് നിയമവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
താന്‍ മാംസാഹാരം കഴിക്കാറേ ഇല്ലെന്നായിരുന്നു ബീഫ് നിരോധനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി. ‘വ്യക്തിപരമായി ഞാന്‍ കടുത്ത സസ്യാഹാരിയാണ്. മുട്ടപോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല’, ശ്രീധരന് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശ്രീധരന് രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. കേരളത്തിന്റേത് ഏകാധിപത്യ ഭരണമാണെന്നും അഴിമതിയില്‍ മുങ്ങിയ ഭരണമാണെന്നും ഇ ശ്രീധരന് ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. ‘അദ്ദേഹം ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ല. അതാണ് വലിയൊരു ദോഷം. ഒരു മന്ത്രിക്കും ഒന്നും പറയാനാകില്ല. എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാറ്റി പറയണം. സ്വാതന്ത്യം കൊടുക്കാറില്ല. ഏകാധിപത്യഭരണമാണ്,’ എന്നായിരുന്നു ഇ ശ്രീധരന്റെ പരാമര്‍ശം.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയാവാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ശ്രീധരന് അറിയിച്ചിരുന്നു. താന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത് കേരളത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാനും സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമാണെന്നും ശ്രീധരന് പറഞ്ഞു.
വ്യാഴാഴ്ചയാണ് ഇ ശ്രീധരന് ബിജെപിയില്‍ ചേരുകയാണെന്ന കാര്യ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന് അറിയിച്ചത്. ഇതിന് പിന്നാലെ ശ്രീധരന് ഇക്കാര്യം സ്ഥിരീകരിക്കുകയും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നുള്ള ഒറ്റ കാരണം കൊണ്ട് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഏറെ കാലമായി ബിജെപി അനുഭാവിയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ടെന്നും ശ്രീധരന് പറഞ്ഞിരുന്നു.
കേരളത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും സാധിക്കാത്ത പല കാര്യങ്ങളും ചെയ്യാന്‍ ബിജെപിക്ക് കഴിയും അതുകൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കണം എന്ന് പറഞ്ഞാല്‍ അതിന് തയ്യാറാണെന്നും എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പോലെഅദ്ദേഹം തന്നെ രണ്ട് മൂന്ന് പ്രാവശ്യം വന്ന് കണ്ടിരുന്നു. അപ്പോഴാണ് ബിജെപിയില്‍ ചേരാനുള്ള ഉത്സാഹം പ്രകടിപ്പിച്ചതെന്നും അതനുസരിച്ചാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നതെന്നും ശ്രീധരന് പറഞ്ഞു.