ഇരുമുന്നണികളെയും വെട്ടിലാക്കി രണ്ട് നേതാക്കൾ
തിരുവനന്തപുരം: മൈക്കും ആൾക്കൂട്ടവും കണ്ടാൽ വാവിട്ടുപോവുന്ന രണ്ട് നേതാക്കൾ എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ വെട്ടിലാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ ന്യൂനപക്ഷ വർഗീയതയുടെ പേരിൽ എൽഡിഎഫിനെ പുലിവാൽ പിടിപ്പിച്ചെങ്കിൽ, കെപിസിസി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പിതാവിനെതിരെ നടത്തിയ ആക്ഷേപ പരാമർശത്തിലൂടെ യുഡിഎഫിനെ അപഹാസ്യമാക്കി.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റിനെ കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി കണ്ടതിനെ വിമർശിച്ച വിജയരാഘവന്റെ പരാമർശം വിവാദമായിരുന്നു. അതിനുശേഷം, തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ നേതാക്കൾ കൂടുതൽ ജാഗ്രതയോടെ നിലകൊള്ളണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അത് നിലനിൽക്കേയാണ് ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രം എന്ന നിലയിൽ വിജയരാഘവൻ കഴിഞ്ഞദിവസം കോഴിക്കോട് മുക്കത്ത് പ്രസംഗിച്ചത്.
എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റൻ കൂടിയായ വിജയരാഘവൻ ഭൂരിപക്ഷ വർഗീയതയെ കൂട്ടുപിടിക്കുന്നതിനു വേണ്ടിയാണ് ന്യൂനപക്ഷത്തെ ഇങ്ങനെ ആക്ഷേപിച്ചതെന്ന ആരോപണത്തെ തുടർന്ന് പ്രസംഗത്തിന് വ്യാഖ്യാനം നൽകാൻ നിർബന്ധിതനായി. ഭൂരിപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന് പറഞ്ഞ അദ്ദേഹം മാധ്യമങ്ങൾ പ്രസംഗം വളച്ചൊടിച്ചു എന്നാണ് കുറ്റപ്പെടുത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന എൽഡിഎഫിനെ മുന്നണിയുടെ കൺവീനർ തന്നെ ഒരിക്കൽ കൂടി വെട്ടിലാക്കി എന്നാണ് അഭിപ്രായം.
ഒരിക്കൽ, മുഖ്യമന്ത്രിയുടെ പിതാവിനെതിരെ പറഞ്ഞതിന് ജാത്യാക്ഷേപമെന്ന ആരോപണം ഉയരുകയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ തള്ളിപ്പറയുകയും ചെയ്ത കെ.സുധാകരൻ പിന്നീട് ആ പരാമർശത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ചെന്നിത്തലയ്ക്കും സുധാകരനെ വിമർശിച്ച ഷാനിമോൾ ഉസ്മാനും അതിന്റെ പേരിൽ മാപ്പുപറയേണ്ട അവസ്ഥയാണുണ്ടായത്. എന്നാൽ, കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളുടെ അനുസ്മരണ യോഗത്തിൽ കുറേക്കൂടി കടത്തിപ്പറയാനാണ് സുധാകരൻ തയ്യാറായത്. മുല്ലപ്പള്ളിയുടെ പിതാവ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തപ്പോൾ പിണറായിയുടെ പിതാവ് കള്ളുകുടിച്ച് തേരാപ്പാരാ നടക്കുകയായിരുന്നുവെന്നായിരുന്നു ആക്ഷേപം. വരും ദിവസങ്ങളിൽ ഇത് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് യുഡിഎഫിനും പേടിയുണ്ട്. എന്നാൽ, പ്രതിപക്ഷ നേതാവുൾപ്പെടെ നേരത്തെ പ്രതികരിച്ച് വെള്ളം കുടിച്ചതിനാൽ ഇത്തവണ അതു സംബന്ധിച്ച് കരുതലോടെയാവും ഇടപെടുക.
മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭയിലേക്ക് മത്സരിക്കാൻ സന്നദ്ധനായ സാഹചര്യത്തിൽ പകരം പ്രസിഡന്റാവാൻ തയ്യാറെടുക്കുകയും അത് പരസ്യമായി പറയുകയും ചെയ്ത ആളാണ് കെ.സുധാകരൻ. മുല്ലപ്പള്ളി അത് തള്ളുകയും ചെയ്തു. എന്നാൽ, ഇത്തരമൊരാൾ പ്രസിഡന്റായാൽ അത് കണ്ണൂരിന് പുറത്ത് പാർട്ടിക്ക് എത്രത്തോളം ഗുണകരമാവുമെന്ന അഭിപ്രായവും ഉയർന്നു കഴിഞ്ഞു.