കര്‍ഷകപ്രക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞ് ബിജെപി, പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തേരോട്ടം; ഇത് ട്രെയിലര്‍ മാത്രമെന്ന് അമരീന്ദര്‍ സിങ്
ചണ്ഡീഗഢ്: പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം വന്ന ഏഴ് മുനിസിപല്‍ കോര്‍പറേഷനുകളും തൂത്തുവാരി കോണ്‍ഗ്രസ്. കര്‍ഷക പ്രക്ഷോഭം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ചിത്രത്തിലില്ലാത്ത വിധം പിന്തള്ളപ്പെട്ടു. മോഗ, ഹോഷിയര്‍പുര്‍, കപുര്‍തല, അബോഹാര്‍, പത്താന്‍കോട്ട്, ബട്ടാല, ഭട്ടിന്‍ഡ കോര്‍പറേഷനുകളിലെ ഫലമാണ് ഇന്ന് പ്രഖ്യാപിച്ചത്. 53 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭട്ടിന്‍ഡ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. തെരഞ്ഞെടുപ്പ് നടന്ന മൊഹാലിയിലെ ഫലപ്രഖ്യാപനം നാളെയുണ്ടാവും.
ഭട്ടിന്‍ഡയിലെ ഫലം തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ പൊള്ളിപ്പിച്ചിരിക്കുന്നതും. എന്‍ഡിഎയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലി ദളിനൊപ്പമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പുവരെ മണ്ഡലം നിന്നിരുന്നത്. കാര്‍ഷിക നിയമങ്ങള്‍ സഭയില്‍ പാസാക്കിയതിന് പിന്നാലെ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ സഖ്യബന്ധം അവസാനിപ്പിച്ചിരുന്നു. എന്നിട്ടും, മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടു.
ഭട്ടിന്‍ഡയിലേത് അഭിമാനപോരാട്ടമായിരുന്നെന്നാണ് കോണ്‍ഗ്രസ് എംഎല്‍എയും ധനമന്ത്രിയുമായ മന്‍പ്രീത് സിങ് ബദല്‍ അഭിപ്രായപ്പെട്ടു. ഭട്ടിന്‍ഡ അര്‍ബന്‍ നിയമസഭാ സീറ്റില്‍നിന്നായിരുന്നു മന്‍പ്രീത് നിയമസഭയിലെത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ടുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെയിലര്‍ മാത്രമാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.
‘ശിരോമണി അകാലിദള്‍, ബിജെപി, ആംആദ്മി പാര്‍ട്ടി എന്നിവര്‍ നേരിടാന്‍ പോകുന്ന മഞ്ഞുമലയുടെ അറ്റം മാത്രമാണിത്. പഞ്ചാബിന്റെ രാഷ്ട്രീയ മുഖത്തുനിന്നും ഇവര്‍ മൂന്നുപാര്‍ട്ടികളും തൂത്തുമാറ്റപ്പെടും. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയില്‍നിന്നും ഇവര്‍ തള്ളി മാറ്റപ്പെടും’, വിജയത്തിന് ശേഷം കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അമരീന്ദര്‍ സിങ് വ്യക്തമാക്കി.
വലിയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് എല്ലാ സീറ്റുകളിലും വിജയമുറപ്പിച്ചത്. ഭട്ടിന്‍ഡയിലെ 50 വര്‍ഡുകളില്‍ 43 എണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് സീറ്റുറപ്പിച്ചത്. അബോഹാറില് 50ല്‍ 49ഉം കോണ്‍ഗ്രസ് നേടി.
109 നഗര പഞ്ചായത്തുകളിലെയും മുനിസിപല്‍ കൗണ്‍സിലുകളിലെയും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. മിക്കയിടങ്ങളിലും കോണ്‍ഗ്രസിന് തന്നെയാണ് ലീഡെന്നാണ് റിപ്പോര്‍ട്ടുകള്‍.
അവസാന ഫലം വന്നതുവരെയുള്ള കണക്കനുസരിച്ച്, മുനിസിപല്‍ കൗണ്‍സിലുകളിലെ 1,815 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 1,199 ഇടത്ത് വിജയിച്ചിട്ടുണ്ട്. 350 മുനിസിപല്‍ കോര്‍പറേഷനുകളില്‍ 281 ഇടത്തും കോണ്‍ഗ്രസ് ജയിച്ചുകയറി. തൊട്ടുപിന്നില്‍ ശിരോമണി അകാലിദളാണുള്ളത്. കൗണ്‍സില്‍ വാര്‍ഡുകളില്‍ അകാലികള്‍ 289 ഇടത്തും കോര്‍പറേഷനുകളില്‍ 33 ഇടത്തുമാണ് ജയം ഉറപ്പിച്ചിട്ടുള്ളത്.
ബിജെപിയുടെ നില അത്യധികം ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ പുറത്തുവരുന്ന കണക്കനുസരിച്ച്, 38 വാര്ഡുളിലും 20 കോര്‍പറേഷനുകളിലും മാത്രമാണ് ബിജെപി നേട്ടമുണ്ടാക്കിയിട്ടുള്ളത്. ആംആദ്മി പാര്‍ട്ടിയുടെ അവസ്ഥയും പരിതാപകരമാണ്.
2015ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍, ഭട്ടിന്ഡയിലടക്കം കോണ്‍ഗ്രസിന് വലിയ നേട്ടമാണ് കൈവരിക്കാനായത്. ഫെബ്രുവരി 14നായിരുന്നു തെരഞ്ഞെടുപ്പ്.