ഇതിലേതാണ് കൂടുതല്‍? യുഡിഎഫ് കാലത്തോ, എല്‍ഡിഎഫ് കാലത്തോ?’; നിയമന കണക്കുകള്‍ നിരത്തി മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല
പിന്‍വാതില്‍ നിയമനവിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ഥികള്‍ പൊളിക്കാന്‍ മുഖ്യമന്ത്രി കള്ളക്കണക്കുകള്‍ നിരത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടുതല്‍ നിയമനങ്ങള്‍ നടന്നത് യുഡിഎഫ് കാലത്തായിരുന്നുവെന്ന് കണക്കുകള്‍ നിരത്തി വിശദീകരിച്ചുകൊണ്ടാണ് ചെന്നിത്തല തിരിച്ചടിച്ചത്. യുഡിഎഫ് ഭരണകാലത്ത് 1,58,680 നിയമനങ്ങള്‍ നടന്നുവെന്നും 2011 മുതല്‍ 2016 വരെ പൊലീസില്‍ മാത്രം 12,185 നിയമനങ്ങളുണ്ടായെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള ഐശ്വര്യകേരള യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രമേശ് ചെന്നിത്തലയുടെ വാക്കുകള്‍
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് അവകാശപ്പെട്ടത് ഇടതുസര്‍ക്കാരിന്റെ കാലത്ത് 1,57,902 നിയമനങ്ങള്‍ നടത്തിയെന്നാണ്. ഇത് പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. അങ്ങനെയാണെങ്കിലും അത് യുഡിഎഫ് കാലത്തെ നിയമനങ്ങളുടെ അടുത്ത് പോലും എത്തുന്നില്ല. 1,58,680 നിയമനങ്ങളാണ് യുഡിഎഫ് ഭരണകാലത്ത് പിഎസ്സിയിലൂടെ നടത്തിയത്. 2011 മുതല്‍ 2016 വരെ പൊലീസില്‍ മാത്രം നടന്നത് 12,185 നിയമനങ്ങളാണ്. അപ്പോള്‍ യുഡിഎഫ് കാലത്ത് നടത്തിയ നിയമനങ്ങളാണോ ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന നിയമനങ്ങളോണോ കൂടുതല്‍? അപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് തെറ്റല്ലേ?
മുഖ്യമന്ത്രി പിന്നീട് പറയുന്നത് നിയമന ശുപാര്‍ശകളുടെ കാര്യമാണ്. അഡൈ്വസ് ചെയ്ത എല്ലാവരും ജോലിക്ക് ഹാജരാകണമെന്നില്ല. മാത്രമല്ല പി എസ് സി ശുപാപര്ശ ചെയ്ത അധ്യാപകര്‍ക്ക് നിയമനം ലഭിച്ചില്ലെന്ന പരാതി വ്യാപകമായി ഇപ്പോഴാണ് ഉയര്‍ന്നുവരുന്നത്. അയ്യായിരത്തോളം അധ്യാപകര്‍ക്ക് ഇത്തരത്തില്‍ സര്‍ക്കാര്‍ നിയമനം നല്‍കാതെയിരുന്നു. ഇത് സര്‍ക്കാരിന് മുന്പില് ഞങ്ങള്‍ അവതരിപ്പിച്ചിട്ടും യാതൊരു മറുപടിയും ഇതുവരെ നല്‍കിയിട്ടില്ല. ഇനിയും കണക്കുകളുണ്ട്. 100 ദിന കര്‍മ്മ പരിപാടി അനുസരിച്ച് നിരവധി പേര്‍ക്ക് തൊഴില്‍ കൊടുത്തുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആര്‍ക്ക് തൊഴില്‍ കൊടുത്തുവെന്നാണ് ഇവര്‍ പറയുന്നത്?
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തി. യുഡിഎഫ് സര്‍ക്കാരാണ് ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാണിച്ചിട്ടുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ എന്നും ഉദ്യോഗാര്‍ഥികളോട് നീതിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഒന്നര വര്‍ഷം വരെ നീട്ടാതെ ഒറ്റ റാങ്ക ലിസ്റ്റുപോലും യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ല. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒറ്റലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. കല്ലെറിഞ്ഞപ്പോള്‍ പോലും താന്‍ അതിനെതിരെ പ്രതിഷേധിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
പിന്‍വാതില്‍ നിയമനം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് കണക്കുകള്‍ എണ്ണി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ മറുപടി പറഞ്ഞിരുന്നു. ഉദ്യോഗാര്‍ഥികളുടെ മുട്ടില്‍ ഇഴയേണ്ടതും കാല് പിടിക്കേണ്ടതും ഉമ്മന്‍ ചാണ്ടിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം.