എന്റെ കുടുംബത്തില്‍നിന്ന് ഒരാള്‍ പ്രധാനമന്ത്രിയായിട്ട് 30 വര്‍ഷം കഴിഞ്ഞു’; കുടുംബവാഴ്ചാ വാദം തള്ളി രാഹുല്‍ ഗാന്ധി, ‘ട്രോളുകള്‍ എന്റെ മൂര്‍ച്ചകൂട്ടുന്നു’
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന്റെ വാഴ്ചയാണെന്ന തരത്തിലുള്ള വിവാദങ്ങളോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തന്റെ കുടുംബത്തില്‍നിന്നും ഒരാള്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയിട്ട് 30 വര്‍ഷം കഴിഞ്ഞു. മുന്‍ പ്ര ധാനമന്ത്രിയുടെ മകനാണ് എന്നതുകൊണ്ടുമാത്രം നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്നും രാഹുല്‍ പറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രൊഫസര്‍ ദിപേഷ് ചക്രബര്‍ത്തിയുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
ചിലതിനെ പ്രതിരോധിക്കാനും ചിലതിനോട് പോരാടാനും തീരുമാനിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടവരാണ് തന്റെ അച്ഛന് രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയും എന്നതില്‍ താന്‍ അഭിമാനിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. ‘അതിലൂടെ അവരെയും എന്റെ സ്ഥാനത്തെയും തിരിച്ചറിയാന്‍ സാധിച്ചു. ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ബോധ്യമുണ്ടാക്കാനും കഴിഞ്ഞു. അതില്‍ പശ്ചാത്താപമേയില്ല’, രാഹുല്‍ ഗാന്ധി വിശദീകരിച്ചു.
ട്രോളുകളാണ് തനിക്ക് മുന്നോട്ടുപോവുന്നതില്‍ പ്രചോദനം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്തുചെയ്യണമെന്ന കാര്യത്തില്‍ ട്രോളുകള്‍ എന്നെ ചിന്തകളുടെ മൂര്‍ച്ച കൂട്ടാറുണ്ട്. ഞാന്‍ എവിടേക്ക് പോവണം, എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ആ ട്രോളുകള്‍ എനിക്കൊരു വഴികാട്ടായാവുന്നു. അവയെന്നെ സ്ഫുടം ചെയ്തെടുക്കുന്നു. ഒരു ഉരുത്തിരിയലാണത്’, രാഹുല്‍ പറഞ്ഞു.
1984 മുതല്‍ 89 വരെയായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിലിരുന്നത്. ഗാന്ധി കുടുംബത്തില്‍നിന്നും ഇതുവരെ പ്രധാനമന്ത്രി പദത്തിലെത്തിയ അവസാനത്തെ അംഗമാണ് രാജീവ് ഗാന്ധി. രാജീവ് ഗാന്ധിയുടെ അമ്മ ഇന്ദിരാ ഗാന്ധിയും ഇന്ദിരയുടെ അച്ഛന് ജവഹര്‍ലാല്‍ നെഹ്റുവും പ്രധാനമന്ത്രിമാരായിരുന്നു. കോണ്‍ഗ്രസിന് സംഭവിച്ച തിരിച്ചടികളെക്കുറിച്ച് സംസാരിക്കവെയാണ് ചക്രബര്‍ത്തി പാര്‍ട്ടിയിലെ കുടുംബ വാഴ്ചയെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യമുന്നയിച്ചത്.
‘എന്റെ കുടുംബത്തിലെ ആരും യുപിഎ സര്‍ക്കാരുകളില്‍ ഉണ്ടായിരുന്നില്ല. എനിക്ക് ഒരു പ്രത്യയ ശാസ്ത്ര കാഴ്ചപ്പാടുണ്ട്. ചില ആശയങ്ങള്‍ക്ക് വേണ്ടിയാണ് എന്റെ പോരാട്ടം. അത് എന്റെ പിതാവ് രാജീവ് ഗാന്ധി ആയതുകൊണ്ട് മാത്രം ഉണ്ടാവുന്നതാണെന്ന് പറഞ്ഞാല്‍, പോരാടാന്‍ എനിക്ക് അവകാശമില്ലെന്ന് പറഞ്ഞാല്‍, എനിക്കത് അനുവദിച്ചുതരാനാവില്ല. എന്റെ അച്ഛന് ആരാണെന്നോ എന്റെ മുത്തച്ഛന് ആരാണെന്നോ എന്റെ പിതാമഹന്മാര് ആരാണെന്നോ ഞാന്‍ ഗൗനിക്കുന്നില്ല. ഞാന്‍ വിലപ്പെട്ടതായി കരുതുന്ന ആശയങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്’.
ചര്‍ച്ചയില്‍ കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്തപക്ഷം, ഈ പ്രക്ഷോഭം ഇനിയും പടരും. അത് രാജ്യത്തിന് നല്ലതാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.