കൃഷിമന്ത്രി നിലമൊരുക്കിയത് ആറന്മുള വിമാനത്താവളത്തിന്റെ സ്ഥലത്തല്ല,സര്‍ക്കാര്‍ ഭൂമിയില്‍;മുഖ്യമന്ത്രി സ്വകാര്യഭൂമിയില്‍ വിത്ത് വിതക്കും
ആറന്മുള: ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചെന്നും കൃഷിയിറക്കുമെന്നും പ്രഖ്യാപിച്ചതിനുശേഷം വിത്തിറക്കാന്‍ നിലമൊരുക്കിയത് സര്‍ക്കാര്‍ വക ഭൂമിയിലെന്ന് റിപ്പോര്‍ട്ട്. ആറന്മുളയില് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളെജിനായി കണ്ടെത്തിയ ഭൂമിയിലാണ് വിമാനത്താവള മേഖലയെന്ന പേരില്‍ കൃഷിയിറക്കാനുളള നീക്കം നടന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം ബോധ്യപ്പെട്ടതോടെ സ്വകാര്യ ഭൂമിയില്‍ കൃഷിയിറക്കാനുളള നീക്കങ്ങള്‍ ആരംഭിച്ചു. ഈ മാസം 29 നാണ് വിത്ത് വിതച്ച് കൃഷിയിറക്കല്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പിണറായി വിജയന് നിര്‍വഹിക്കുന്നത്.
ആറന്മുള വയല്‍മേഖലയില്‍ ഉള്‍പ്പെട്ട തെച്ചിക്കാവ്, തെക്കേഭാഗം, തൂമ്പടി, പന്നിവേലിമൂല എന്നിവിടങ്ങളിലെ 70 ഏക്കര്‍ കൃഷിയിടമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്നത്. സ്വകാര്യ വിമാനത്താവളത്തിനു കണ്ടെത്തിയ സ്ഥലത്ത് കൃഷിയിറക്കുന്നുവെന്ന് പ്രചരിപ്പിച്ച് സര്‍ക്കാര്‍ ഭൂമിയില്‍ വിത്തുവിതയ്ക്കാനുള്ള അധികൃതരുടെ നീക്കത്തിനു പിന്നില്‍ ഭരണകക്ഷിയിലെ ചിലര്‍ക്കും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ഭൂപരിധി നിയമം മറികടന്നു കെജിഎസ്. കമ്പനി ആറന്മുളയില് വാങ്ങിക്കൂട്ടിയ സ്ഥലത്ത് കൃഷിയിറക്കുമെന്നായിരുന്നു പ്രചാരണവും പ്രഖ്യാപനവും. കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ ഇതിനായി മുന്‍കൈ എടുക്കുകയും പന്തളം കടയ്ക്കാട് ഫാമിലെ കൃഷി ഓഫീസര്‍ എ. സജീവനെ ഇതിന്റെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ മാസം മന്ത്രി സുനില്‍കുമാര്‍ ആറന്മുളയില് എത്തി നിലമൊരുക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ എന്‍ജിനീയറിങ് കോളജിന്റെ ഗ്രൗണ്ടിനായി കണ്ടെത്തിയ സ്ഥലമായിരുന്നു കൃഷിക്കായി അധികൃതര്‍ തെരഞ്ഞെടുത്തതെന്ന കാര്യം അന്ന് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സര്‍ക്കാര്‍ ഭൂമിയിലാണ് നിലം ഒരുക്കിയതെന്നറിയാതെ ഉദ്ഘാടനം നടത്തി മന്ത്രി മടങ്ങി. ഈ സ്ഥലം ആറന്മുള പുഞ്ചപ്പാടത്തിന്റെ ഭാഗമായതിനാല്‍ ആരും ഇക്കാര്യം ശ്രദ്ധിച്ചതുമില്ല.
വിമാനത്താവളത്തിനായി നികത്തിയ പാടത്തുനിന്ന് നീക്കുന്ന മണ്ണ് എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടിനായി കണ്ടെത്തിയ സ്ഥലം നികത്താന്‍ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കലക്ടറെ സമീപിച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. നിലം നികത്താനായി എന്‍ജിനീയറിങ് കോളജിനു സമീപത്തെ വയല്‍ കഴിഞ്ഞ ദിവസം റവന്യു അധികൃതര്‍ അളന്നു തിട്ടപ്പെടുത്തിയപ്പോഴാണ് മൂന്നേക്കര്‍ വരുന്ന വിശാലമായ സര്‍ക്കാര്‍ ഭൂമിയാണ് കൃഷി ഇറക്കാന്‍ തെരഞ്ഞെടുത്തതെന്ന് അധികൃതര്‍ മനസിലാക്കുന്നത്. കെജിഎസിന്റെ പക്കലുള്ള 232 ഏക്കര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുക്കാനുള്ള നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിയമപ്രകാരം വിമാനത്താവള മേഖല ഇപ്പോഴും കെജിഎസിന്റെ കൈവശമാണുള്ളത്. ഇവിടെ കമ്പനിയുടെ സമ്മതമില്ലാതെ കൃഷിയിറക്കാനും സാധിക്കില്ല.