സേനാപിന്മാറ്റത്തെ സ്വാഗതം ചെയ്ത് യുഎസ്, ഇന്ത്യൻ ഭൂമി വിട്ടുകൊടുത്തെന്നു രാഹുൽ
വാഷിങ്ടൺ, ന്യൂഡൽഹി: കിഴക്കൻ ലഡാഖിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയും ചൈനയും സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്ത് അമെരിക്ക. ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ തങ്ങൾ തുടർന്നും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. പാങ്കോങ് ത്സോ തടാകത്തിന്റെ ഇരു കരകളിലും നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിക്കുകയാണെന്ന് വ്യാഴാഴ്ചയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ പ്രഖ്യാപിച്ചത്. പല ഘട്ടമായി സേനാപിന്മാറ്റം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സേനാപിന്മാറ്റം ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് അമെരിക്കൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. യുഎസിലെ ചില പാർലമെന്റ് അംഗങ്ങളും ഇന്ത്യ-ചൈന സമാധാന നീക്കത്തെ സ്വാഗതം ചെയ്തു രംഗത്തെത്തി.
ഇതിനിടെ, സമാധാനനീക്കത്തിന്റെ ഭാഗമായി ഇന്ത്യൻ ഭൂമി . കേന്ദ്ര സർക്കാർ ചൈനയ്ക്കു കീഴടങ്ങിയെന്ന ആരോപണമുയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും. ഫിംഗർ എട്ടുവരെ ഇന്ത്യയുടേതാണെന്നും പിന്നെന്തിന് ഫിംഗർ മൂന്നിലേക്കു പിന്മാറുന്നുവെന്നുമാണ് ഇവരുടെ ചോദ്യം. എന്നാൽ, ഇന്ത്യയുടെ ഭൂമി ചൈനയ്ക്കു നൽകിയതിനെക്കുറിച്ച് രാഹുൽ സ്വന്തം മുത്തച്ഛനോടാണു ചോദിക്കേണ്ടതെന്ന മറുപടിയുമായി ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി രംഗത്തെത്തി.
ഫിംഗർ 4 ആണ് ഇന്ത്യയുടെ പോസ്റ്റെന്നും ഫിംഗർ 3ലേക്കു പിന്മാറിയതെന്തിനെന്നും രാഹുൽ ചോദിച്ചു. ഇക്കാര്യത്തിൽ പ്രതിരോധമന്ത്രി മറുപടി പറയണം. എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്താത്തതെന്നും രാഹുൽ. ഇന്ത്യയുടെ കൈവശം ഫിംഗർ 4 വരെ ഭൂമി ഉണ്ടായിരുന്നു. ഇപ്പോൾ ഫിംഗർ 3 ലേക്ക് പിന്മാറിയത് എന്തിനാണ്? നമ്മുടെ വീരസൈനികർ കഷ്ടപ്പെട്ട് പിടിച്ച കൈലാസ നിരകൾ വിട്ടു കൊടുത്തത് എന്തിനാണ്? ഡെപ്സങ്, ഗോഗ്ര, ഹോട്സ്പ്രിങ് എന്നിവിടങ്ങളിൽ ചൈന കടന്നു കയറിയിരുന്നു. അതേക്കുറിച്ചു മിണ്ടാത്തത് എന്താണെന്നും രാഹുൽ.
ഇന്ത്യൻ സേന ഫിംഗർ എട്ടു വരെ പട്രോളിങ് നടത്തിയിരുന്നെന്ന് അസദുദീൻ ഒവൈസി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഫിംഗർ നാലിലേക്ക് പട്രോളിങ് ചുരുക്കുന്നതെന്നും ഒവൈസി ചോദിച്ചു.
ഇന്ത്യയുടെ ഭൂമി ചൈനയ്ക്കു കാഴ്ചവച്ചത് രാഹുലിന്റെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവാണെന്നാണ് കിഷൻ റെഡ്ഡിയുടെ മറുപടി. അദ്ദേഹത്തോടാണ് രാഹുൽ ഈ ചോദ്യങ്ങൾ ചോദിക്കേണ്ടിയിരുന്നത്. ആരാണു രാജ്യസ്നേഹിയെന്നും ആരാണ് അങ്ങനെയല്ലാത്തതെന്നും എല്ലാവർക്കുമറിയാം. ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഈ സർക്കാർ അയൽരാഷ്ട്രങ്ങളെയും ലോകത്തെയും കാണിച്ചുകൊടുത്തിട്ടുണ്ട്. രാഹുലിന്റെ പ്രസ്താവന മര്യാദയും പക്വതയുമില്ലാത്തതാണെന്നും അദ്ദേഹം ഒരു കാര്യവും ശരിയായി മനസിലാക്കാതെയാണ് പറയുന്നതെന്നു കിഷൻ റെഡ്ഡി.