കൊവിഡ് 19 : പുതിയ കേസുകളിൽ 57% കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്ത് ഇന്നു രാവിലെ പുതുക്കിയ കണക്കനുസരിച്ച് അവസാന 24 മണിക്കൂർ സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ 56.73 ശതമാനവും കേരളത്തിൽ. രാജ്യത്തെ പുതിയ കേസുകൾ ഈ മാസം മൂന്നാം തവണയും പതിനായിരത്തിൽ താഴെയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ 9,309. ഇതിൽ 5,281 കേസുകളും കേരളത്തിലാണ്. 3,297 കേസുകൾ മഹാരാഷ്ട്രയിൽ. അതായത് രാജ്യത്തു സ്ഥിരീകരിച്ച പുതിയ കേസുകളിൽ 92 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമായി.
ഈ മാസം ഏഴാം തവണയും പ്രതിദിന മരണസംഖ്യ 100ൽ താഴെ. 78 പേരുടെ മരണമാണ് അവസാന 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. ഇതോടെ ഇതുവരെയുള്ള കൊവിഡ് മരണം 1,55,447 ആയിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയ കൊവിഡ് കേസുകൾ 1,08,80,603. രോഗമുക്തർ 1,05,89,230. ആക്റ്റിവ് കേസുകൾ വീണ്ടും കുറഞ്ഞ് 1,35,926 ആയി. മൊത്തം കേസ് ലോഡിന്റെ ഒന്നേകാൽ ശതമാനം മാത്രമാണിത്.
സജീവ കേസുകളുടെ 47 ശതമാനം കേരളത്തിലാണ്. 30,265 കേസുകൾ മഹാരാഷ്ട്രയിലുണ്ട്. ആക്റ്റിവ് കേസുകളുടെ 69 ശതമാനമാണ് കേരളത്തിലും മഹാരാഷ്ട്രയിലുമായി. രാജ്യത്തെ കൊവിഡ് റിക്കവറി നിരക്ക് 97.32 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.43 ശതമാനത്തിൽ തുടരുന്നു. 7,65,944 സാംപിളുകളാണ് അവസാന ദിവസം പരിശോധിച്ചത്. പ്രതിദിന മരണസംഖ്യയിൽ ഇരുപത്തഞ്ചും മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 16 പേർ കൂടി മരിച്ചു. പഞ്ചാബിലും കർണാടകയിലും ഏഴു പേർ വീതമാണ് അവസാന ദിവസം മരിച്ചത്.
മഹാരാഷ്ട്രയിലെ ഇതുവരെയുള്ള കൊവിഡ് മരണം 51,415 ആയിട്ടുണ്ട്. തമിഴ്നാട്ടിൽ 12,402, കർണാടകയിൽ 12,251, ഡൽഹിയിൽ 10,886, പശ്ചിമ ബംഗാളിൽ 10,225, ഉത്തർപ്രദേശിൽ 8,696, ആന്ധ്രപ്രദേശിൽ 7,161 പേർ വീതം മരിച്ചിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ കൊവിഡ് വാക്സിൻ സ്വീകരിച്ചവർ 74.30 ലക്ഷത്തിലേറെയായെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 27 ദിവസത്തിനിടെയാണിത്. ഇവരിൽ 58 ലക്ഷത്തോളം പേർ ആരോഗ്യ പ്രവർത്തകരാണ്. 16 ലക്ഷത്തിലേറെ പേർ മുൻനിര പ്രവർത്തകരും. പൊലീസ്, സിവിൽ- പ്രതിരോധ ഉദ്യോഗസ്ഥർ, മുനിസിപ്പൽ ജീവനക്കാർ തുടങ്ങിയ മുൻനിര പ്രവർത്തകർക്ക് വാക്സിൻ നൽകിത്തുടങ്ങിയത് ഫെബ്രുവരി രണ്ടിനാണ്.
ഉത്തർപ്രദേശിൽ 7.52 ലക്ഷത്തിലേറെ പേരും ഗുജറാത്തിലും മഹാരാഷ്ട്രയിലും ആറു ലക്ഷത്തിലേറെ പേരും ഇതുവരെ വാക്സിൻ സ്വീകരിച്ചു. മധ്യപ്രദേശിൽ 4.85 ലക്ഷവും കർണാടകയിൽ 4.76 ലക്ഷവും പേർ കുത്തിവയ്പ്പ് എടുത്തു. പശ്ചിമ ബംഗാളിലും ബിഹാറിലും നാലര ലക്ഷത്തോളം പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. കേരളത്തിൽ 3.33 ലക്ഷത്തിലേറെ പേർക്ക്.