അഞ്ചാം ദിവസവും മരണസംഖ്യ നൂറിൽ താഴെ
ന്യൂഡൽഹി: രാജ്യത്ത് ഇന്നു രാവിലെ പുതുക്കിയ കണക്കിൽ അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 11,067 പുതിയ കൊവിഡ് കേസുകൾ. ഇതിൽ 5,214ലും കേരളത്തിലാണ്. തുടർച്ചയായി അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് മരണസംഖ്യ നൂറിൽ താഴെ. 94 പേർ അവസാന 24 മണിക്കൂറിൽ മരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതുതായി രേഖപ്പെടുത്തിയ മരണങ്ങളിൽ മുപ്പത്തഞ്ചും മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനത്തു കേരളം- 19. പഞ്ചാബിൽ എട്ടും പശ്ചിമ ബംഗാളിൽ ആറും പേർ വീതം അവസാന ദിവസം മരിച്ചു.
രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് രോഗബാധിതർ 1,08,58,371 ആയിട്ടുണ്ട്. ഇതിൽ 1,05,61,608 പേർ രോഗമുക്തരായി. ഇതുവരെയുള്ള മരണസംഖ്യ 1,55,252. റിക്കവറി നിരക്ക് 97.27 ശതമാനമായി ഉയർന്നിട്ടുണ്ട്. മരണനിരക്ക് 1.43 ശതമാനത്തിൽ തുടരുന്നു.
ആക്റ്റിവ് കേസുകൾ വീണ്ടും കുറഞ്ഞ് 1.41 ലക്ഷത്തിലെത്തി. ഇതിൽ 64,131 കേസുകളും കേരളത്തിലാണ്. 7.47 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്തുണ്ട്. രോഗബാധിതരിലും പോസിറ്റിവിറ്റി നിരക്കിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണ്. ആക്റ്റിവ് കേസുകളിൽ രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര. 34,640 പേരാണ് അവിടെ രോഗബാധിതരായി ഇപ്പോഴുള്ളത്. 2,515 പുതിയ കേസുകൾ അവസാന ദിവസം അവിടെ കണ്ടെത്തി. രാജ്യത്ത് അവസാന ദിവസം 7.37 ലക്ഷത്തോളം സാംപിളുകളാണു പരിശോധിച്ചത്.
മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണസംഖ്യ 51,360 ആയിട്ടുണ്ട്. തമിഴ്നാട്ടിലും കർണാടകയിലും 12,000ൽ ഏറെ പേർ മരിച്ചു. ഡൽഹിയിൽ 10,882 പേരും പശ്ചിമ ബംഗാളിൽ 10,215 പേരുമാണു മരിച്ചത്. ഉത്തർപ്രദേശിൽ 8,691, ആന്ധ്രപ്രദേശിൽ 7,160 എന്നിങ്ങനെയാണ് ഇതുവരെയുള്ള മരണം.
അവസാന മൂന്നാഴ്ചക്കിടെ ഏഴു സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിൽ കൊവിഡ് മരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 33 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിൽ അയ്യായിരത്തിൽ താഴെയാണ് ആക്റ്റിവ് കേസുകൾ. ഇതുവരെ കൊവിഡ് വാക്സിൻ സ്വീകരിച്ചവർ 65 ലക്ഷം പിന്നിട്ടിട്ടുമുണ്ട്. 25 ദിവസത്തിനകമാണ് ഇന്ത്യ 65 ലക്ഷം പേർക്കു വാക്സിൻ നൽകിയത്. മറ്റൊരു രാജ്യവും ഇത്രയും വേഗത്തിൽ ഇത്രയേറെ പേർക്ക് കൊവിഡ് വാക്സിൻ വിതരണം ചെയ്തിട്ടില്ല.