പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന് മാണി സി കാപ്പന്; ഇടത് മുന്നണിയില്‍ തുടരുമെന്ന് ശശീന്ദ്രന് വിഭാഗം; എന്‍സിപി പിളര്‍പ്പിലേക്ക്
പാലാ സീറ്റ് എന്‍സിപിക്ക് നല്‍കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തില്‍ പ്രതികരിച്ച് മാണി സി കാപ്പന്. പാലാ സീറ്റ് വിട്ട് എങ്ങോട്ടുമില്ലെന്നും കുട്ടനാട് സീറ്റില്‍ മത്സരിക്കാനില്ലെന്നും മാണി സി കാപ്പന് പ്രതികരിച്ചു. സീറ്റ് സംബന്ധിച്ച നിര്‍ണായക തീരുമാനം വെള്ളിയാഴ്ച്ചയുണ്ടാവുമെന്നും മാണി സി കാപ്പന് പറഞ്ഞു.
എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് എന്‍സിപിക്ക് പാലാ നല്‍കില്ലെന്ന് തീരുമാനം മുഖ്യമന്ത്രി അറിയിക്കുന്നത്. പകരം പാര്‍ട്ടിക്ക് കുട്ടനാട്ടില്‍ മത്സരിക്കാമെന്നായിരുന്നു മുഖ്യമന്ത്രി മുന്നില്‍ വെച്ച നിര്‍ദേശം. ഇതോടെ എന്‍സിപി ഇടത് മുന്നണി വിടാനുള്ള സാധ്യതയേറുകയാണ്.
എന്നാല്‍ എകെ ശശീന്ദ്രന് വിഭാഗം ഇടത് മുന്നണിയില്‍ തുടരുമെന്ന് ഉറച്ച് നില്‍ക്കുകയാണ്. കാപ്പന് മുന്നണി വിട്ടാലും തിരിച്ചടിയാവില്ല, പത്ത് ജില്ലാ കമ്മിറ്റികള്‍ ഒപ്പമുണ്ടാവുമെന്നാണ് ശശീന്ദ്രന് പക്ഷം അറിയിച്ചത്. അതോടെ എന്‍സിപി പിളര്‍പ്പിലേക്കാണ് നീങ്ങുന്നത്.
എന്‍സിപി ഇടത് മുന്നണിയില്‍ തുടരുമോയെന്നതില്‍ മാണി സി കാപ്പനും പീതാംബരന് മാസ്റ്ററും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായുള്ള ഇന്നത്തെ കൂടികാഴ്ച്ച നിര്‍ണായകമാവും. ഇന്ന് ഉച്ചയോടെയാണ് കൂടികാഴ്ച്ച.
കഴിഞ്ഞ ദിവസം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും തമ്മില്‍ കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതില്‍ പാലാ സീറ്റ് തര്‍ക്കം ഏറെ കൂറേ പരിഹരിക്കപ്പെട്ടുവെന്നായിരുന്നു സൂചന. എന്നാല്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ ഇനിയുള്ളത് നിര്‍ണായ രാഷ്ട്രീയ നീക്കങ്ങളായിരിക്കും.
മാണി സി കാപ്പന് മുന്നണി വിടാന്‍ തീരുമാനിച്ചാല്‍ പാലായില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി എത്തുമെന്നാണ് സൂചന. ാജ്യസഭാ സീറ്റ് രാജി വെച്ചായിരിക്കും ജോസ് കെ മാണി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സിപിഐയുടെ കാഞ്ഞിരപ്പള്ളി സീറ്റും ജോസ് കെ മാണിക്ക് സിപിഐഎം നല്‍കും.
പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ വിജയമാണ് ജോസ് കെ മാണിയുടെ ആത്മവിശ്വാസത്തിന് കാരണമായി കരുതുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട് എല്‍ഡിഎഫിന് മണ്ഡലത്തില്‍. നേരത്തെ കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങളുണ്ടായിരുന്നത്.