കൊച്ചിയെ ഫലപ്രദമായി നയിച്ച സൗമിനിക്ക് ആഗോള സംഘടനയുടെ ആദരം
കൊച്ചി: ലോകമാകെ പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ സമയങ്ങളില്‍ കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയെ ഫലപ്രദമായി നയിച്ച അന്നത്തെ മേയര്‍ സൗമിനി ജയിന് ആഗോള തലത്തിലുള്ള സംഘടനയുടെ ആദരം. ലോകത്തെയാകെ നഗരങ്ങളുടെ ഉന്നമനത്തിനായി പ്രത്യേകിച്ച് ഗതാഗത സംവിധാനം മെച്ചപ്പെട്ട നിലവാരത്തിലാക്കുന്നതിനായി നിലകൊള്ളുന്ന ട്രാന്‍സ്ഫോര്‍മേറ്റീവ് അര്‍ബന്‍ മൊബൈലിറ്റി ഇനിഷ്യേറ്റീവ്(ടി യു എം ഐ) ആണ് കൊച്ചിയുടെ മുന്‍ മേയര്‍ക്ക് ആദരമര്‍പ്പിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് സുചിത്വത്തോടെയും സുസ്ഥിരമായും പുരോഗതി മുന്‍നിര്‍ത്തിയും നഗര ഭരണം നിര്‍വ്വഹിച്ച 21 പേരെയാണ് ടി യു എം ഐ തെരഞ്ഞെടുത്തിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പൈതൃക നഗരമായ ഫ്രാന്‍സിലെ പാരിസിനൊപ്പമാണ് കൊച്ചിയും തെരഞ്ഞെടുക്കപ്പെട്ടത്. 2020ല്‍ നഗരങ്ങളെ ഫലപ്രദമായി നയിച്ച 21 പേര് എന്നാണ് ആദരവിന് ടി യു എം ഐ നല്‍കിയിരിക്കുന്ന വിശേഷണം. 2015 മുതല്‍ കൊച്ചി കോര്പ്പറേഷന് മേയറായ സൗമിനി ജെയിന് 2021 ജനുവരിയിലാണ് സ്ഥാനമൊഴിഞ്ഞത്. 2020 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഭരണകാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് മേയര്‍ പദത്തില്‍ നിന്നും ഒഴിഞ്ഞത്.
നഗര ഭരണകര്‍ത്താക്കളെ തെരഞ്ഞെടുത്തുകൊണ്ട് ടി യു എം ഐ പ്രസിദ്ധപ്പെടുത്തിയ പ്രത്യേക മാഗസിനില്‍ ഒരു പേജ് സൗമിനി ജെയിനുവേണ്ടി നീക്കിവച്ചിട്ടുണ്ട്. ‘ാവിഡ് വ്യാപനം ലോകത്തിന് ഭീതി വിതയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ മേയര്‍ സൗമിനി ജയിന് കരുതല്‍ നടപടികള്‍ സ്വീകരിച്ചുതുടങ്ങി. ആള്‍ക്കൂട്ടങ്ങളെ നിയന്ത്രിക്കാനുള്ള അധികാരമില്ലെങ്കിലും അത്തരം സാഹചര്യങ്ങളില്‍ സംരക്ഷണ സംവിധാനങ്ങള്‍ കൃത്യമായി ഏര്‍പ്പെടുത്താന്‍ തുടങ്ങി. സുചിത്വം മുന്‍നിര്‍ത്തി മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ കൈ കഴുകല്‍ സംവിധാനങ്ങള്‍ ഒരുക്കി. ആളുകള്‍ക്ക് മാസ്ക് വിതരണം ചെയ്യുന്ന കാര്യത്തില്‍ ബദ്ധശ്രദ്ധപുലര്ത്തി. ഹോട്ടലുകള്‍ പൂട്ടിക്കിടന്ന അവസരത്തില്‍ വീടുകള്‍ വിട്ട് താമസിക്കുന്നവര്‍ക്കും സര്‍ക്കാര്‍ പാര്‍പ്പിട സങ്കേതങ്ങളില്‍ തങ്ങേണ്ടി വന്നവര്‍ക്കും സമയാസമയം ഭക്ഷണം എത്തിച്ചുകൊടുത്തു. ഇതിനെല്ലാറ്റിനും പുറമെ നഗരത്തിന്റെ ഓരോ പ്രദേശവും ശുചിയായിരിക്കുവാന് അങ്ങേയറ്റം പ്രേരകശക്തിയായി നിലകൊണ്ടു.
പണമിടപാടിലൂടെ സമ്പര്‍ക്കം ഒഴിവാക്കാന്‍ ക്യൂ ആര് കോഡ് സംവിധാനം ഗണ്യമായ തോതില്‍ പ്രോത്സാഹിപ്പിക്കാനും മേയര്‍ മറന്നില്ല. കൂടാതെ നഗരത്തിലെ ഓട്ടോ റിക്ഷകളില്‍ ഡ്രൈവറും യാത്രക്കാരും തമ്മിലുള്ള വായുബന്ധം നിയന്ത്രിക്കുന്നത് വഴി കോവിഡിനെ നിയന്ത്രിക്കാന്‍ ഓട്ടോകളില്‍ ട്രാന്‍സ്പരന്റ് ഷീറ്റ് ഘടിപ്പിക്കുന്ന സംവിധാനം നിലവില്‍വരുത്തി’- കോവിഡ് കാലത്ത് നഗരത്തിലെ യാത്രാ സംവിധാനം സുഗമമായും സുരക്ഷിതമാക്കാനും ചെയ്യിച്ചതാണ് കൊച്ചി മേയറായിരുന്ന സൗമിനി ജെയിന് പുരസ്കാരത്തിനര്ഹയാക്കാന് നിര്‍ണയിച്ച പ്രധാന ഘടകം. എന്ന് മാസികയില്‍ വ്യക്തമാക്കുന്നു.
സംഘടനയുടെ ഫലപ്രദമായ ഇടപെടലിനെ തുടര്‍ന്ന് യുക്രൈനിലെ എല്‍ വിവ് നഗരത്തില്‍ വാഹനഗതാഗതം വഴി ഉണ്ടാകുന്ന ശബ്ദമലിനീകരണം 20 ശതമാനം കുറയ്ക്കാന്‍ സാധിച്ചു. കൂടാതെ റോഡ് ഗതാഗതത്തിന്റെ 40 ശതമാനം ഇലക്ട്രോണിക് വാഹനങ്ങളുടേതാക്കിമാറ്റാന് സാധിച്ചു. ഇതുപോലെ ഇക്വഡോറിലെ ക്യുവെന്സയില് ഗതാഗത സംവിധാനത്തിലെ പാകപ്പിഴകള്‍ പരിഹരിച്ച് സുസ്ഥിരമായ സംവിധാനത്തിലാക്കാന്‍ സംഘടനയ്ക്ക് സാധിച്ചു.
സൗമിനിയെ കൂടാതെ ലോകത്ത് തെരഞ്ഞെടുക്കപ്പെട്ട മറ്റ് 20 പേരില്‍ ഒരാള്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളത്. ഒഡീഷയിലെ തലസ്ഥാന നഗരത്തിന്റെ ഗതാഗത സംവിധാനം മെച്ചപ്പെടുതില് അവിടുത്തെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനമായ ഒ എസ് ആര് ടി സി എം.ഡി അരുണ്‍ ബോത്രയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ബെല്‍ജിയത്തിലെ നഗരമായ ബ്രസ്സല്‍സിന്റെ തലസ്ഥാന മന്ത്രി, കൊളംബിന്‍ നഗരമായ മെഡെല്ലിനിലെ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി, യുക്രൈനിലെ എല്‍വിവ് നഗര കൗണ്‍സിലിലെ ട്രാന്‍സ്പോര്‍ട്ട് മാനേജര്‍, എതിയോപ്പിയയിലെ ഫെഡറല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ ട്രാന്‍സ്പോര്‍ട്ട് മന്ത്രി, അമേരിക്കന്‍ നഗരമായ ടെസ്ലയിലെ ഇലക്ടോണിക് ഗതാഗത സംവിധാനമായ സ്പേസ് എക്സിന്റെ സ്ഥാപകന്‍, ചൈനയിലെ ഷെന്‍സെന്‍ ബസ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അമേരിക്കയിലെ തന്നെ സീട്ടില്‍ നഗരത്തിന്റെ ട്രാഫിക് എന്‍ജീനീയര്‍ ഇങ്ങനെ നീളുന്നു ഇരുപത് ടി യു എം ഐ പുരസ്കാരത്തിന് അര്‍ഹരായ ഇരുപത്തിയൊന്ന് പേരുടെ കണക്കുകള്‍. ഇതില്‍ ഫ്രാന്‍സിലെ പാരിസ് നഗരത്തിന്റെ മേയറായ വനിത അന്നെ ഹിഡാല്‍ഗോയും ഉള്‍പ്പെടുന്നുണ്ട്.