‘അര്‍ഹതയില്‍ ആരും എന്റെ മുകളിലോ താഴെയോ അല്ല’; കേരളത്തിലെ സ്ത്രീകള്‍ക്ക് സ്വന്തം മേല്‍വിലാസവും ജീവിതവുമുണ്ടെന്ന് നിനിത കണിച്ചേരി
കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ നിയമനം വിവാദമായ വാര്‍ത്തകളോട് പ്രതികരണവുമായി എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി. തനിക്കെതിരെ നടക്കുന്ന ഈ റാങ്ക്ലിസ്റ്റ് അട്ടിമറി ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി നിനിത കണിച്ചേരി ആരോപിച്ചു. ഏഴ് വര്‍ഷം മുന്‍പുള്ള ഒരു പിഎസ്സി റാങ്ക് ലിസ്റ്റില്‍ തന്റെ പേര് 212-ാം റാങ്കിലാണെന്ന് ചൂണ്ടിക്കാണിച്ച് മാധ്യമങ്ങള്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നും നിനിത ആരോപിച്ചു.
വിവാദ നിയമനത്തില്‍ തന്നെക്കാള്‍ യോഗ്യരായവര്‍ എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ ഈ റാങ്ക് ലിസ്റ്റില്‍ കാണിച്ചുതരാനാകുമോ എന്നും നിനിത വെല്ലുവിളിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം ചര്‍ച്ചയ്ക്കിടയില്‍ അവതാരകനെ നേരിട്ട് വിളിച്ചുകൊണ്ടായിരുന്നു നിനിതയുടെ പ്രതികരണം.
തനിക്കെതിരെ നടക്കുന്ന ചര്‍ച്ചകളുടെ യഥാര്‍ഥ ലക്ഷ്യം താനല്ല എന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് ആദ്യമാദ്യം പ്രതികരിക്കാതിരുന്നത്. എന്നാല്‍ ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങള്‍ വൈസ് ചാന്‍സിലര്‍ക്ക് അയച്ചു എന്ന് പറയുന്ന കത്ത് വാട്ട്സ്ആപ്പിലൂടെ വിവാദമുണ്ടാകുന്നതിന് മുന്‍പ് രാത്രിതന്നെ വാട്ട്സ്ആപ്പില്‍ ലഭിക്കുകയുണ്ടായി. ഈ സംഭവങ്ങളെല്ലാം ദുരുദ്ദേശപരമാണ്. ആരും തനന്നെക്കാള് യോഗ്യതയില്‍ ഉയര്ന്നവരാണെന്നോ താഴെയാണെന്നോ വാദമില്ല. തന്നെ മാറ്റി നിര്‍ത്താന്‍ സമ്മര്‍ദ്ദമുണ്ടായ പശ്ചാത്തലത്തില്‍ ജോലിക്ക് കയറാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും നിനിത കണിച്ചേരി കൂട്ടിച്ചേര്‍ത്തു.
തനിക്ക് വ്യക്തിപരമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ ജോലിയ്ക്ക് കയറാന്‍ തനിക്ക് മുന്‍പ് താല്‍പ്പര്യമില്ലായിരുന്നെന്നും നിനിത അറിയിച്ചു. ഭര്‍ത്താവിന്റെ മേല്‍വിലാസത്തിലല്ല സ്ത്രീകള്‍ അറിയപ്പെടുന്നതെന്നും അവര്‍ക്ക് സ്വന്തമായി ജീവിതമുണ്ടെന്നും നിനിത ആഞ്ഞടിച്ചു.
അതേസമയം നിനിതയുടെ നിയമനത്തിനെതിരെ ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിഷയ വിദഗ്ധര്‍ വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്കി. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂവരും കത്തില്‍ വ്യക്തമാക്കി. ഡോ ഉമര്‍ തറമേല്‍, കെഎം ഭരതന്. പി പവിത്രന് എന്നിവരാണ് കത്ത് നല്‍കിയത്.
ഇന്റര്‍വ്യൂ ബോഡിന്റെ ഏഴംഗ സമിതിയില്‍ മൂന്നുപേര്‍ മാത്രമായിരുന്നു വിഷയവിദഗ്ധരായി ഉണ്ടായിരുന്നത്. ഉദ്യോഗാര്‍ത്ഥിക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടത് വിഷയ വിദഗ്ധരാണ്. തങ്ങളുടെ തെരഞ്ഞെടുപ്പനുസരിച്ച് നിനിത കണിച്ചേരിക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും നിനിതയെ തങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ലായിരുന്നെന്നും വ്യക്തമാക്കിയാണ് മൂവരും വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കിയത്. മറ്റൊരു ഉദ്യോഗാര്‍ത്ഥിക്കായിരുന്നു മുസ്ലിം സംവരണ വിഭാഗത്തില്‍ ഒന്നാം റാങ്ക്. പട്ടിക അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.