സാബു എം ജേക്കബിനെതിരെ പ്രതിഷേധം ശക്തം; മഴുവന്നൂര്‍ കണക്കിലെടുത്ത് കുന്നത്തുനാട്ടിലെ ആസൂത്രണ സമിതി യോഗത്തിന് പൊലീസ് സുരക്ഷ
ട്വന്റി ട്വന്റി ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിലെ ആസൂത്രണ സമിതി യോഗം ഇന്ന്. ആസൂത്രണ സമിതി ഉപാധ്യക്ഷനായ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് യോഗത്തില്‍ എത്തുന്നത് കോടതി ഉത്തരവോടെയാണ്. സംഭവസ്ഥലത്ത് പ്രതിഷേധം ഉയരാതിരിക്കാന്‍ പൊലീസ് സംരക്ഷണം നല്കാന് ഹൈക്കോടതി ഉത്തരവുണ്ട്.
യോഗം നടക്കുന്ന സ്ഥലത്ത് കൊവിഡ് സെക്ട്രല്‍ മജിസ്ട്രേറ്റ് എത്തണമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും കോടതി നിര്‍ദേശമുണ്ട്. യോഗത്തില്‍ പങ്കെടുക്കുന്ന സമിതി അംഗങ്ങളുടെ വിശദാംശങ്ങള്‍ കോടതി നിര്‍ദേശ പ്രകാരം പഞ്ചായത്ത് സെക്രട്ടറി പൊലീസിന് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മഴുവന്നൂര്‍ പഞ്ചായത്തിലെ ആസൂത്രണ സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ സാബു എം ജേക്കബിനെ എല്‍ഡിഎഫും യുഡിഎഫും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞിരുന്നു.
പഞ്ചായത്തിലെ ആസൂത്രണകമ്മിറ്റി യോഗത്തില്‍ സാബു അനധികൃതമായി പങ്കെടുത്തുവെന്നാരോപിച്ചായിരുന്നു നീക്കം. എന്നാല്‍ സാബു ജേക്കബാണ് ആസൂത്രണ കമ്മിറ്റിയുടെ വൈസ് ചെയര്മാന്. ചെയര്‍മാനായ തന്നെ സെക്രട്ടറി അറിയിച്ചത് പ്രകാരമാണ് താന്‍ യോഗത്തിനെത്തിയതെന്നായിരുന്നു സാബു ജേക്കബിന്റെ വിശദീകരണം.
സാബു എം ജേക്കബിന്റെ സഹോദരന് ബോബി എം ജേക്കബും ആലപ്പുഴ, ഇടുക്കി ജില്ലക്കാരായ ട്വന്റി-ട്വന്റിക്കാരുമാണ് എട്ടംഗ സമിതിയിലെ അംഗങ്ങള്‍. പ്രതിപക്ഷാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് സാബു എം ജേക്കബ് ഉള്‍പ്പെടെ പഞ്ചായത്തിന് പുറത്തുള്ളവരെ ചേര്‍ത്ത് ആസൂത്രണ സമിതി ഉണ്ടാക്കിയത്. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
19 അംഗ മഴുവന്നൂര്‍ പഞ്ചായത്തില്‍ ട്വന്റി-ട്വന്റിക്ക് 12 അംഗങ്ങളാണുള്ളത്. പ്രസിഡണ്ട് അധ്യക്ഷയായ ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷ സ്ഥാനത്തേക്ക് സാബു എം ജേക്കബിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. തൊട്ട് പിന്നാലെ സഹോദരന് ബോബി ജേക്കബിന്റേയും ഇതര ജില്ലക്കാരായ ട്വന്റി ട്വന്റി നേതാക്കളുടേയും പേര് ഉയര്‍ന്നു വന്നു. ഇതില്‍ എല്‍ഡിഎഫിന്റെ നാല് അംഗങ്ങളും യുഡിഎഫിന്റെ ഒരും അംഗവും എതിര്‍പ്പ് അറിയിക്കുകയായിരുന്നു. എന്നാല്‍ ഭൂരിപക്ഷം വരുന്ന ട്വന്റി ട്വന്റി അംഗങ്ങളുടെ പിന്തുണയോടെ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്ത് ആദ്യമായിരിക്കും ഇത്തരത്തില്‍ പഞ്ചായത്ത് ആസൂത്രണ സമിതി രൂപീകരിക്കുന്നതെന്നും കിറ്റെക്സ് കമ്പനിയിടെ താല്പര്യങ്ങളാണ് പഞ്ചായത്തില്‍ നടപ്പിലാക്കാന്‍ പോകുന്നതെങ്കില്‍ അതിനെതിരെ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് നില്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് ജോര്‍ജ് എടപ്പരത്തി പറഞ്ഞു.