‘മതത്തിന്റെ പേരില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമം’; ഗ്രെറ്റ തുന്‍ബെര്‍ഗിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു
പരിസ്ഥിതി സംരക്ഷക ഗ്രെറ്റ തുന്‍ബെര്‍ഗിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഗൂഢാലോചന, മതത്തിന്റെ പേരില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമം തുടങ്ങിയവയുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. കര്‍ഷക സമരത്തെ കുറിച്ചുള്ള ഗ്രെറ്റയുടെ ട്വീറ്റ് സമരത്തിന് ആഗോളതലത്തില്‍ വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. പോപ് സ്റ്റാര്‍ റിഹാനയുടെ കര്‍ഷക സമരത്തെ പിന്തുണച്ചുള്ള ട്വീറ്റിന് പിന്നാലെയാണ് ഗ്രെറ്റ ആദ്യ ട്വീറ്റ് ചെയ്യുന്നത്.
കര്‍ഷക സമരത്തിലുണ്ടായ പ്രതിക്ഷേധങ്ങളെ തുടര്‍ന്ന് സിംഘു, ഗാസിപൂര്‍, തിക്രി അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിലക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗ്രെറ്റ സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. കര്‍ഷക പ്രക്ഷേഭത്തിന് ഐക്യദാര്‍ഢ്യം’ എന്നെഴുതി ‘ഫാര്‍മേര്‍ഴ്സ് പ്രൊട്ടെസ്റ്റ്’ ‘എന്ന ഹാഷ്ടാഗോടെയായിരുന്നു ഗ്രറ്റയുടെ ട്വീറ്റ്. ഒപ്പം അതിര്‍ത്തികളില്‍ കേന്ദ്രം ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന വാര്‍ത്തയും പങ്കുവെച്ചിരുന്നു.
ഇന്ന് ഗ്രെറ്റ സമരം ചെയ്യുന്നവരെ എങ്ങിനെ പിന്തുണയ്ക്കാം എന്ന ആളുകളെ ഉപദേശിക്കുന്ന ഒരു ടൂള്‍ കിറ്റ് ട്വറ്ററില്‍ പങ്കുവെച്ചിരുന്നു. പിന്നീട് ആദ്യം പങ്കുവെച്ച ടൂള്‍ക്കിറ്റ് നീക്കം ചെയ്യുകയും പുതുക്കിയ ടൂള്‍കിറ്റ് പങ്കുവെക്കുകയും ചെയ്തു. ഫെബ്രുവരി 13, 14 തീയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസ്സിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനും ഗ്രെറ്റ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബിജെപി എംപി മീനാക്ഷി ലേഖി ഗ്രെറ്റയെ കുട്ടി എന്ന് വിളിച്ചിരുന്നു. ഗ്രെറ്റ തുന്‍ബെര്‍ഗ് ഒരു കുട്ടിയാണ്. എന്റെ കൈയ്യില്‍ അവരെ കിട്ടുകയാണെങ്കില്‍ ഞാന്‍ കുട്ടികള്‍ക്കുള്ള ഒരു അവാര്‍ഡ് അവള്‍ക്ക് കൊടുത്തേനെ. എന്നിട്ട് നോബെല്‍ പ്രൈസ് നോമിനി ലിസ്റ്റില്‍ നിന്ന് അവളുടെ പേര് നീക്കം ചെയ്യുകയും ചെയ്യും.
ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സമരത്തെ കുറിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രതികരണം അറിയിച്ചവര്‍ക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതിന് മുന്നെ കാര്യങ്ങള്‍ വ്യക്തമായി അന്വേഷിക്കണം. അനാവശ്യമായി സമൂഹമാധ്യമത്തില്‍ ഹാഷ്ടാഗുകള്‍ പ്രചരിപ്പിക്കുകയും, കമന്റുകള്‍ ചെയ്യുകയും ചെയ്യരുത്. പ്രത്യേകിച്ച് സെലിബ്രെറ്റികളുടെ ട്വീറ്റുകള്‍. ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗാണ്ട എന്ന ഹാഷ് ടാഗോടെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍ഷകസമരത്തെ പിന്തുണച്ച പോപ്പ് ഗായിക റിഹാനക്കെതിരെ ക്രിക്കറ്റ് ദൈവം സച്ചിന് രംഗത്തെത്തിയിരുന്നു. ”ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. വിദേശികള്‍ക്ക് കാഴ്ച്ചക്കാരാവാം എന്നാല്‍ പ്രതിനിധികളാവാന്‍ ശ്രമിക്കേണ്ടതില്ല. ഇന്ത്യക്ക് സ്വന്തം ജനതയെ നന്നായി അറിയാവുന്നത്. ഒരു ജനതയായി തുടരാം.” എന്നാണ് സച്ചിന് പറഞ്ഞത്.
കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് പോപ്പ് ഗായിക റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള് ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ലോകത്ത് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു. പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞത്. പ്രതികരണത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഇന്ത്യന്‍ സെലിബ്രറ്റികള്‍ രംഗത്ത് വന്നിട്ടുണ്ട്.