ബജറ്റില്‍ പങ്കെടുക്കാതെ അന്‍വര്‍ എംഎല്‍എയ്ക്ക് ആഫ്രിക്കയില്‍ ബിസിനസ്; അതേത് കച്ചവടമെന്ന് വെളിപ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്
മലപ്പുറം: ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോലുമാകാത്ത തരം എന്ത് ബിസിനസ്സാണ് പി വി അൻവർ എംഎൽഎ നടത്തുന്നതെന്ന് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ. ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തത് താൻ ബിസിനസ്സ് ആവശ്യത്തിനായി ആഫ്രിക്കയിലായത് കൊണ്ടാണെന്ന് എംഎൽഎ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. തുടർന്നാണ് എംഎൽഎ ആഫ്രിക്കയിൽ നടത്തുന്ന ബിസിനസ്സ് എന്താണെന്ന് സിപിഎം നേതൃത്വം വെളിപ്പെടുത്തണമെന്ന് നിലമ്പൂർ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വിഭാഗം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടത്.
എംഎൽഎയെ കാണാനില്ലെന്നു കാണിച്ചു യൂത്ത് കോൺഗ്രസ് നേതാവ് നിലമ്പൂർ പൊലീസിൽ നൽകിയ പരാതിയിലാണ് എംഎൽഎ ഫേസ്ബുക്കിലൂടെ താൻ ആഫ്രിക്കയിലാണെന്ന് മറുപടി പറഞ്ഞത്. പൊതുപ്രവർത്തകൻ എന്നതിനൊപ്പം താനൊരു ബിസിനസ്സുകാരൻ കൂടിയാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമാണ് താൻ ബിസിനസ് ആവശ്യത്തിനായി വിദേശത്തേക്ക് വന്നതെന്നും എംഎൽഎ സൂചിപ്പിക്കുന്നു.
എന്നാൽ പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമീഷന് നല്കിയ കണക്കിലും ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച രേഖയിലും വരുമാനനഷ്ടം കാണിച്ച എംഎൽഎ ആഫ്രിക്കയില്‍ നടത്തുന്ന ബിസിനസ് ഇടപാടുകൾ ദുരൂഹമാണെന്നാണ് യൂത്ത് കോൺഗ്രസ്സ് ആരോപിക്കുന്നത്.
റീബില്‍ഡ് നിലമ്പൂർ എന്ന പേരിൽ പ്രളയ പുനരധിവാസത്തിന് തുടങ്ങിയ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്നുവെന്നും എന്നാൽ അതിൽനിന്നും യാതൊരു തുകയും എംഎൽഎ ചെലവാക്കിയിട്ടില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. എംഎൽഎയുടെ വിദേശയാത്രകളും അന്വേഷണ വിധേയമാക്കേണ്ടതാണെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മുന്‍ വഴിക്കടവ് മണ്ഡലം പ്രസിഡൻറ് ജൂഡി തോമസ്, നിലമ്പൂര്‍ നഗരസഭ പ്രസിഡൻറ് മൂര്‍ഖന്‍ ഷംസുദ്ദീന് എന്ന മാനു, വഴിക്കടവ് മണ്ഡലം പ്രസിഡൻറ് റിഫാന്‍ വഴിക്കടവ്, അമരമ്പലം മണ്ഡലം പ്രസിഡൻറ് കെ.പി. അമീര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.