‘സ്രാവുകള്‍ക്കൊപ്പമുള്ള നീന്തല്‍ തീര്‍ന്നു, ഇനി ജനങ്ങള്‍ക്കൊപ്പം നീന്താം’; ബിജെപി തീരുമാനിക്കുന്ന മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ജേക്കബ് തോമസ്
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സര്‍വീസില്‍ നിന്നും വിരമിച്ച ഐപിഎസ് ഓഫീസര്‍ ജേക്കബ് തോമസ്. എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് ഗുണകരമല്ലെന്നും ഇതിനാലാണ് രാജ്യം ഭരിക്കുന്ന ബിജെപിയോടൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.
‘ഇത്രയും കാലം ജനങ്ങളോട് സംസാരിച്ചതിന് ശിക്ഷണ നടപടി നേരിട്ട ആളാണ് ഞാന്‍. ഇനി ശിക്ഷണ നടപടി നേരിടാതെ ജനങ്ങളോട് സംസാരിക്കണമെന്നാണ് എന്റെ ആഗ്രഹം,’
‘രാജ്യം ഭരിക്കുന്ന രാഷട്രീയ പാര്‍ട്ടിയാണ് ബിജെപി. വളരയെയധികം പ്രതിബന്ധങ്ങള്‍ ഉണ്ടായപ്പോഴും നമ്മുടെ രാജ്യത്തെ വളരെ ശക്തമായി മുന്നോട്ട് നയിക്കുന്ന ഒരു പാര്‍ട്ടിയാണ്. രാജ്യത്തെ നയിക്കുന്ന ഒരു പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാന്‍ അവസരം കിട്ടിയാല്‍ അതല്ലേ നല്ലത്,’ ജേക്കബ് തോമസ് പറഞ്ഞു. മണ്ഡലം എവിടെയായിരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
‘വികസിത രാജ്യത്തിന്റെ ആ ഒരു നിലവാരം നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് ഈ പോക്കു പോയാല്‍ കിട്ടുമെന്ന് കരുതുന്നില്ല. അതുകൊണ്ട് മാറി മാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് അനുയോജ്യമല്ല എന്നതാണ് എന്റെ ഒരു നിരീക്ഷണം,’ ജേക്കബ് തോമസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.
ഒപ്പം സ്രാവുകള്‍ക്കൊപ്പം നീന്തല്‍ എന്ന തന്റെ പുസ്തകത്തെക്കുറിച്ചും സംസ്ഥാന സര്‍ക്കാരുമായുള്ള പ്രശ്നത്തെക്കുറിച്ചും ജേക്കബ് തോമസ് പരാമര്‍ശിച്ചു.
‘സ്രാവുകള്‍ക്കൊപ്പം നീന്തല്‍ ഞാന്‍ സര്‍വീസില്‍ നിന്നും വിട്ടുനിന്നപ്പോള്‍ തീര്‍ന്നു. ഇനി ജനങ്ങള്‍ക്കൊപ്പം നീന്തുക, അല്ലെങ്കില്‍ അവരുടെ കൂടെ നില്ക്കുക, ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുക എന്നതാണ്, ഇത്രയും കാലം ജനങ്ങള്‍ക്കു വേണ്ടി സംസാരിച്ചപ്പോഴൊക്കെ ഞാന്‍ ശിക്ഷണ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇനി ശിക്ഷണ നടപടികള്‍ കിട്ടാതെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുക എന്നതാണ് ഞാന്‍ തിരെഞ്ഞെടുക്കുന്നത്,’ ജേക്കബ് തോമസ് പറഞ്ഞു.