കേന്ദ്രബജറ്റ് 2021: ആരോഗ്യമേഖലയ്ക്കായി പുതിയ പാക്കേജ്; കൊവിഡ് വാക്സിനായി മാത്രം 35,000 കോടി
2021ലെ കേന്ദ്രബജറ്റ് അവതരണം ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനത്തിലും ആരോഗ്യമേഖലയുടെ സമ്പൂര്ണ്ണവികസനത്തിലും ഊന്നിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ആരോഗ്യമേഖലയുടെ സാമ്പത്തിക വികസനത്തിനായി 64,180 കോടി രൂപയുടെ പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. കൊവിഡ് വാക്സിനായി മാത്രം 35,000 രൂപ വകമാറ്റിയതായി മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കുമെന്നും കൂടുതല്‍ കൊവിഡ് വാക്സിന് ഉല്‍പ്പാദിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു.
വിദേശനിക്ഷേപപരിധി 74 ശതമാനമാക്കി ഉയര്‍ത്തിയെന്ന സുപ്രധാനതീരുമാനവും ധനമന്ത്രി അറിയിച്ചു. 49 ശതമാനമാണ്് നിലവിലെ പരിധി. ഇത് കുത്തനെ ഉയര്‍ത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. ആത്മനിര്‍ഭര്‍ ഭാരത് വിപ്ലവം സൃഷ്ടിച്ചുവെന്ന് ധനമന്ത്രി വിലയിരുത്തി. 2.87 ലക്ഷം കോടിരൂപ ജലജീവന്‍ മിഷനായി മാറ്റിവെച്ചതായും നിര്‍മ്മലാ സീതാരാമന് അറിയിച്ചു.
റെയില്‍വേയ്ക്കായി 1.10 ലക്ഷം കോടി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. കേരള തമിഴ്നാട്, പശ്ചിമബംഗാള്‍, അസം മുതലായ സംസ്ഥാനങ്ങളുടെ ദേശീയപാതാ വികസനത്തിനുള്ള പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന് 65,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്.
അതേസമയം ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് അവതരണത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി.
ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷകപ്രക്ഷോഭം പരിഹരിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. ബഹളത്തിനിടെ ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചു.
പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായമായെന്നും പ്രതിസന്ധിയില്‍ നിന്ന് കര കയറാന്‍ ആത്മ നിര്‍ഭര്‍ ഭാരത് സഹായിച്ചെന്നും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. പ്രതിസന്ധി കാലത്തെ ബജറ്റാണിതെന്നും ലോക്ക് ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചുനിര്‍ത്തിയെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു. മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത്. ജിഡിപിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ അവതരിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
11,000കിലോമീറ്റര്‍ ദേശീയപാതാ വികസനത്തിനാണ് ഈ വര്‍ഷം കേന്ദ്രം പദ്ധതിയിടുന്നതെന്നും നിര്‍മ്മലാ സീതാരാമന് അറിയിച്ചു. പശ്ചിമബംഗാളിലെ ദേശീയപാതാ വികസനത്തിനായി 25,000 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്.