രാജസ്ഥാനില്‍ മുനിസിപാലിറ്റികള്‍ തൂത്തുവാരി കോണ്‍ഗ്രസ്; നിര്‍ണായക തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ച് ബിജെപി
ജയ്പൂര്‍: രാജസ്ഥാനില്‍ മുനിസിപാലിറ്റി തെരഞ്ഞെടുപ്പില്‍ തൂത്തുവാരി കോണ്‍ഗ്രസ്. 3,034 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 1,197ലും വിജയം നേടിയാണ് പാര്‍ട്ടിയുടെ മുന്നേറ്റം. ബിജെപിക്ക് വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പായിരുന്നു ഇതെങ്കിലും പാര്‍ട്ടിക്ക് രണ്ടാം സ്ഥാനത്തേക്ക് ചുരുങ്ങേണ്ടി വന്നു. 20 ജില്ലകളിലെ മുനിസിപാലിറ്റികളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
ബിജെപി 1140 വാര്‍ഡുകള്‍ നേടി. ബിഎസ്പി ഒരു സീറ്റിലും, സിപിഐഎം മൂന്നിടത്തും ആര്‍എല്‍പി 13 ഇടത്തും എന്‍സിപി 46 ഇടത്തും ജയിച്ചു. 634 വാര്‍ഡുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്.
അജ്മീര്‍, ബന്‍സ്വാര, ബിക്കാനര്‍, ഭില്‍വാര, ബുന്ദി, പ്രതാപ്ഗഡ്, ചിത്തോര്‍ഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
മുനിസിപല്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. കോണ്‍ഗ്രസിന്റെ കുതിരക്കച്ചവടം ഭയന്നാണ് നീക്കമെന്നായിരുന്നു വിശദീകരണം. 2020 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രകടനം മോശമായിരുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം തദ്ദേശ തെരഞ്ഞെടുപ്പ് ലിറ്റ്മസ് ടെസ്റ്റാണ്. പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ സതീഷ് പൂനിയയ്ക്കും തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
ജനുവരി 28നാണ് രാജസ്ഥാനില്‍ മുനിസിപല്‍ തെരഞ്ഞെടുപ്പ് നടന്നത്. 20 ജില്ലകളിലെ 80 മുനിസിപാലിറ്റികളിലേക്കും 9 മുനിസിപല്‍ കൗണ്‍സിലുകളിലേക്കും ഒരു മുനിസിപല്‍ കോര്പറേഷനിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.