‘സ്വര്‍ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്നത്, സോളാര്‍ വെറും പെണ്ണുകേസ്’; വെള്ളാപ്പള്ളി നടേശന്
കൊല്ലം: സ്വര്‍ണ കടത്ത് കേസ് രാജ്യ സുരക്ഷയെ അട്ടിമറിക്കുന്ന ഗൗരവമേറിയ വിഷയമാണെന്നും സോളാര്‍ കേസ് വെറും പെണ്ണുകേസ് മാത്രമാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സോളാര്‍ കേസിന് സ്വര്‍ണ കടത്തിന്റെയത്ര പ്രാധാന്യമുണ്ടെന്ന് കരുതുന്നില്ല. സ്വര്‍ണക്കള്ളക്കടത്തു കേസ് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണു നടന്നതെങ്കിലും മുഖ്യമന്ത്രി വിശ്വസിച്ചവര്‍ അദ്ദേഹത്തെ ചതിക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. മനോരമ ഓണ്‍ലൈനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സ്വര്‍ണക്കള്ളക്കടത്തു കേസ് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണു നടന്നതെങ്കിലും മുഖ്യമന്ത്രി വിശ്വസിച്ചവര്‍ അദ്ദേഹത്തെ ചതിക്കുകയായിരുന്നു. അതുകൊണ്ടാണ് ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതും എം. ശിവശങ്കറിനെ കയ്യൊഴിഞ്ഞതും. കേസ് കേന്ദ്ര ഏജന്‍സികള്‍ ഗൗരവമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണല്ലോ. അവര്‍ സത്യം കണ്ടെത്തട്ടെ’, വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
സോളര്‍ കേസില്‍ ഇത്രയും നാളും അന്വേഷണം ഇല്ലായിരുന്നു. ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുന്നു. പരാതിയില്‍ അന്വേഷണം ഇല്ലെന്ന പരാതിക്കാരിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു കേസ് സിബിഐ യ്ക്കു വിടുകയായിരുന്നു. അന്വേഷണം നടക്കട്ടെ. സിബിഐ യ്ക്കു വിട്ടതില്‍ രാഷ്ട്രീയമുണ്ടോ ഇല്ലോയെന്നു രാഷ്ട്രീയക്കാര്‍ ചിന്തിക്കട്ടെ. അതില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സംവരണ വിഷയത്തില്‍ പിന്നാക്ക വിഭാഗങ്ങളോട് അങ്ങേയറ്റത്തെ അനീതിയാണു സംസ്ഥാന സര്‍ക്കാര്‍ കാട്ടിയതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നിലപാട് ഒട്ടും യുക്തിക്കു നിരക്കുന്നതല്ല. സവര്‍ണരുടെ സ്വാധീനമാണ് എല്‍ഡിഎഫില്‍ കൂടുതലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഉമ്മന്‍ ചാണ്ടിയെയും പിണറായി വിജയനെയും അദ്ദേഹം താരതമ്യപ്പെടുത്തുകയും ചെയ്തു. ‘കോണ്‍ഗ്രസ് നേതാക്കളില്‍ പലരേക്കാളും കൊള്ളാവുന്നതു ഉമ്മന്‍ചാണ്ടിയാണ്. ഇടപെടുന്ന കാര്യത്തില്‍ നീതി നടപ്പാകണമെന്ന വാശിയും ആഗ്രഹവുമുള്ള നേതാവാണ് അദ്ദേഹം. എല്ലാം നീതിയോടെ നടക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും സാധിച്ചിട്ടില്ലെന്നു മാത്രം. ഉമ്മന്‍ചാണ്ടി ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന നേതാവാണ്. പിണറായി കര്‍ക്കശക്കാരനാണെന്നും ജനകീയനല്ലെന്നും അകന്നു നില്ക്കുമ്പോള് നമുക്കു തോന്നും. പക്ഷേ, അടുക്കുമ്പോള്‍ നമുക്കു മനസ്സിലാകും, അദ്ദേഹം ജനകീയനാണ്, പാവമാണ്, മാന്യനാണ്’, വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.