ഹൃദയത്തെ സ്നേഹിക്കൂ, ജീവിതത്തിന് ശക്തി പകരൂ
ഇന്ന് ലോക ഹൃദയ ദിനം. ജീവിത ശൈലീ മാറ്റവും തിരക്കിനിടയിലെ വ്യായാമ രഹിതമായ ജീവിതവും എല്ലാം ഈദിനം മലയാളി ഏറെ ഓര്മിക്കേണ്ടതായി മാറ്റിയിരിക്കുന്നു. ഹൃദ്രോഗവും പക്ഷാഘാതവും അഥവാ സ്ട്രോക്ക് അടങ്ങുന്ന കാര്‍ഡിയോ വാസ്കുലര്‍ ഡിസീസ് ആണ് ആഗോള മരണ കാരണങ്ങളില്‍ ഒന്നാമത്. മൂന്നില്‍ ഒന്ന് എന്ന നിരക്കില്‍ ഇത് നിലനില്ക്കുന്നു. ചിട്ടയായ ജീവിതചര്യകൊണ്ട് പക്ഷാഘാതവും ഹൃദ്രോഗവും നമുക്ക് തടയുവാന്‍ കഴിയും. ഇന്ത്യ ഒരു വികസ്വരരാജ്യമാണെങ്കിലും, പകര്‍ച്ചേതര വ്യാധികള്‍ മൂലം ഏകദേശം 60 ശതമാനത്തോളം മരണം സംഭവിക്കുന്നു. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം, വ്യായാമക്കുറവ് അമിതമായ മദ്യപാനം തുടങ്ങിയ ദു:ശീലങ്ങള്‍ നിയന്ത്രിച്ചാല്‍, ഹൃദ്രോഗ സംബന്ധമായ മരണങ്ങള് 80% വരെ ഇല്ലാതാക്കാന്‍ കഴിയും. ഈ അറിവുകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം മുന്‍നിര്‍ത്തിയാണ് 2000 മുതല്‍ ഹൃദയദിനം ആചരിച്ചുവരുന്നത്. ആരോഗ്യപരമായ ശീലങ്ങള്‍ സ്വായത്തമാക്കുവാനും മുറയ്ക്ക് ഹൃദയ പരിശോധന നടത്തുവാനും ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് വേള്‍ഡ് ഹാര്‍ട്ട് ഡേയുടെ ലക്ഷ്യം. ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ഹൃദ്രോഗം 2025 ആകുമ്പോഴേക്ക് ഗണ്യമായി കുറയ്ക്കുക എന്ന് ലോക ആരോഗ്യ സംഘടന ലക്ഷ്യമിട്ടിരിക്കുകയാണ്.
ഹൃദ്രോഗം തടയുന്നതിനായി സ്വീകരിച്ചിരിക്കുന്ന ഏഴ് ലഘു മാര്‍ഗങ്ങള്‍ ഉണ്ട്. പുകവലി, പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കുക. വ്യായാമം നിര്‍ബന്ധമാക്കുക. പ്രതിദിനം 30 മിനിറ്റ് ദിവസം നടക്കുക, ആരോഗ്യപ്രദമായ ഭക്ഷണരീതികള്‍ ശീലമാക്കുക, പഞ്ചസാര, ഉപ്പ് എന്നിവ മിതമായി ഉപയോഗിക്കുക, എണ്ണയില്‍ വറുത്തതും, പൊരിച്ചതുമായ ഉത്പ്പന്നങ്ങള്‍ വർജിക്കുക, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, കൊഴുപ്പു കുറഞ്ഞ മാംസം എന്നിവ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തുക, അമിതഭാരം കുറയ്ക്കുക, മുറക്കുള്ള ഹെല്‍ത്ത് ചെക്കപ്പ് രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുക എന്നിവയാണിവ.
രക്തസമ്മര്‍ദം, പ്രമേഹം, കൊഴുപ്പ് എന്നിവ ശരീരഭാരത്തെ ആശ്രയിച്ചിരിക്കുന്നു. ശരീരഭാരം കുറയുന്നതു മൂലം ഹൃദയത്തിന്റെ അധ്വാനഭാരവും കുറയുന്നു, സുഖനിദ്ര ഉറപ്പാക്കുക. ഏഴു മുതല്‍ ഒൻപത് മണിക്കൂര്‍ വരെ ഉറക്കം നല്ലതാണ്. ഉറക്കക്കുറവ് മൂലം അമിതഭാരം, രക്താതിസമ്മര്‍ദം, ഹ്യദയാഘാതം, പ്രമേഹം വിഷാദരോഗം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാനസിക സമ്മര്‍ദം നിയന്ത്രിക്കുക, വ്യായാമമുറകള്‍, യോഗാഭ്യാസം, ധ്യാനം എന്നിവ ജീവിതചര്യയാക്കുക. പുകവലി, മദ്യപാനം എന്നിവ മാനസികസമ്മര്‍ദം കൂട്ടുകയേ ഉള്ളൂ.
18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ കൊളസ്ട്രോള്‍ പരിശോധന നിര്‍ബന്ധമാക്കണം. അമിതഭാരം, പാരമ്പര്യമായി പ്രമേഹം എന്നിവ ഉണ്ടെങ്കില്‍ ചെറുപ്രായത്തില്‍ തന്നെ ബ്ലഡ്ഷുഗര്‍ പരിശോധിക്കണം. 2025 -ഓടെ യുവമരണനിരക്ക് 25 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ദേശീയ പദ്ധതികളുമായി മുന്നോട്ട് വന്ന രാജ്യങ്ങളില്‍ ഒന്നാമത് ഇന്ത്യയാണ്. ഖരഇന്ധങ്ങളുടെ ഉപയോഗം 50% കുറയ്ക്കുക, വിദ്യാദ്യാസ സ്ഥാപനങ്ങളില്‍ പുകയില വില്പന നിരോധനം, ടിവി, സിനിമ എന്നീ ദ്യശ്യമാധ്യമങ്ങളില്‍ പുകവലി ദ്യശ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുകയില വിരുദ്ധ നയങ്ങള്‍ സ്വീകരിക്കല്‍ എന്നിവയാണ് ഇതിനായി സ്വീകരിക്കുന്ന നയങ്ങള്‍ .
ഈ ലഘു നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ നമുക്ക് ഒരു പരിധിവരെ ഹൃദ്രോഗവും, പക്ഷാഘാതവും അവമൂലം ഉണ്ടാകുന്ന മരണനിരക്കും നിയന്ത്രിക്കാവുന്നതാണ്. ഒരു വികസ്വരരാജ്യത്തിന് ആരോഗ്യ സംരക്ഷണ ചെലവ് കുറയ്ക്കുക മാത്രമല്ല, ആരോഗ്യമുള്ള ഒരു ഭാവിതലമുറയെ പടുത്തുയര്‍ത്താനും നമുക്ക് കഴിയട്ടെ.