കര്‍ഷകര്‍ക്കെതിരെ പ്രക്ഷോഭം നടത്തിയത് നാട്ടുകാരല്ല; ബിജെപി നേതാക്കളുടെ ഫോട്ടോകളടക്കം പുറത്ത്,
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ പിരിഞ്ഞു പോവണമെന്നാവശ്യപ്പെട്ട് സിഘു അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭം വലിയ വാര്‍ത്തയായിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രക്ഷോഭം നടക്കുന്നിടത്തേക്കെത്തിയ ഈ സംഘം കര്‍ഷകര്‍ക്കെതിരെ കല്ലേറു നടത്തുകയും കര്‍ഷകര്‍ താമസിക്കുന്ന ടെന്റുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ദേശീയ മാധ്യമങ്ങളില്‍ ഭൂരിഭാഗവും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ കര്‍ഷകര്‍ സ്ഥലത്ത് നിന്ന് പോവണമെന്നാവശ്യപ്പെട്ട് സമരം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. സമരത്തിന്റെ ദൃശ്യം പുറത്തു വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിച്ച അമാന്‍ ദബാസ് എന്നയാളെ ദൃശ്യങ്ങളില്‍ കാണാം. ബിജെപിയുമായി അടുത്ത ബന്ധമുള്ളയാളശാണ് അമാന്‍ ദബാസ്.
പ്രാദേശിക ബിജെപി നേതാവും വാര്‍ഡ് മുനിസിപ്പല്‍ കൗണ്‍സിലറുമായ അഞ്ജു കുമാറിനെയാണ് അമാന്‍ വിവാഹം കഴിച്ചത്.
ആംആദ്മി നേതാക്കളായിരുന്ന അമാനും അഞ്ജുവും 2017 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബിജെപി യോഗങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പമുള്ള ഫോട്ടോയും അമാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
മാത്രവുമല്ല അമാനിന്റെ ഭാര്യ അഞ്ജു കുമാര്‍ താമസിക്കുന്നത് പൂത്ത് ഖുര്‍ദ് എന്ന സ്ഥലത്താണ്. സിഘു അതിര്‍ത്തിയില്‍ നിന്നും 15 കിലോ മീറ്റര്‍ ദൂരെയാണ് ഈ പ്രദേശം. കര്‍ഷകരുടെ പ്രക്ഷോഭം മൂലം സ്ഥിരമായി ഗതാഗത തടസ്സമുണ്ടെന്നും അടുത്തുള്ള കടകള്‍ തുറക്കാനോ സമയത്ത് ജോലിക്കെത്താ നോ കഴിയുന്നില്ലെന്നുമായിരുന്നു ഇവരുടെ പ്രധാന ആരോപണം. എന്നാല്‍ 15 കിലോ മീറ്ററുകള്ക്കപ്പുറമുള്ളവരെ എങ്ങനെയാണ് കര്‍ഷക സമരം കാര്യമായി ബാധിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
കര്‍ഷകര്‍ക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരാളായിരുന്നു കൃഷ്ണന് ദബാസ്. പ്രദേശവാസിയെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് സ്വയം പരിചയപ്പെടുത്തിയത്. ബിജെപി നേതാക്കളുമായി ബന്ധമുള്ളയാളാണ് കൃഷ്ണന് ദബാസും. സമരത്തിനിടെ എടുത്ത വീഡിയോ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കെവെച്ചിരുന്നു. ഈ വീഡിയോ ബിജെപി നേതാക്കളായ രവിന്ദര്‍ കുമാറിനെയും സന്ദീപ് സെഹ്രതിനെയും ഫേസ്ബുക്ക് വീഡിയോയില്‍ ടാഗ് ചെയ്തിട്ടുണ്ട്.