കര്‍ഷക പ്രതിഷേധത്തിനിടയിലെ സംഘര്‍ഷം: ഹരിയാന സര്‍ക്കാര്‍ 14 ജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് റദ്ദാക്കി
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകപ്രതിഷേധത്തിനിടെ സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ ഹരിയാന സര്‍ക്കാര്‍ 14 ജില്ലകളില്‍ക്കൂടി ഇന്റര്‍നെറ്റ് കണക്ഷന് റദ്ദുചെയ്തു. ജനുവരി 30 ന് വൈകീട്ട് 5 മണി വരെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. വോയ്സ് കോളുകള്‍ ഒഴികെയുള്ള മറ്റ് മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനങ്ങളൊന്നും ഈ സമയത്ത് ലഭ്യമാകില്ല.
അംബാല, യമുനാനഗര്‍, കുരുക്ഷേത്ര, കര്‍നാല്‍, കൈതാല്‍, പാനിപ്പത്, ഹിസാര്‍, ജിന്ദ്, രോഹ്തക്, ഭിവാനി, ചര്‍കി ദാദ്രി, ഫതേഹാബാദ്, രേവാരി, സിര്‍സ ജില്ലകളിലാണ് ഇന്റര്‍നെറ്റ് കട്ട് ചെയ്തത്. ചൊവ്വാഴ്ച്ച സോനിപത്, ത്സാജര്‍, പല്‍വാള്‍ ജില്ലകളിലെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സര്‍ക്കാര്‍ റദ്ദുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചത്.
ടുജി, ത്രീജി, ഫോര്‍ജി, സിഡിഎംഎ, ജിപിആര്‍എസ് സര്‍വ്വീസുകള്‍ക്കു പുറമേ മൊബൈല്‍ റീചാര്‍ജും ബാങ്ക് സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള എസ്എംഎസ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ക്രമസമാധാനപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് ഹരിയാന സര്‍ക്കാരിന്റെ വിശദീകരണം. സോഷ്യല്‍ മീഡിയവഴി വ്യാപകമായി വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുകയാണെന്നും ഇത് തടയുകയാണ് ഇന്റര്‍നെറ്റ് റദ്ദാക്കലിന്റെ ലക്ഷ്യമെന്നും ഹരിയാന സര്‍ക്കാര്‍ പറയുന്നു.
റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ കര്‍ഷകസമരത്തിനിടയില്‍ സിംഘു അതിര്‍ത്തിയില്‍വെച്ച് ഇന്നും സംഘര്‍ഷമുണ്ടായി. കര്‍ഷക സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തെത്തിയതോടെയാണ് സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്.
കര്‍ഷക സമരത്തിനെതിരെ വന്ന ഒരുസംഘം ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷക സമരം നടക്കുന്ന പ്രദേശത്തേക്ക് കടന്നു. പൊലീസിന് പ്രതിഷേധക്കാരെ തടയാന്‍ കഴിയാതെ വന്നതാടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്കെത്തിയത്.
കര്‍ഷക സമരത്തിനെതിരെ അനിശ്ചിതകാല പ്രക്ഷോഭം തുടങ്ങുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പിന്നാലെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. റിപബ്ലിക് ദിനത്തില്‍ ദേശിയ പതാകയെ അപമാനിച്ചു. ഇവരെ ഇവിടെ തുടരാന്‍ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. 200 പേരടങ്ങുന്ന സംഘമാണ് സിംഘുവില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. കല്ലേറുണ്ടായി.