കെസിയെ ഓര്‍ത്തുവെച്ച് വിളിച്ചിട്ടുണ്ട്, അതിനപ്പുറം മോഹങ്ങളാണെങ്കില് എന്ത് ചെയ്യുമെന്ന് സുധാകരന്; ഉദ്ഘാടനവേദിയിലേക്ക് പ്രതിഷേധവുമായി കോണ്‍ഗ്രസ്
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് കെസി വേണുഗോപാല്‍ എംപിയെ മാറ്റി നിര്‍ത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഏറെ വൈകിയാണ് കെസിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ജി സുധാകരന്. കെസി വേണുഗോപാല്‍ ഇവിടുത്തെ എംപിയല്ലാത്തതിനാല് പ്രോട്ടോകോള്‍ ഇല്ലെന്നും മുന്‍ എംപിയാണെന്ന് കാര്യം ഓര്‍ത്തുവെച്ച് താന്‍ അദ്ദേഹത്തെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ഇതില്‍ സന്തോഷിക്കാതിരിക്കേണ്ട കാര്യമൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
‘കെസി വേണുഗോപാലിന് ഇവിടെ പ്രോട്ടോകോള്‍ ഇല്ല. അദ്ദേഹം കേരളത്തില്‍ നിന്നുള്ള എംപിയല്ല. പക്ഷെ ഇത് തുടങ്ങിയ സമയത്ത് അദ്ദേഹം എംപിയായിരുന്നു. അത് ഞാന്‍ ഓര്‍ത്തു. ഞാന്‍ അദ്ദേഹത്തിന്റെ പേര് മാന്യമായി വെച്ചു. പിന്നെ അദ്ദേഹത്തിന് സന്തോഷിക്കാതിരിക്കേണ്ട കാര്യമെന്താ. അതിനപ്പുറത്തുള്ള മോഹങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാന്‍ പറ്റും.’ ജി സുധാകരന് പറഞ്ഞു.
ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, എകെ ആന്റണി, വയലാര്‍ രവി എന്നിവരെ ക്ഷണിക്കാത്തതില്‍ ഇതിനകം ജില്ലാ പാര്‍ട്ടി നേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്. നടപടി പ്രതിഷേധാര്‍ഹമാണെന്ന് ആലപ്പുഴ ഡിസിസി പ്രസിഡണ്ട് എം ലിജു പ്രതികരിച്ചു.
‘കെസി വേണുഗോപാല്‍ ബൈപ്പാസിനായി വഹിച്ച പങ്ക് ചെറുതല്ല, ബൈപ്പാസിന്റെ യഥാര്‍ത്ഥ ശില്‍പ്പികളെ ക്ഷണിക്കാത്ത കേന്ദ്ര സംസ്ഥാന നിലപാടുകളോട് കടുത്ത പ്രതിഷേധമുണ്ട്. സുധാകരന്റെ നിലപാട് എട്ടുകാലി മമ്മൂഞ്ഞിന്റേതാണ്.’ എം ലിജു പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധം നടത്തുമെന്നും ലിജു അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും, മുഖ്യമന്ത്രിയും ചേര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുക. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പൊടി തട്ടിയെടുത്തത് പൊതുമരാമത്ത് ജി സുധാകരനാണ്. റെയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ അനുമതിക്കായി രണ്ട് വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേന്ദ്രത്തെ സമീപിച്ചു. ഒടുവില്‍ 7 .5 ലക്ഷം രൂപ കെട്ടിവെച്ചാണ് അനുമതി നേടിയത്
പിന്നീട് ആലപ്പുഴയുടെ സ്വപ്ന പദ്ധതിക്കായി അതിവേഗത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നത്. 3. 2 കിലോമീറ്റര്‍ റയില്‍വേ മേല്‍പ്പാലവും, 4.8 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയും ഉള്‍പ്പെടെ 6.8 കിലോമീറ്ററാണ് ബൈപ്പാസ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 174 കോടി രൂപ വീതം ചെലവഴിച്ചു നിര്‍മിച്ച ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അല്‍പ്പം കാലതാമസം വരുത്തിയത്.
ബൈപ്പാസ് നിര്‍മാണത്തിനുള്ള വിഹിതം നല്‍കിയതിനു പുറമേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വേക്ക് കെട്ടിവയ്ക്കാനുള്ള 7 കോടി രൂപ നല്കിയതും സംസ്ഥാന സര്‍ക്കാരാണ്.