‘എട്ട് വയസില്‍ തുടങ്ങിയ പാലം പണി, എനിക്കിപ്പോള്‍ നാല്പ്പത്തെട്ട്, സന്തോഷം’; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ ഐടി വിദഗ്ധന്റെ കമന്റ്
ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തിനെടുത്ത കാലതാമസത്തെ ഓര്‍മ്മിപ്പിച്ച് കൊച്ചി സ്വദേശിയായ ഐടി വിദഗ്ധന്റെ കമന്റ്. ബൈപ്പാസ് ഉദ്ഘാടനം സംബന്ധിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെയായിരുന്നു നസീര്‍ ഹുസൈന് കിഴക്കേടത്ത് എന്നയാളുടെ പ്രതികരണം. തനിക്ക് എട്ട് വയസുള്ള സമയത്ത് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങിയ പ്രൊജക്ട് ആണിതെന്നും നാല്പ്പത്തെട്ട് വയസായ ഇക്കൊല്ലമെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതില്‍ സന്തോഷമെന്നും നസീര്‍ ഹുസൈന് പറയുന്നു.
‘എനിക്ക് എട്ട് വയസുള്ള സമയത്ത് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങിയ ഒരു പ്രോജക്ട് ആണിത്. എറണാകുളത്ത് നിന്ന് പുറക്കാട് ഉള്ള ബാപ്പയുടെ ഉമ്മയുടെ വീട്ടിലേക്കുള്ള യാത്രയില്‍ എന്നും ഓര്‍ക്കും ഈ പ്രോജക്ട് ഇങ്ങിനെ നീണ്ടുപോകുന്നത് എന്തുകൊണ്ട് ആണെന്ന്.എനിക്ക് നാല്പത്തി എട്ടു വയസായ ഇക്കൊല്ലം എങ്കിലും ഈ പ്രോജക്ട് തീര്‍ന്നു കാണുന്നതില്‍ സന്തോഷം.’
പ്രതികരണത്തിന് താഴെ സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളെ വിമര്‍ശിച്ചും അനുകൂലിച്ചും പരിഹസിച്ചും നിരവധിപേര്‍ രംഗത്തെത്തി.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും, മുഖ്യമന്ത്രിയും ചേര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുക. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പൊടി തട്ടിയെടുത്തത് പൊതുമരാമത്ത് ജി സുധാകരനാണ്.
3. 2 കിലോമീറ്റര്‍ റയില്‍വേ മേല്‍പ്പാലവും, 4.8 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയും ഉള്‍പ്പെടെ 6.8 കിലോമീറ്ററാണ് ബൈപ്പാസ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 174 കോടി രൂപ വീതം ചെലവഴിച്ചു നിര്‍മിച്ച ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അല്‍പ്പം കാലതാമസം വരുത്തിയത്.ബൈപ്പാസ് നിര്‍മാണത്തിനുള്ള വിഹിതം നല്‍കിയതിനു പുറമേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വേക്ക് കെട്ടിവയ്ക്കാനുള്ള 7 കോടി രൂപ നല്കിയതും സംസ്ഥാന സര്‍ക്കാരാണ്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
ദശാബ്ദങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്ക്കാകെ അഭിമാനം പകർന്നു കൊണ്ട് ബൈപ്പാസ് നാളെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. 348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതം ചെലവഴിച്ചു നിർമിച്ച ബൈപ്പാസിന്റെ നിർമാണം പൂർണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവ്വഹിച്ചത്. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് അൽപ്പം കാലതാമസം വരുത്തിയത്. ബൈപ്പാസ് നിർമാണത്തിനുള്ള വിഹിതം നൽകിയതിനു പുറമേ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട് റെയിൽവേക്ക് കെട്ടിവയ്ക്കാനുള്ള 7 കോടി രൂപ നൽകിയതും സംസ്ഥാന സർക്കാരാണ്.