കര്‍ഷകപ്രക്ഷോഭത്തില്‍ നിന്ന് രണ്ടുസംഘടനകള്‍ പിന്മാറി
ഡല്‍ഹി കര്‍ഷകപ്രക്ഷോഭത്തില്‍ നിന്ന് രണ്ട് കര്‍ഷകസംഘടനകള്‍ പിന്മാറി. 14 സംഘടനകളുടെ സംയുക്തവേദിയായ ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയില്‍ നിന്ന് സര്‍ദാര്‍ വി എം സിംഗിന്റെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ സംഘട്ടനും, ചില്ല അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂണിയന് ഭാനുവെന്ന സംഘടനയുമാണ് പിന്മാറിയത്. സമരത്തിന്റെ മറവില്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തിക്കൊണ്ടാണ് സംഘടനകളുടെ പിന്മാറ്റം.
അതേസമയം, സമരത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച രണ്ട് സംഘനകളെയും സമരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഇരു സംഘടന നേതാക്കളും സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും കിസാന്‍ മോര്‍ച്ച നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് 202 പേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, കലാപത്തിന് ശ്രമം, പൊലീസിനെ ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. 202 പേരുടെയും പങ്കു പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. സമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 23 ആയി. കൊല്ലപ്പെട്ട കര്‍ഷകനെയും പൊലീസിനു നേരെ വാള് വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അക്രമണങ്ങളില്‍ ഗുണ്ടാനേതാവ് ലാഖ സിദ്ദാനയ്ക്കും മുഖ്യപങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളോട് ഡല്‍ഹി പൊലീസ് ഇതുവരെ പ്രതികരിച്ചില്ല. ലാഖ-ദീപ് സിദ്ദു ബന്ധത്തെക്കുറിച്ചും പൊലീസ് പരാമര്‍ശിച്ചില്ല.
സമാധാനപരമായ കര്‍ഷകസമരം അക്രമാസക്തമായതിന് പിന്നില്‍ ദീപ് സിദ്ദുവിനും ലാഖ സിദ്ദാനയ്ക്കും മുഖ്യപങ്കുണ്ടെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇരുവരും കര്ഷകര്സംഘത്തിനൊപ്പം നുഴഞ്ഞു കയറി സമരം അട്ടിമറിക്കാനാണ് ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റിപ്പബ്ലിക്ദിനത്തിലെ ട്രാക്ടര്‍മാര്‍ച്ചിന് രണ്ടുദിവസം മുന്‍പ് തന്നെ ഇരുവരും ഡല്‍ഹിയിലെത്തിയിരുന്നു. മാത്രമല്ല, സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയില്‍ അക്രമാഹ്വാനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ദുവിനൊപ്പമുണ്ടായിരുന്ന ഗുണ്ടാനേതാവ് ലാഖയുടെ പേരില്‍ 26 കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സമരത്തിനുള്ളില്‍ നുഴഞ്ഞുകയറി കര്‍ഷകരെ കലാപത്തിന് പ്രേരിപ്പിച്ച് ചെങ്കോട്ടയിലേക്ക് മാര്‍ച്ച് വഴിതിരിച്ചു വിട്ടതും ദീപ് സിദ്ദുവാണെന്ന ആരോപണമുണ്ട്.
ഇയാള്‍ എങ്ങനെ ഒരുകൂട്ടമാളുകളെ സംഘടിപ്പിച്ചെന്നും എങ്ങനെ മൈക്രോഫോണ്‍ സഹിതം ചെങ്കോട്ടയില്‍ എത്തിയെന്നും അന്വേഷിക്കണമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു. സിദ്ദുവും ലാഖയും കര്‍ഷകരെ കലാപത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്ന വിവരം തലേദിവസം തങ്ങള്‍ പൊലീസിനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ ഡല്‍ഹി പൊലീസ് അതിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. സിദ്ദുവിന്റെ ബിജെപി ബന്ധം വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സണ്ണി ഡിയോളിന് വേണ്ടി പ്രചാരണം നടത്തിയ പഞ്ചാബി നടന് കൂടിയാണ് ദീപ് സിദ്ദു.
ദീപ് സിദ്ദു റാലിക്കിടയിലേക്ക് ഇടിച്ചുകയറിയതിന് പിന്നാലെയാണ് ചെങ്കോട്ടയില്‍ അക്രമം അഴിച്ചുവിട്ടതെന്ന ആരോപണവുമായി ഹരിയാനയിലെ ഭാരതീയ കിസാന്‍ യൂണിയന് നേതാവ് ഗുര്‍നാം സിംഗ് ചദാനി രംഗത്തെത്തിയിരുന്നു. മാത്രമല്ല കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് പോകുവാന്‍ തയ്യാറായിരുന്നില്ലെന്നും ദീപ് സിദ്ദുവാണ് കര്‍ഷകരെ അവിടേയ്ക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന്റെ തുടക്കത്തില്‍ കര്‍ഷകര്‍ക്കൊപ്പം അനുഭാവിത്വം പ്രകടിപ്പിച്ച് ദീപ് സിദ്ദു എത്തിയിരുന്നു. എന്നാല്‍ ഖാലിസ്താന്‍ അനുഭാവം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിദ്ദുവിനെ സമരത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു. കര്‍ഷക സമരത്തിന്റെ ഭാഗമല്ലാത്ത ദീപു സിദ്ദു എങ്ങനെയാണ് കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചില്‍ എത്തിയതെന്നാണ് കര്‍ഷകരടക്കം ഉന്നയിക്കുന്ന സംശയം.
ഡല്‍ഹിയിലെ പ്രതിഷേധപ്രകടത്തിനിടെ നടന്ന അക്രമത്തില്‍ കര്‍ഷകസംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 60 ദിവസമായി സമാധാനപരമായ സമരമാണ് നടത്തി വന്നത്. എന്നാല്‍ ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ചെങ്കോട്ടയില്‍ നടന്ന സമരത്തില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞു കയറി. രാജ്യത്തിന്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘര്‍ഷങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. സമരത്തിന്റെയും സംഘര്‍ഷങ്ങളുടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷം വിശദമായ പ്രതികരണം പിന്നീട് നടത്തുമെന്നും കിസാന്‍ മോര്‍ച്ച പറഞ്ഞിരുന്നു.