സരിത എസ് നായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസ്: പരാതിക്കാരന് നേരെ വധഭീഷണി, കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: സരിത എസ് നായര്‍ പ്രതിയായ തൊഴില്‍ തട്ടിപ്പ് കേസില്‍ പരാതിക്കാരന് നേരെ വധഭീഷണി. പൊതുമേഖലാസ്ഥാപനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി സരിതയുള്പ്പടെയുള്ളവര്ക്കെതിരെ പരാതി നല്കിയ നെയ്യാറ്റിന്‍കര സ്വദേശിക്കെതിരെയാണ് ഭീഷണിയുണ്ടായത്. ഇയാളെ കേസിലെ രണ്ടാം പ്രതിയായ ഷാജു പാലിയോട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതേതുടര്‍ന്ന് ഷാജുവിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു.
സരിതയ്ക്കെതിരെ പരാതി നല്‍കിയതിന് ശേഷം ഓഫീസിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരന് പറയുന്നത്. ഷാജു തന്നെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പരാതിക്കാരന് പൊലീസിന് കൈമാറിയിട്ടുണ്ട്.
തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയശേഷം വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയെന്ന പരാതിയില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷാജു പാലിയോടിനെ കൂടാതെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ടി രതീഷിനേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. രതീഷും ഷാജുവും ചേര്‍ന്നാണ് പണപ്പിരിവ് നടത്തിയതെന്നാണ് സൂചന. ഇവര്‍ ഇരുപതോളം പേരില്‍ നിന്നും സമാനരീതിയില്‍ പണം തട്ടിയതായി പൊലീസ് സംശയിക്കുന്നുണ്ട്.
സെക്രട്ടറിയേറ്റ് ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയാണ് സരിത എസ് നായര്‍ പരാതിക്കാരില്‍ നിന്ന് പണം വാങ്ങിയതെന്നാണ് വിവരം. ആദ്യം 10 ലക്ഷം രൂപയും പിന്നീട് 1 ലക്ഷം രൂപയും ഈ സംഘം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. തുക തിരികെ നല്കാന് ഇവര്‍ക്ക്മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും പരാതിക്കാര്‍ പൊലീസിന് മൊഴി നല്കി.
അതിനിടെ പണം നല്കി കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പരാതിക്കാര്‍ മാറിനിന്നതെന്ന സംശയവും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരന് നേരെ വധഭീഷണിയുണ്ടായിരുന്നെന്ന പരാതിയുമായി തൊഴില്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന് രംഗത്തെത്തിയിരിക്കുന്നത്.
തൊഴില്‍ തട്ടിപ്പില്‍ കേസെടുത്ത് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ ഇതേവരെ ചോദ്യം ചെയ്യാന്‍ വിളിക്കാത്തതിനെതിരെയും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കേസിലെ പ്രതികളിലൊരാളായ ടി രതീഷ് തദ്ദേശതെരഞ്ഞടുപ്പില്‍ കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡില്‍ നിന്ന് വിജയിക്കുകയും ചെയ്തതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.