രാജ്യ തലസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: ഡല്‍ഹിയില്‍ പലയിടങ്ങളിലായി ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് കേന്ദ്ര സര്‍ക്കാര്‍. കിസാന്‍ ട്രാക്ടര്‍ റാലിയുമായി എത്തിയ കര്‍ഷകര്‍ക്കും പൊലീസിനുമിടയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത്. ഡല്‍ഹിയിലെ നോയിഡ അതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. നോയിഡ 34 മേഖലയില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന മെസേജുകള്‍ ഇതിനോടകം തന്നെ അവരുടെ ഫോണുകളില്‍ വന്നുകഴിഞ്ഞു.
കര്‍ഷകര്‍ രണ്ട് മാസത്തോളമായി തമ്പടിച്ചിരിക്കുന്ന സിംഘു അതിര്‍ത്തിയിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ താല്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുകൂടാതെ ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൗക്ക് എന്നീ അതിര്‍ത്തികളില്‍ ചൊവ്വാഴ്ച്ച രാത്രി 11:59 വരെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഉണ്ടായിരിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇരുപതോളം ട്രാക്ടറുകളുമായാണ് കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. കര്‍ഷകര്‍ക്കെതിരെ പൊലീസ് വ്യാപക അതിക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനെയെല്ലാം പ്രതിരോധിച്ചാണ് കര്‍ഷകരുടെ മുന്നേറ്റം.
പ്രതിഷേധം നടക്കുന്ന പലയിടത്തും പൊലീസ് ലാത്തി വീശി. കര്‍ഷകരുടെ ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. നിര്‍ത്തിയിട്ടിരിക്കുന്ന എല്ലാ ട്രാക്ടറുകളുടെയും കാറ്റ് അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കര്‍ഷകര്‍ക്ക് നേരെ കണ്ണീര് വാതകം പ്രയോഗിച്ചു. പലയിടത്തും കര്‍ഷകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയില്‍ പലയിടത്തും പൊലീസിന്റെ ഭാഗത്തുനിന്നും സംഘര്‍ഷം തുടരുകയാണ്.
പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് അതിര്‍ത്തില്‍നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളിലും മറ്റുമായി കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകരുടെ മുന്നേറ്റം. പൊലീസ് വാഹനങ്ങള്‍ കര്‍ഷകര്‍ നീക്കി മാറ്റി. ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കി.
റിപബ്ലിക് ഡേ പരേഡിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കാനാണ് കര്‍ഷകര്‍ക്ക് പൊലീസ് അനുമതി നല്‍കിയിരുന്നത്. ഇത് ലംഘിച്ചാണ് കര്‍ഷകര്‍ വമ്പിച്ച പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത്. 12 മണിക്ക് ട്രാക്ടര്‍ റാലി നടത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും എട്ടുമണിയോടെ കര്‍ഷകര്‍ സംഘമായി എത്തുകയായിരുന്നു. സിംഘു, തിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. കര്‍ഷകര്‍ പ്രതിഷേധവുമായി എത്തുന്നതിന്റെ വീഡിയോകളും ദൃശ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.