ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയ പ്രവാസി യുവാവ് കസ്റ്റഡിയില്‍. പേരാമ്പ്ര സ്വദേശിയായ അജ്നാസിനെ ഖത്തര്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ഖത്തര്‍ റേഡിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
പെണ്‍കുട്ടിക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയ യുവാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് പ്രവാഹങ്ങളായിരുന്നു. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ മകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ അജ്നാസിനെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്ന് വി മുരളീധരന് അറിയിച്ചു. സഭ്യമല്ലാത്ത പരാമര്‍ശം വന്ന പോസ്റ്റ് നീക്കം ചെയ്തെന്നും മുരളീധരന് പറഞ്ഞു.
കഴിഞ്ഞദിവസം കെ സുരേന്ദ്രന് ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിലാണ് അജ്നാസ് എന്നയാള്‍ അശ്ലീലപരാമര്‍ശം നടത്തിയത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാന്‍ ഉദേശിക്കുന്നില്ലെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. പെണ്‍കുട്ടികളെ അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.
സന്ദീപ് വാര്യരുടെ വാക്കുകള്‍: ”ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടില്‍ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവര്‍ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോള്‍ നടപടിയെടുക്കാന്‍ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമര്‍ശനങ്ങളുടെ പേരില്‍ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്. ബിജെപി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പെണ്‍കുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കും. വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാല്‍ വെറുതേ വിടാന്‍ പോകുന്നില്ല.’
പിന്നാലെ അജ്നാസിന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നല്‍കിയാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്. ‘ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുള്ള ആള്‍ക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടാവും.’ എന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞത്. അജ്നാസിനെ തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവന് പറഞ്ഞത് താന്‍ അല്ല, അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നാണ്. അവന് അല്ലെങ്കില്‍ കുഴപ്പമില്ല. ആണെങ്കില്‍ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപിക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.