‘സോളാര്‍ കേസിലെ സര്‍ക്കാര്‍ നടപടി ബിജെപിയുമായുള്ള കൂട്ടുകെട്ടിന്റെ ഫലം’; ഓല പാമ്പ് കാണിച്ച് ഭയപെടുത്തേണ്ടെന്ന് ചെന്നിത്തല
സോളാര്‍ ലൈംഗീകാരോപണ കേസ് സിബിഐക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി ബിജെപിയുമായുള്ള കൂട്ടുകെട്ടിന്റെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന ഭയമാണ് അവരെക്കൊണ്ട് ഇത്തരമൊരു നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.
സിബിഐ അന്വേഷണത്തെ തങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് പറഞ്ഞ ചെന്നിത്തല ജനങ്ങള്‍ വിഢികളല്ലെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നടപടിയാണെന്ന് എല്ലാവര്ക്കും മനസിലാകുമെന്നും അഭിപ്രായപ്പെട്ടു. അഞ്ച് വര്‍ഷകാലം ഈ കേസ് അന്വേഷിച്ച കേരളത്തിലെ ആഭ്യന്തര വകുപ്പ് എന്ത് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഓല പാമ്പ് കാണിച്ച് ഭയപെടുത്തേണ്ടെന്നും നിയമത്തിന് മുന്നില്‍ നിലനില്‍ക്കാത്ത കേസാണ് സോളാറെന്നും അദ്ദേഹം പറഞ്ഞു.
വാളയാര്‍ കേസ് എത്രയോ സമര്‍ദ്ദത്തിന് ശേഷമാണ് അന്വേഷിച്ചതെന്ന ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ഏതെല്ലാം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചോദിച്ച ചെന്നിത്തല ഇരകള്‍ നേരിട്ട് വരെ അന്വേഷണം ആവശ്യപ്പെട്ടിട്ടും അതൊന്നു സിബിഐയ്ക്ക് വിട്ടില്ലല്ലോ എന്നും പരിഹസിച്ചു. സിബിഐയോട് ഇതുവരെ ഇല്ലാത്ത പ്രേമം സര്‍ക്കാരിന് ഇപ്പോള്‍ എവിടെ നിന്ന് വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, ഹൈബി ഈഡന് എന്നിവര്‍ക്കെതിരെ ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തുത്. പിന്നാലെ എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും കേസെടുത്തു. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസും അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും ഔദ്യോഗികവസതികളിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രധാന നേതാക്കള്‍ക്കെതിരെയുള്ള സിബിഐ അന്വേഷണം യുഡിഎഫിന് വന്‍തിരിച്ചടിയാകും. സംസ്ഥാനത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അദ്ധ്യക്ഷനാണ് ഉമ്മന്‍ചാണ്ടി. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍.