ടാറ്റ ഗ്രൂപ്പ് ചെയര്മാന് സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയത് നിയമവിരുദ്ധമെന്ന് സൈറസ് മിസ്ത്രി
ന്യൂഡല്‍ഹി: തന്നെ ചെയര്മാന് സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള തീരുമാനത്തെ ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രി ബോര്‍ഡ് യോഗത്തില്‍ ശക്തമായി എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ പുറത്താക്കുന്നത് നിയമവിരുദ്ധമാണെന്ന് മിസ്ത്രി തിങ്കളാഴ്ച നടന്ന ബോര്‍ഡ് യോഗത്തില്‍ പറഞ്ഞതായി ബോര്‍ഡംഗങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
അപ്രതീക്ഷിതമായാണ് സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പ് ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നത്. ലാഭകരമല്ലാത്ത ബിസിനസുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാതെ നിര്‍ത്തലാക്കാനുള്ളത് ഉള്‍പ്പെടെയുള്ള മിസ്ത്രിയുടെ നടപടികളോട് ടാറ്റ സണ്‍സിനുള്ള അതൃപ്തിയാണ് കടുത്ത നടപടികളിലേക്ക് ബോര്‍ഡിനെ കൊണ്ടെത്തിച്ചതെന്നാണ് വിവരം. മിസ്ത്രിക്ക് പകരം ഇടക്കാല ചെയര്‍മാനായി ബോര്‍ഡ് രത്തന്‍ ടാറ്റയെ നിയമിച്ചിട്ടുണ്ട്.
മിസ്ത്രിയെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക എന്നത് തിങ്കളാഴ്ചത്തെ ബോര്‍ഡ് മീറ്റിങ്ങിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് പറയുന്നു. അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ‘മറ്റു കാര്യങ്ങള്‍’ ചര്‍ച്ച ചെയ്യാനുള്ള വേളയിലാണ് മിസ്ത്രിയെ പുറത്താക്കുന്ന വിഷയം ബോര്‍ഡിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. വിഷയം ബോര്‍ഡിനു മുന്നില്‍ എത്തിയ ഉടനെ മിസ്ത്രി എതിര്‍ക്കുകയും ചെയ്തു.
ടാറ്റ റൂള്‍ ബുക്ക് പ്രകാരം ഇത്തരം വിഷയങ്ങള്‍ ബോര്‍ഡ് ചര്‍ച്ചയ്ക്കെടുക്കാന്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ചൂണ്ടിക്കാണിച്ചാണ് മിസ്ത്രി എതിര്‍പ്പുന്നയിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ബോര്‍ഡ് ഇതിന് മറുപടി നല്‍കിയത്. നിയമോപദേശം കാണണമെന്ന് മിസ്ത്രി ആവശ്യപ്പെട്ടപ്പോള്‍ ‘ഇത് കോടതിയല്ലെ’ന്നായിരുന്നു പ്രതികരണം.
തുടര്‍ന്ന് ഒമ്പതംഗ ബോര്‍ഡില്‍ വിഷയം വോട്ടിനിട്ടു. ആറു പേര് സൈറസ് മിസ്ത്രിയെ പുറത്താക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ രണ്ടു പേര് ഇതിനെ എതിര്‍ത്തു. ബോര്‍ഡംഗം കൂടിയായ മിസ്ത്രി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കപ്പെട്ടെങ്കിലും മിസ്ത്രി ഇപ്പോഴും ബോര്‍ഡംഗവും കമ്പനി ഡയറക്ടറുമാണ്.
അതേസമയം, തന്നെ പുറത്താക്കിയ തീരുമാനത്തിനെതിരെ മിസ്ത്രി ബോംബെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.