‘സംസ്ഥാന മന്ത്രി കേന്ദ്രമന്ത്രിക്ക് താവളം ഒരുക്കി കൊടുത്തു; വേട്ട പട്ടിക്ക് ഇരയെ ഇട്ടുകൊടുക്കുന്നത് പോലെ’; പീഡനകേസ് സിബിഐക്ക് വിട്ടതില്‍ സോളാര്‍ സംരംഭക
സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടതില്‍ പ്രതികരണവുമായി പരാതിക്കാരിയായ സോളാര്‍ സംരംഭക. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയതില്‍ രാഷ്ട്രീയമില്ലെന്നും താന്‍ ആരുടെയും കളി പാവയാവാന്‍ ഉദേശിക്കുന്നില്ലെന്നും പരാതിക്കാരി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഒരു സംസ്ഥാന മന്ത്രി ഒരു കേന്ദ്രമന്ത്രിക്ക് താവളം ഒരുക്കി കൊടുത്തു. അതും സ്വന്തം ഔദ്യോഗികവസന്തി. ഒരു വേട്ട പട്ടിക്ക് ഇരയെ ഇട്ടുകൊടുക്കുന്നത് പോലെയായിരുന്നു അത്. അതില്‍ അയാള്‍ക്ക് രാഷ്ട്രീയമായ എന്തെങ്കിലും നേട്ടം ഉണ്ടായിരിക്കാമെന്നും പരാതിക്കാരി പറഞ്ഞു.
പരാതിക്കാരിയുടെ വാക്കുകള്‍: ഞാന്‍ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് കേസ് കഴിഞ്ഞ അഞ്ചു വര്‍ഷമായി അന്വേഷിക്കുന്നുണ്ട്. കേസ് അന്വേഷണത്തിന് സംസ്ഥാന പൊലീസിന് പരിമിതിയുണ്ട്. പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ 60 ശതമാനം കേരളത്തിലും 40 ശതമാനം സംസ്ഥാനത്തിന് പുറത്തുമാണ് നടന്നത്. അത് മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. അപേക്ഷ പരിഗണിച്ചതിലും സിബിഐ അന്വേഷണത്തിന് ഉത്തരവ് വന്നതിലും സര്‍ക്കാരിന് നന്ദിയുണ്ട്.”
”കത്ത് നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയമെന്ന് പറയാന്‍ സാധിക്കില്ല. ഒരു ഗൂഢാലോചനയും കത്തിന് പിന്നില്‍ ഇല്ല. കത്തിനെക്കുറിച്ച് ആരോടും സംസാരിച്ചിട്ടില്ല. ഏഴു വര്‍ഷമായി ഇതിന് പിന്നാലെ നടക്കുന്ന ഒരു സ്ത്രീയാണ് ഞാന്‍. മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ഞാന്‍ ആരുടെയും കൈയിലെ കളി പാവയല്ല. ആരുടെയും കളി പാവയാവാന്‍ ഉദേശിക്കുന്നുമില്ല. മടുത്ത് എനിക്ക്. എന്നെ ആ വഴിക്ക് വിട്ടേക്ക്.”
”ഞാന്‍ തുടങ്ങാന്‍ ഉദേശിച്ച വ്യവസായം നശിച്ചു. എന്നെ തട്ടിപ്പുകാരിയായും മോശക്കാരിയായും ചിത്രീകരിച്ചു. ദയവ് ചെയ്ത് കേസ് നിസാരവത്കരിക്കരുത്. എന്നെ ആരും സഹായിക്കേണ്ട. ഇതില്‍ രാഷ്ട്രീയമില്ല. യാതൊരു രാഷ്ട്രീയും ഇല്ലാത്തെ കേന്ദ്ര ഏജന്‍സി അനേഷിക്കട്ടെ. സിബിഐ സ്വതന്ത്രഏജന്സിയാണെന്നാണ് പഠിച്ചത്. സംസ്ഥാന പൊലീസിന്റെ പരിമിതിയാണ് അറിഞ്ഞത്. അവരുടെ മികവിനെ ചോദ്യം ചെയ്തിട്ടില്ല. അവര്‍ ഈ കേസിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട.് കേസില്‍ പലരും കുറ്റക്കാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുണ്ട്.”
”ഒരു സംസ്ഥാന മന്ത്രി ഒരു കേന്ദ്രമന്ത്രിക്ക് താവളം ഒരുക്കി കൊടുത്തു. സ്വന്തം ഔദ്യോഗികവസന്തി. അതിന് അവിടെയുള്ള സ്റ്റാഫിനെ മാറ്റി ഇടമുണ്ടാക്കി കൊടുത്തു. ഒരു വേട്ട പട്ടിക്ക് ഇരയെ ഇട്ടുകൊടുക്കുന്നത് പോലെ. അതില്‍ അയാള്‍ക്ക് എന്തെങ്കിലും നേട്ടം ഉണ്ടായിരിക്കാം. കാരണം കേന്ദ്രമന്ത്രി സമുന്നതനായ നേതാവാണ്. മന്ത്രിയെ രാഷ്ട്രീയമായി ഉയര്‍ത്തി കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിക്ക് സാധിക്കുമായിരുന്നു. ഇനിയൊരു സ്ത്രീയെയും ഇങ്ങനെ ദുരുപയോഗം ചെയ്യരുത്. ഇതാണ് കേന്ദ്രഏജന്‍സി അന്വേഷിക്കട്ടേ എന്ന് തീരുമാനിച്ചത്.”
”കേസുമായി ബന്ധപ്പെട്ട് എന്തു ചെയ്താലും രാഷ്ട്രീയപ്രേരിതമെന്ന് പറയും. ഇപ്പോള്‍ അറസ്റ്റ് ചെയ്താല്‍ പറയും പിണറായി പൊലീസാണ് അറസ്റ്റ് ചെയ്തതെന്ന്. അപ്പോള്‍ പറയും എല്‍ഡിഎഫിന്റെ ടൂള്‍ ആണ് ഞാനെന്ന്. അപ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ല. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സഹായം എനിക്ക് ആവശ്യമില്ല. ഞാനൊരു സാധാരണ സ്ത്രീയാണ്. പാര്‍ട്ടി പ്രവര്‍ത്തകയല്ല. അപ്പോള്‍ രാഷ്ട്രീയമില്ലാത്ത ഒരു ഏജന്‍സി അന്വേഷിക്കട്ടെയെന്ന് തീരുമാനിച്ചു.”
”കേസിലെ പ്രതികളെ എല്ലാം ഞാനിപ്പോള്‍ വ്യക്തികളായാണ് കാണുന്നത്. അവരുടെ രാഷ്ട്രീയമോ, സ്ഥാനങ്ങളോ ഞാന്‍ വിഷയമാക്കുന്നില്ല. അവരുടെ ഇമേജും ഞാന്‍ നോക്കുന്നില്ല. കാര്യം ഒരു വ്യക്തി മറ്റൊരു വ്യക്തിയെ ചൂഷണം ചെയ്തു. പിന്നെ അവരുടെ സുഹൃത്തുക്കളും അവരുടെ അജന്ണ്ടകള് നടപ്പാക്കാന്‍ കൂട്ടുനിന്നു. ഈ ലോകത്ത് എവിടെയെങ്കിലും കേട്ടുകേള്‍വിയുള്ളതാണോ, ഒരു സംസ്ഥാനമന്ത്രി ഒരു കേന്ദ്രമന്ത്രിക്ക് റേപ്പ് ചെയ്യാന്‍ അവസരമൊരുക്കി കൊടുത്തെന്ന്. അത് ഈ നാണംകെട്ട നാട്ടില്‍ മാത്രമേ നടന്നിട്ടുള്ളൂ. അതു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്. അപ്പം അത്ര അധപതിച്ചയാള്ക്കാരെ വ്യക്തികളായേ എനിക്ക് കാണാന്‍ സാധിക്കൂ. ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ എത്രയെ നല്ല ആള്‍ക്കാരുണ്ട്. എനിക്കെതിരെ എന്ത് വന്നു. അതില്‍ ഏഴു വര്‍ഷമായി ഞാന്‍ ഉറച്ചുനില്‍ക്കുന്നു. അതില്‍ നിന്ന് പിന്മാറാന് ഞാന്‍ തയ്യാറല്ല. അതൊരു കുറ്റമാണെങ്കില്‍ എന്നെ കൊല്ലട്ടേ.”
”കേസിലെ ഇന്റര്‍ലിങ്ക് എന്ന് പറയുന്നതിന് ഒരു ഉദാഹരണം പറയാം. ഒരു സ്ത്രീയെ ഒരാള്‍ ചൂഷണം ചെയ്തെന്ന് കരുതുക. ചൂഷണം നടന്നുകഴിഞ്ഞാല്‍ അയാളുടെ അടുത്ത സുഹൃത്തിലേക്ക് നമ്പര്‍ പോയിരിക്കും. ഈ ഗ്യാംഗില്‍ ഉള്‍പ്പെട്ട വ്യക്തിയുടെ കൈയിലേക്കായിരിക്കും നമ്പര്‍ പോവുക. പിന്നെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അറിയാതെ ഒരു മിസ് കോള്‍ വരുന്നു. അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് സംസാരിക്കുന്നു. ഇന്നയാള് പറഞ്ഞു, കണ്ടു, എന്താണ് നിങ്ങളുടെ പ്രേജക്ട് എന്ന് ചോദിക്കുന്നു. മറ്റേയാള്‍ ചെയ്ത ദുരന്തം നമ്മുടെ മനസിലുണ്ടെങ്കില്‍ പോലും, ഇദ്ദേഹവും ചെന്നായയാണെന്ന് മനസിലാക്കമെന്ന് ഇല്ല. പിന്നെ നമ്പര്‍ കൈമാറ്റം ചെയ്തുപോകും. ഇവരുടേത് ഒരു ഗ്യാംഗാണ്. ഇവരുടെ ഇടയില്‍ ഒരു വിളിപേരുണ്ടാകും. അങ്ങനെയാരു സിസ്റ്റത്തിലേക്ക് കൊണ്ടുപോകും. പല സ്ത്രീകളും ഇതിനുള്ളില്‍ ഇരയാണ്. പക്ഷെ പലരും മൗനം പാലിക്കുന്നു. അല്ലെങ്കില്‍ അവര്‍ക്ക് പല നേട്ടങ്ങള്‍ ഉണ്ടായിക്കാണാം. എനിക്ക് നേട്ടം വേണ്ട. ഇനി ഇങ്ങനൊയൊരു സ്ത്രീയുണ്ടാകാന്‍ പാടില്ലെന്ന് മാത്രമാണ്.”