നാസ് വക്കത്തിനും ജോണ്സണ് കീപ്പള്ളിലിനും നവയുഗം സഫിയ അജിത്ത് സ്മാരക അവാര്‍ഡുകള്‍ സമ്മാനിച്ചു
ദമ്മാം: നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ ഓര്‍മ്മയ്ക്കായി, നവയുഗം സാംസ്കാരികവേദി കോബാര്‍ മേഖല കമ്മിറ്റി ഏര്‍പ്പെടുത്തിയ സഫിയ അജിത്ത് സ്മാരക അവാര്‍ഡുകള്‍ സമ്മാനിച്ചു.
ദമ്മാം ക്രിസ്റ്റല്‍ ഹാളില്‍ നടന്ന ‘സര്‍ഗ്ഗപ്രവാസം 2016’ ന്റെ വേദിയില്‍ വെച്ച്, മുന്‍മന്ത്രിയും സി.പി.ഐ ദേശീയ നിര്‍വാഹകസമിതി അംഗവുമായ കെ. ഇ. ഇസ്മായിലിന്റെ കൈയ്യില്‍ നിന്നും, സാമൂഹിക , ജീവകാരുണ്യവിഭാഗത്തില്‍ ശ്രീ. നാസ് വക്കവും, സാംസ്കാരിക, വിദ്യാഭ്യാസ വിഭാഗത്തില്‍ ശ്രീ. ജോണ്സണ് കീപ്പള്ളിലും അവാര്‍ഡ് ഏറ്റുവാങ്ങി.
ജീവകാരുണ്യരംഗത്ത് ഏറെക്കാലം കൂടെ പ്രവര്‍ത്തിച്ച, സഫിയ അജിത്തിന്റെ പേരിലുള്ള ഈ അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍, അതൊരു സ്നേഹം നിറഞ്ഞ കടംവീട്ടലായി കരുതുന്നതായി നാസ് വക്കം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വിലമതിയ്ക്കുന്ന ഒരു ബഹുമതിയായി ഈ അവാര്‍ഡിനെ കാണുന്നതായി ശ്രീ. ജോണ്സന് കീപ്പള്ളില്‍ പറഞ്ഞു.
നവയുഗം ദമാം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍, നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി രക്ഷാധികാരി ടി.സി.ഷാജി, സഫിയ അജിത് അനുസ്മരണ പ്രഭാഷണം നടത്തി. നവയുഗം കോബാര്‍ മേഖല കമ്മിറ്റി പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍, അവാര്‍ഡ് വിജയികളെ സദസ്സിന് പരിചയപ്പെടുത്തി. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍ അനുമോദനപ്രഭാഷണം നടത്തി. ദമാം ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്ക്കൂള് പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷാഫി, ദമാം വനിതാ അഭയകേന്ദ്രം മേധാവി അബ്ദുള്‍ലത്തീഫ് സാലേ അല്‍നുഐം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
2015 ജനുവരി 26ന് ക്യാന്‍സര്‍ രോഗബാധിതയായി മരണമടഞ്ഞ സഫിയ അജിത്തിന്റെ ഓര്‍മ്മയ്ക്കായി, സൗദി അറേബ്യയിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യരംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്കിയ വ്യക്തിത്വങ്ങള്‍ക്ക്, കഴിഞ്ഞ വര്‍ഷം മുതലാണ് നവയുഗം കോബാര്‍ മേഖല കമ്മിറ്റി സഫിയ അജിത്ത് സ്മാരക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.
അവാര്‍ഡ്ദാന ചടങ്ങിന് നവയുഗം നേതാക്കളായ ഷാജി മതിലകം, റെജി സാമുവല്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, മഞ്ജു മണിക്കുട്ടന്, ഷാന്‍ പേഴുമൂട്, ഗോപകുമാര്‍, മണിക്കുട്ടന്, രാജീവ് ചവറ, ബിജു വര്‍ക്കി, ബിനു കുഞ്ഞ്, റഹീം അലനല്ലൂര്‍, ബിജു നല്ലില, തോമസ് സക്കറിയ, കുഞ്ഞുമോന് കുഞ്ഞച്ചന്, അഷറഫ് തലശ്ശേരി, സന്തോഷ് ചങ്ങോലിക്കല്‍, രചിന് ചന്ദ്രന്, ഉണ്ണികൃഷ്ണന്, സാദിക്ക്, സഹിര്ഷ, റിയാസ്, പ്രഭാകരന്, ജയന്, അനില്‍, മിനി ഷാജി, പ്രതിഭ പ്രിജി എന്നിവര്‍ നേതൃത്വം നല്കി.