’89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞു’; വനിത കമ്മീഷന് അധ്യക്ഷ വൃദ്ധയുടെ ബന്ധുവിനോട് പറഞ്ഞത്
കേസുമായി ബന്ധപ്പെട്ട് വനിത കമ്മിഷന് അധ്യക്ഷയെ വിളിച്ച പരാതിക്കാരിയായ 89 വയസ്സുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചെന്ന് പരാതി. കഴിഞ്ഞ വര്‍ഷം മദ്യലഹരിയിലായുരുന്ന അയല്‍വാസി തന്നെ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിക്കുട്ടിയമ്മ നല്കിയ കേസിലെ വിചാരണ മറ്റൊരിടത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ടുകൊണ്ട് വിളിച്ചപ്പോഴാണ് ഇവര്‍ വൃദ്ധയോട് അപമര്യാദയോടെ പെരുമാറിയത്. 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞുവെന്ന് എംസി ജോസഫൈന് ചോദിച്ചുവെന്ന് വൃദ്ധയുടെ ബന്ധു ആരോപിച്ചു.
പൊലീസില്‍ പറയേണ്ട കേസ് നിങ്ങള്‍ എന്തിനാണ് വനിത കമ്മീഷനോട് പറയുന്നതെന്നാണ് എംസി ജോസഫൈന് ഇവരോട് ചോദിച്ചത്. ഇത്തരത്തിലുള്ള പരാതികൊടുക്കുന്നത് തെറ്റാണ് എന്ന രീതിയിലാണ് വനിത കമ്മീഷന് അധ്യക്ഷ തങ്ങളോട് സംസാരിച്ചതെന്ന് ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധുക്കള്‍ പറഞ്ഞു. മാത്രമല്ല വിചാരണ തിയതി മാറ്റി തരാന്‍ നിര്‍വാഹമില്ലെന്നും അതൊന്നും ഇവിടെ പറയേണ്ട കാര്യമല്ലെന്നും ജോസഫൈന് പറഞ്ഞുവെന്നും കുടുംബം വ്യക്തമാക്കി.
വൃദ്ധയുടെ ബന്ധുവുമായി നടത്തിയ ഫോണ്‍ സംഭാഷണം
വനിത കമ്മീഷന് അധ്യക്ഷ: ആരാണ് പരാതിക്കാരി
പരാതിക്കാരിയുടെ ബന്ധു: എന്റെ വല്ല്യമ്മയാണ് പരാതിക്കാരി, ലക്ഷമിക്കുട്ടിയെന്നാണ് പേര്, 89 വയസ്സുണ്ട്.
വനിത കമ്മീഷന് അധ്യക്ഷ: അപ്പോ പിന്നെ എന്തിനാ പരാതി കൊടുത്തത്, അത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ മതിയായിരുന്നല്ലോ ?89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനില്‍ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ആരു പറഞ്ഞു ഇതിലൊക്കെ ആരെയെങ്കിലും ബന്ധപ്പെടുത്തേടേഡോ…
പരാതിക്കാരിയുടെ ബന്ധു: അപ്പോള്‍ ഇതു വനിതാ കമ്മീഷനില്‍ അല്ലേ പരാതി കൊടുക്കേണ്ടത്
വനിത കമ്മീഷന് അധ്യക്ഷ: 89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനില്‍ എത്തിക്ക്, വനിതാ കമ്മീഷനില്‍ പരാതി കൊടുത്താല്‍ വിളിപ്പിക്കും, അപ്പോള്‍ എത്തണം. സുഖമില്ലാത്ത ഇത്രയും വയസ്സുള്ള അമ്മയെ കൊണ്ടു പരാതി കൊടുത്താല്‍ ആളെ ശിക്ഷിക്കാന്‍ പറ്റോ ഇല്ലലോ, കമ്മീഷന് രണ്ടു കൂട്ടരേയും വിളിപ്പിക്കും, കാര്യങ്ങള്‍ ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മയ്ക്ക് വനിതാ കമ്മീഷന് ഓഫീസില്‍ വിളിപ്പിച്ചാല്‍ വരാന്‍ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കട്ടെ
പരാതിക്കാരിയുടെ ബന്ധു: തിരുവല്ലയായിരുന്നേല്‍ വരാമായിരുന്നു, ഇതിപ്പോ അടൂരല്ലേ ഒരുപാട് ദൂരമുണ്ട്
വനിത കമ്മീഷന് അധ്യക്ഷ: അതൊക്കെ നിങ്ങള്‍ തീരുമാനിച്ചോ, വരണോ വേണ്ടയോ എന്നൊക്കെ