മസൂദ് അസ്ഹറിന്റേതുള്പ്പടെ 5,100 തീവ്രവാദികളുടെ അക്കൗണ്ടുകള്‍ പാകിസ്താന് മരവിപ്പിച്ചു
ഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ 5,100 തീവ്രവാദികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പാകിസ്താന് അധികൃതര്‍ മരവിപ്പിച്ചു. 400 മില്യന്‍ രൂപയ്ക്ക് മുകളിലാണ് ഇവരുടെ സമ്പാദ്യം.
ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ആക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്താന് അധികൃതര്‍ അറിയിച്ചു. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആയിരക്കണക്കിന് പേരുടെ പട്ടികയാണ് മന്ത്രാലയം ബാങ്കിന് അയച്ചുകൊടുത്തത്. ഇതില്‍ നിരോധിത സംഘടനകളുടെ പ്രധാന കണ്ണികളും ഉള്‍പ്പെടും.
ബാങ്ക് മരവിപ്പിച്ച 1200 ഓളം തീവ്രവാദികളെ ‘എ’ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകട സാധ്യത കൂടിയ ഭീകരന്മാരെ ഉള്‍പ്പെടുത്തുന്ന വിഭാഗമാണിത്. അസ്ഹറിനെ ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ 3,078 പേരും ഖൈബര്‍ പക്വിന്ത്വാ, ഫാത്താ എന്നിവിടങ്ങളില്‍ നിന്നും ഉള്ളവരാണ്.
പഞ്ചാബ്, സിന്ധ്, ഗില്‍ജിത്ത്, ബാലിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും പാക് അധീന കശ്മീരില്‍ നിന്നും തീവ്രവാദികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഭീകരാക്രമണത്തിനു പിന്നാലെ അസ്ഹറിനെ യുഎന്‍ പട്ടികയിലുള്ള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ജമാത്ത് നേതാക്കള്‍, അല്‍ഖൊയിദ, തെഹ്രികെ താലിബാന്, ലഷ്കര്‍ ഇ ജഹന്വി തുടങ്ങിയ ഭീകരസംഘടനകളുടെ നേതാക്കളുടെ അക്കൗണ്ടുകളാണ് പ്രധാനമായും മരവിപ്പിച്ചിട്ടുള്ളത്.